night news 5

അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു.

കണ്ണൂരിലെ മലബാര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള കോളജിന് അഫിലിയേഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കോടതി ഉത്തരവു നടപ്പാക്കാത്തതിന് ട്രസ്റ്റ് മാനേജുമെന്റ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്.

സംസ്ഥാന സര്‍ക്കാരിനു ക്രമസമാധാന പാലനത്തില്‍ ഒരു ശ്രദ്ധയുമില്ലെന്നും സര്‍വകലാശാലകളില്‍ ബന്ധു നിയമനവും സ്വജനപക്ഷപാതവും നടപ്പാക്കാനാണു ശ്രദ്ധയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഴിഞ്ഞത്തു പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.

വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ദേശാഭിമാനി പ്രചരിപ്പിച്ച ഒമ്പതു പേരുടെ ചിത്രത്തില്‍ ഒരാള്‍ മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  മന്ത്രിയുടെ സഹോദരന്‍ തീവ്രവാദി ആണോയെന്നു മന്ത്രിതന്നെ പറയട്ടെ. മുഖ്യമന്ത്രി സമരസമിതിയുമായി സംസാരിച്ചാല്‍ ഒരു മണിക്കൂറിനകം സമരം തീരും. സര്‍ക്കാര്‍ സമരക്കാരെ മനപ്പൂര്‍വം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കള്ളത്തരങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നും സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ല. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം സമരത്തില്‍ തങ്ങള്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കേരളത്തില്‍ ബ്രാഞ്ചുള്ള എന്‍ഐഎ പ്രാഥമിക വിവരങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. വിഴിഞ്ഞത്തു ക്രമസമാധാന പ്രശ്‌നമാണുള്ളത്. ക്രമസമാധാന വിഷയങ്ങളില്‍ എന്‍ഐഎ ഇടപെടാറില്ല. കേരള പൊലീസുമായി യോഗം ചേര്‍ന്നിട്ടില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. വിഴിഞ്ഞം സംഭവത്തെ തീവ്രവാദിവത്കരിച്ച് എന്‍ഐഎ അന്വേഷണമെന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരിക്കായണ് ഈ വിശദീകരണം.

വിഴിഞ്ഞത്തെ അക്രമ സംഭവവികാസങ്ങളില്‍ വൈദികര്‍ക്കും പങ്കെന്ന് പൊലീസ്. പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം. പൊലീസ് സ്റ്റേഷന്‍ ആക്രമണമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ വൈദികര്‍ എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ എത്തി. വൈദികരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞെന്നും പൊലീസ് കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രതികളായ കേസുകളില്‍ ഉചിതമായ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കൊടകര കുഴല്‍പ്പണ കേസുകളില്‍ അടക്കം സര്‍ക്കാര്‍ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ പരാതിയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 നു ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയത്. അതേസമയം തന്റെ ഓഫീസില്‍ ലഭിക്കുന്ന എല്ലാ പരാതികളും  സര്‍ക്കാറിനു കൈമാറാറുണ്ടെന്നും കേസു പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.

കൊടകര കള്ളപ്പണക്കേസില്‍ അടക്കം ബിജെപി നേതാക്കളെ രക്ഷിക്കാന്‍ ഇടപെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഫേസ് ബുക്കിലൂടെയാണ് സനോജ് ഈ ആവശ്യം ഉന്നയിച്ചത്.

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഇടത് ഉദ്യോഗസ്ഥ സംഘടന 51 ദിവസം നടത്തിവന്ന സമരം അവസാനിപ്പിച്ചു. അപകീര്‍ത്തി കുറ്റത്തിനു സംഘടനാ ജനറല്‍ സെക്രട്ടറിയെ തരംതാഴ്ത്തിയ നടപടി റദ്ദാക്കാമെന്ന് കൃഷി, റവന്യൂ മന്ത്രിമാര്‍ ഉറപ്പുനല്‍കകിയെന്നാണു റിപ്പോര്‍ട്ട്. സ്ഥലം മാറ്റം പുനപ്പരിശോധിക്കുമെന്നും ഉറപ്പ് ലഭിച്ചത്രേ. ഓഫീസ് ഉപരോധിച്ചുള്ള സമരത്തെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയതോടെയാണ് സമരസമിതി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് കൃഷി മന്ത്രിയെ സമീപിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും രണ്ടര കോടി രൂപയല്ല, നാലു കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നു റിപ്പോര്‍ട്ട്. ബാങ്ക് മാനേജര്‍ തട്ടിയെടുത്ത പണത്തില്‍ രണ്ടര കോടി പഞ്ചാബ് നാഷണല്‍ ബാങ്ക് കോര്‍പറേഷന്റെ എക്കൗണ്ടിലേക്കു തിരിച്ചടച്ചു. മാനേജര്‍ എംപി റിജില്‍ ഒളിവിലാണ്. തട്ടിപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നാണ് വിവരം. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് നല്‍കിയ നിര്‍ദ്ദേശം പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍.

പത്തനംതിട്ട സീതത്തോടില്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ചെന്ന കേസില്‍ ഉള്‍പെട്ട സൈനികന്‍ സുജിത്തിനെ (33) പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഡ്യൂട്ടി സ്ഥലത്തു വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കേസില്‍ ജാമ്യമെടുക്കാതെയാണ് ജോലി സ്ഥലത്തേക്കു പോയിരുന്നത്.

ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ഈ വര്‍ഷം 137 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടി സ്വീകരിച്ചെന്ന് കോടതി സര്‍ക്കാരിനോടു ചോദിച്ചു.

