സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികർ മരിച്ചു. നോർത്ത് സിക്കിമിലെ സേമയിൽ ആണ് അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാല് പേരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അതീവ ദുഖം രേഖപ്പെടുത്തി. സംഭവം സ്ഥിരീകരിച്ച് സൈന്യം ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിട്ടു.
ചൈനയുമായി അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലെ സേമ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. സെമ മേഖലയിലെ മലമുകളിൽ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരിച്ചത്. ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന മേഖലയിലാണ് അപകടമുണ്ടായത്. മരിച്ച ധീര സൈനികരുടെ സേവനത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.