കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുത്ത പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്ന് ഹൈക്കോടതി. യുജിസി മാനദണ്ഡമനുസരിച്ചുള്ള അധ്യാപക പരിചയം ഇല്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വര്‍ഗീസ്.
ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകേണ്ടതുണ്ടോയെന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി തീരുമാനിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നിയമനകാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി ബിന്ദു അവകാശപ്പെട്ടു. പിഎച്ച്ഡി കാലം അധ്യാപന പ്രവര്‍ത്തി പരിചയമായി കണക്കാക്കാമോയെന്നു വിസിക്ക് എജിയോട് നിയമപദേശം തേടാമായിരുന്നുവെന്ന കോടതിയുടെ പരാമര്‍ശം ഏതുതരത്തിലും വ്യാഖ്യാനിക്കാമെന്നും മന്ത്രി പറഞ്ഞു. കോടതി വിധി മാനിക്കുന്നു, തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രിയ വര്‍ഗീസ് പറഞ്ഞു.
കോടതിയെ കക്ഷികള്‍ ശത്രുവായി കാണരുതെന്ന് ഹൈക്കോടതി. വിസ്താരനത്തിനും വാദത്തിനും ഇടയില്‍ കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കി പ്രചരിപ്പിക്കുന്നതു തെറ്റാണ്. എന്‍എസ്എസിന്റെ പേരില്‍ കുഴിവെട്ട് എന്ന പരാമര്‍ശം താന്‍ നടത്തിയതായി ഓര്‍ക്കുന്നില്ല. കോടതിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയ വര്‍ഗീസിന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്‍എസ്എസിനോട് ബഹുമാനക്കുറവില്ലെന്നും പറഞ്ഞു.
കോടതിയോട് ആദരവേയുള്ളൂ, മാധ്യമ റിപ്പോര്‍ട്ടുകളോടാണു പ്രതികരിച്ചതെന്ന് പ്രിയ വര്‍ഗീസ്. നിയമന കേസില്‍ ഹൈകോടതി വിധി പറയുന്നതിനു മുമ്പേ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനത്തട്ടിപ്പു കത്തുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം ഇന്നലെയും സംഘര്‍ഷത്തില്‍ കലാശിച്ചു. കോര്‍പറേഷന്‍ ഓഫീസ് പരിസരം യുദ്ധക്കളംപോലെയായി. നഗരസഭയിലേക്ക് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടെ കല്ലേറുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജു നടത്തി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരിക്കുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയതുമൂലം സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് 37,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എംബി രാജേഷ്. മൂന്നാറില്‍ നടന്ന പഞ്ചായത്ത് പദ്ധതി അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മെഡിക്കല്‍ കോളജ് വനിത ഹോസ്റ്റലില്‍ രാത്രി പത്തിനു മുമ്പ് പെണ്‍കുട്ടികള്‍ തിരിച്ചെത്തണമെന്ന വിവേചനം ശരിയല്ലെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പെണ്‍കുട്ടികള്‍ രാത്രി പത്തിനു മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനെതിരെ ഇന്നലെ രാത്രി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. രാത്രി ഡ്യൂട്ടിയുളളവര്‍ക്ക് സമയക്രമം പാലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണു വിദ്യാര്‍ത്ഥിനികളുടെ പരാതി.
ചേര്‍ത്തല – വാളയാര്‍ ദേശീയപാതയില്‍ ലയിന്‍ ട്രാഫിക് സംവിധാനം നടപ്പാക്കുന്നു. ഇതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. ലെയ്ന്‍ ട്രാഫിക് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചേര്‍ന്ന നിയമസഭയുടെ പെറ്റീഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞുള്ള ഹൈക്കോടതി വിധി സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് സിപിഎം നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നും സുധാകരന്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റികളിലും സര്‍ക്കാരിലും നിയമം ലംഘിച്ച് നേതാക്കളുടെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും തിരുകികയറ്റുന്നതിന് എതിരായ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നാണമില്ലേയെന്നു ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും കുറ്റപ്പെടുത്തി.
പ്രിയ വര്‍ഗീസിനെതിരേയ ഹൈക്കോടതിവിധിയോടെ സംസ്ഥാന സര്‍ക്കാര്‍ നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ബാധകമാവും. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരമാണിതെന്നും സുരേന്ദ്രന്‍.
ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാര്‍ക്കുള്ള മെസ് ഫീസ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനായി രണ്ടു കോടി 87 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. പൊലിസുകാരില്‍നിന്ന് തുക ഈടാക്കി മെസ് നടത്താനായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ മുന്‍ ഉത്തരവ്.
ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്ര സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.
ഭാര്യയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയ യുവാവിന്റൈ നെഞ്ചില്‍ കുത്തിയ യുവാവ് പിടിയില്‍. തെക്കന്‍ മാലിപ്പുറം സ്വദേശി ഐനിപറമ്പില്‍ റൈജോ (32) ആണ് പിടിയിലായത്. കുത്തേറ്റ യുവാവ് അപകട ഘട്ടം തരണം ചെയ്‌തെന്നു പോലീസ്.
കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത പണം പോലീസ് അപഹരിച്ച കേസില്‍ അന്നത്തെ പ്രൊബേഷന്‍ എസ്‌ഐയെ മാത്രം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 2009 ല്‍ പേരൂര്‍ക്കട സ്റ്റേഷനിലെ സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഇവരെ കേസില്‍നിന്ന് ഒഴിവാക്കി. പേരൂര്‍ക്കട സ്വദേശി രാമസ്വാമിയുടെ വീട്ടിലാണ് റെയ്ഡ് നടത്തി പണം അപഹരിച്ചത്.
ആറ്റിങ്ങല്‍ കിഴുവിലം ഗ്രാമപഞ്ചായത്തില്‍ 88 തെരുവുനായകളെ കൊന്നെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. 2017 ല്‍ ആറ്റിങ്ങല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ള ഒമ്പതു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
ഇരട്ട സ്‌ഫോടന കേസില്‍ ഒന്നാം പ്രതി തടിയന്റെവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതിയില്‍ ഹര്‍ജി. എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
താങ്ങിവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ 26 മുതല്‍ പ്രക്ഷോഭത്തിന്. അടുത്ത ഘട്ടം പ്രഖ്യാപിച്ചുകൊണ്ട് സമരനേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി. നവംബര്‍ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ ഏര്‍പ്പെടത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സിലിണ്ടറുകള്‍ അപഹരിക്കാതിരിക്കാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആര്‍ കോഡുകള്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത 15 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കും. ശ്രീലങ്കയിലെ മാന്നാര്‍ കോടതിയാണ് വിട്ടയക്കാന്‍ ഉത്തരവിട്ടത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം അഞ്ചിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ 15 വയസുള്ള ബാലനുമുണ്ട്. വിട്ടയക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാമേശ്വരം തുറമുഖത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീം കോടതിയിലെ സീനിയര്‍ ജഡ്ജിമാരുടെ കൊളീജിയം സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്. ജഡ്ജിമാരുടെ നിയമനത്തിനായി നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ്സ് കമ്മീഷന്‍ ശക്തിപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കൊളീജിയം സംവിധാനത്തില്‍ സുതാര്യത ഇല്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു ആരോപിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് പരാതി.
ജ്ഞാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വാരാണസി കോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതി നല്‍കിയ അപേക്ഷ കോടതി നിരസിച്ചു. ഹര്‍ജിയില്‍ വാരാണസി ജില്ലാ കോടതി വാദം കേള്‍ക്കും.
മോഷണം നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ കുടുംബത്തിലെ പത്തുവയസുകാരി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലുള്ള കിള്ളന്നൂര്‍ എന്ന ഗ്രാമത്തിലാണ് ക്ഷേത്ര മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം ആറംഗ കുടുംബത്തെ തല്ലിച്ചതച്ചത്. കടലൂര്‍ വിരുദാചലം സ്വദേശി സത്യനാരായണ സ്വാമിയേയും കുടുംബത്തേയുമാണ് അക്രമി സംഘം ആക്രമിച്ചത്.
ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണവുമായി ഇന്ത്യ. ശ്രീഹരിക്കോട്ടയില്‍ ഇന്നു രാവിലെ 11.30 ന് ഹൈദരാബാദിലെ സ്‌കൈറൂട്ട് എയറോസ്‌പേസ് സ്റ്റാര്‍ട്ടപ്പിന്റെ സൗണ്ടിംഗ് റോക്കറ്റ്ാണു വിക്ഷേപിക്കുക. ആറു മീറ്റര്‍ ഉയരവും 545 കിലോഭാരവുമുള്ള വിക്രം എസ് എന്ന സൗണ്ടിംഗ് റോക്കറ്റാണു വിക്ഷേപിക്കുന്നത്.
മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതല്‍ മെറ്റയില്‍ ഉദ്യോഗസ്ഥയാണ് സന്ധ്യ ദേവനാഥന്‍. ജനുവരി ഒന്നിന് ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റായും സന്ധ്യ ദേവനാഥന്‍ പ്രവര്‍ത്തിക്കും. മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. അതേസമയം വാട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് രാജിവച്ച ഒഴിവിലേക്കു നിയമനമായിട്ടില്ല. മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാളും രാജിവച്ചു.
8,658 വര്‍ഷം തടവു ശിക്ഷ. മതനേതാവും പ്രസംഗകനും എഴുത്തുകാരനുമായ അദ്‌നാന്‍ ഒക്തറിനാണ് ഇത്രയേറെ വര്‍ഷത്തെ തടവുശിക്ഷ തുര്‍ക്കിയിലെ കോടതി വിധിച്ചത്. ലൈംഗിക അതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനര്‍വിചാരണയിലാണ് ഇസ്താംബൂളിലെ കോടതി ശിക്ഷ വിധിച്ചത്. ബ്ലാക്ക് മെയില്‍, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഹാറൂണ്‍ യഹ്യ എന്ന പേരില്‍ പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരനാണ് അദ്‌നാന്‍ ഒക്തര്‍.