പോലീസ് കൊണ്ടുവരുന്ന എല്ലാ കേസുകളിലും പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം വര്‍ഗീസ്. സമൂഹത്തോടാണ് പ്രതിബദ്ധത വേണ്ടത്. സുപ്രീം കോടതി ഇക്കാര്യം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കണം. പഴി കേള്‍ക്കേണ്ടിവരുമെന്ന ഭീതിയാണ് പലര്‍ക്കുമെന്നും ഹണി വര്‍ഗീസ് പറഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജഡ്ജി ഹണി എം വര്‍ഗീസ്.

വിഴിഞ്ഞം സമരസമിതി നേതാവ് ഫാ. തിയോഡഷ്യസ് നടത്തിയ തീവ്രവാദി പ്രയോഗം വര്‍ഗീയ പരാമര്‍ശമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബോധപൂര്‍വമുള്ള പരാമര്‍ശമാണെന്നും സംഘപരിവാറിന്റെ താത്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിച്ചെന്നും മന്ത്രി ആരോപിച്ചു. മാപ്പു പറയുന്നതില്‍ എന്തര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു.

ഒരു ദിവസത്തെ പരോളില്‍ പൊലീസ് സംരക്ഷണത്തോടെ വീട്ടിലെത്തിച്ച കൊലക്കേസ് പ്രതി രക്ഷപ്പെട്ടെങ്കിലും പിടികൂടി. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ബാധനാഴ്ചയാണു രക്ഷപ്പെട്ടത്. പൊന്മുടി വനമേഖലയില്‍ നിന്നാണ് വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ കണ്ടെത്തി.

ഗുണ്ടാ കുടിപ്പകമൂലം തിരുവനന്തപുരത്തെ കാപ്പാ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി. നിലമേല്‍ സ്വദേശി നിസാമുദ്ദീനെയാണ് കിളിമാനൂര്‍ ബസ് സ്റ്റാന്റിനരികില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. നിരവധി കേസുകളില്‍ പ്രതികളായ കര്‍ണല്‍ രാജിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

കോട്ടയം പനച്ചിക്കാട് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പനച്ചിക്കാട് സ്വദേശി സതി(80)യുടെ മരണത്തില്‍ മകന്‍ ബിജു (52) വാണ് അറസ്റ്റിലായത്. വീണു പരിക്കേറ്റെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച സതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. മൃതദേഹം ചിതയില്‍ വയ്ക്കുന്നതിനു തൊട്ടുമുമ്പ് പൊലീസ് ഇടപെട്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതോടെയാണ് മര്‍ദിച്ചിരുന്നെന്ന വിവരം മനസിലാക്കാനായത്.

ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപിക. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒക്കാണു പരാതി നല്‍കിയത്. പ്രധാനാധ്യാപിക റംലത്തിനെതിരേയാണു പരാതി. ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപികയാണ് സരിത രവീന്ദ്രനാഥ്.

‘ഹിഗ്വിറ്റ’ എന്ന പേരില്‍ സിനിമ പുറത്തിറക്കുന്നത് അനീതിയാണെന്ന് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍. എന്‍.എസ് മാധവന്റെ കഥയിലൂടെയാണ് ഹിഗ്വിറ്റ എന്ന വാക്ക് മലയാളികള്‍ അറിയുന്നത്. ആ പേരില്‍ മറ്റൊരു കഥ പറയുന്ന സിനിമ ഇറക്കുന്നത് അനീതിയാണെന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞു. സുരാജ് വെഞ്ഞാറമൂട് നാായകനാകുന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും ഹേമന്ത് ജി. നായരാണു നിര്‍വഹിക്കുന്നത്.

പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവില്‍ അയ്യപ്പന്‍ വിളക്കിനിടെ ആന ഇടഞ്ഞു. കുളക്കാടന്‍ മഹാദേവന്‍ എന്ന ആന ഒന്നരമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. ക്ഷേത്രം മേല്‍ശാന്തിയുടെ കാര്‍ മറിച്ചിട്ടു.

കോണ്‍ഗ്രസുകാര്‍ തന്നെ ചീത്ത വിളിക്കാന്‍ മത്സരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഒരു കുടുംബ’ത്തെ സുഖിപ്പിക്കാനാണ് നേതാക്കള്‍ ചീത്ത വിളിക്കുന്നത്. ആ കുടുംബത്തിലാണ് അവര്‍ക്ക് വിശ്വാസമെന്നും ജനാധിപത്യത്തിലല്ലെന്നും മോദി പരിഹസിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പു റാലിയില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ‘രാവണന്‍’ എന്നു വിശേഷിപ്പിച്ചതിനാണ് ഇങ്ങനെ പ്രതികരിച്ചത്.

രണ്ടു കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയിലായി. രാജസ്ഥാനിലാണ് സംഭവം. ബൈക്കില്‍ ബന്ധുവായ രാജുവിനൊപ്പം ക്ഷേത്രദര്‍ശനത്തിനു പോയ ഭാര്യ ഷാലുവിനെ കാറിടിപ്പിച്ചു കൊന്ന കേസില്‍ മഹേഷ് ചന്ദാണ് പിടിയിലായത്. ഭാര്യ ഷാലു മാത്രമല്ല, ബന്ധു രാജുവും കൊല്ലപ്പെട്ടിരുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് ഭരണകൂടം നടപ്പാക്കിയ സീറോ കൊവിഡ് ലോക് ഡൗണ്‍ നയത്തില്‍ അയവുവരുത്തി. ലോക്ക്ഡൗണിനെതിരെ ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്.

മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ഇല്ലാത്ത ഫുട്‌ബോള്‍ ആരാധകര്‍ക്കും ഖത്തറിലേക്കു പ്രവേശനാനുമതി. പക്ഷേ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും നിര്‍ബന്ധമാണ്. 500 റിലായാണ് ഇതിനുള്ള ഫീസ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *