ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസിനു നല്‍കിയ പൊതുനിര്‍ദ്ദേശത്തിലെ പരാമര്‍ശം പിന്‍വലിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമര്‍ശം വിവാദമായതോടെയാണു പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിസി ഡോ. ശശീന്ദ്രനാഥിന്റെ നിയമനം യുജിസി മാനദണ്ഡമനുസരിച്ചല്ലെന്ന പരാതിയിലാണു നടപടിക്ക് ഒരുങ്ങുന്നത്. സേര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കമുള്ള പരാതിയാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി നല്‍കിയത്.
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. നിയമനത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ടയേഡ് ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധിച്ച് വിസിയെ പുറത്താക്കേണ്ടതെന്നാണ് യുജിസി ചട്ടം. ഈ ചട്ടം ചാന്‍സലര്‍ ലംഘിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്തു 15 ദിവസം കൂടി തുടരാന്‍ അനുവദിക്കണമെന്ന് കുഫോസ് വിസി റിജി ജോണ്‍. ഇക്കാര്യം ഉന്നയിച്ചു റിജി ഗവര്‍ണര്‍ക്കു കത്തു നല്‍കി.
ശബരിമല ദര്‍ശനത്തിനു വന്‍ തിരക്ക്. പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്. ബര്‍ത്ത് വഴി ഇന്നത്തേക്കു ബുക്കു ചെയ്തത് അറുപതിനായിരത്തോളം പേരാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്‌പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ എത്തും. ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് സ്ഥിതിഗതികള്‍ വിലയിരുത്തും
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്കു നല്‍കിയ പൊതു നിര്‍ദ്ദേശങ്ങളില്‍ യുവതികള്‍ അടക്കം എല്ലാവര്‍ക്കും സുപ്രീം കോടതി പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നു രേഖപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിന് മുതിരരുതെന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
ജര്‍മനിയിലെ ലേസര്‍ ശസ്ത്രക്രിയ ചികില്‍സക്കുശേഷം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്.
ഗവര്‍ണറെ എസ്എഫ്‌ഐ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ അധിക്ഷേപിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തിരുവനന്തപുരം സംസ്‌കൃതകോളജിനു മുന്നില്‍ ഗവര്‍ണറെ അധിഷേപിച്ച് ഉയര്‍ത്തിയ ബാനറിനെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നിച്ചു മദ്യപിച്ചതിനിടെ സ്വര്‍ണമാല നഷ്ടപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരനെ (72) അറസ്റ്റു ചെയ്തു.
എരുമേലിയില്‍ ചരളയ്ക്കു സമീപം കാറില്‍ അധ്യാപകന്‍ മരിച്ച നിലയില്‍. കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ ഇലക്ട്രോണിക്‌സ് ഡെമോണ്‍സ്‌ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു കരുതുന്നു.
കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി. ബംഗാള്‍ സ്വദേശി സുശാന്തിനെ മണ്ണിനടയില്‍നിന്ന് പുറത്തെടുത്ത് രക്ഷിച്ചു.
ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്പതികള്‍ മയക്കുമരുന്നു കച്ചവടത്തിനിടെ വീണ്ടും അറസ്റ്റിലായി. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്റെ പിടിയിലായത്. ഏഴു കോടി രൂപയുടെ 12 കിലോ ഹാഷിഷ് ഓയിലുമായി മാര്‍ച്ച് മാസത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു ഇരുവരും.
വയനാട് മീനങ്ങാടിയില്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്‌റേറ്റ് പൊന്‍മുടി കോട്ടയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ഷോളയാര്‍ – മലക്കപ്പാറ റൂട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഒറ്റയാന്‍ കബാലിയുടെ വിളയാട്ടം. വാഹനങ്ങള്‍ ഏറെ ദൂരം പിന്നോട്ട് ഓടിക്കേണ്ടിവന്നു. ആന റോഡില്‍ തന്നെ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം അര മണിക്കൂറിലേറെ തടസപ്പെട്ടു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു മികച്ച പ്രതികരണമെന്നു സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കെ ഇന്ത്യയില്‍ മികച്ച ജനപിന്തുണ ലഭിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ ജനപ്രതിനിധ സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മുന്നേറ്റം. 435 അംഗ സഭയില്‍ 218 സീറ്റുകളില്‍ ജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പാക്കി. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റുകള്‍ക്ക് 208 സീറ്റാണു കിട്ടിയത്. എന്നാല്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കാണു ഭൂരിപക്ഷം.