കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ അറ്റാദായം 162 ശതമാനം വളര്‍ച്ചയോടെ 325 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 124 കോടിയായിരുന്നു. പ്രവര്‍ത്തന ലാഭം 412 കോടി രൂപയില്‍ നിന്നും 31% വളര്‍ച്ചയോടെ 539 കോടിയായി. മൂലധന പര്യാപ്തത അനുപാതം 11.41 ശതമാനത്തില്‍ നിന്നും 13.10 ആയി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 12.31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 3.89 ശതമാനത്തില്‍ നിന്നും 4.03 ആയി മെച്ചപ്പെട്ടു. ആസ്തികളില്‍ നിന്നുള്ള വരുമാനം മുന്‍ മാര്‍ച്ചിലെ 0.46 ശതമാനത്തില്‍ നിന്നും 1.14 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.26 ശതമാനമാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 43,839 കോടിയിലെത്തി. ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ 97.89 ലക്ഷമാണ്. മൊത്തം നിക്ഷേപം 2023 മാര്‍ച്ചില്‍ 21,954 കോടിയാണ്. ഇതില്‍ സി.എ.എസ്.എ ഡെപ്പോസിറ്റ് വിഹിതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 42.57 ശതമാനത്തില്‍ നിന്ന് 44.47 ശതമാനമായി ഉയര്‍ന്ന് 9764 കോടിയായി. ഗവ. നല്‍കിയ അധിക മൂലധനത്തിന്റെ പിന്തുണയോടെ ബാങ്കിന്റെ മൊത്തം വായ്പ 13.5 ശതമാനം വളര്‍ച്ചയോടെ 21,885 കോടിയിലെത്തി. ഇതില്‍ 94 ശതമാനം മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വായ്പയാണ്. മൊത്തം വായ്പയുടെ 18 ശതമാനം കാര്‍ഷിക വായ്പയ്ക്കായി നീക്കിവയ്ക്കണമെന്ന് ഗവ. മാനദണ്ഡമുള്ളപ്പോള്‍ ബാങ്കിന്റെ കാര്‍ഷിക വായ്പ മൊത്തം വായ്പയുടെ 68 ശതമാനമായി.