night news 4

നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്ക് സിബിഐ ശുപാര്‍ശ ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ അറസ്റ്റുചെയ്ത വിവരം  എസ്പി അറിഞ്ഞിരുന്നു. എസ്പി തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കട്ടപ്പന ഡിവൈഎസ്പി പി.പി ഷംസ് ഗുരുതര കൃത്യവിലോപമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. (പോലീസ് അധോലോകം- https://youtu.be/n0EJS2q_gRM )

എന്‍എസ്എസിനു പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്ന് പ്രിയ വര്‍ഗീസ് നിയമനകേസില്‍ ഹൈക്കോടതി. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോടു ചോദിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയമാകില്ല. പിഎച്ച്ഡി കാലത്തു 147 ഹാജര്‍ വേണ്ടതിനു പകരം പത്തു ഹാജര്‍ മാത്രമേ പ്രിയയ്ക്കുള്ളൂവെന്നു യുജിസി ചൂണ്ടിക്കാട്ടി.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനു വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇന്നു സ്വരൂപിക്കുമെന്നു മന്ത്രി ശിവന്‍കുട്ടി. എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക കുറിപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ സുപ്രധാന രേഖയാക്കി പ്രസിദ്ധീകരിക്കുന്നതാണ്.

സംസ്ഥാനത്തെ 76 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ഓഫീസുകളില്‍നിന്നു കണക്കില്‍പ്പെടാത്ത കോഴപ്പണം കണ്ടത്തിയെന്ന് വിജിലന്‍സ്. ഓപ്പറേഷന്‍ പഞ്ചി കിരണ്‍ എന്ന പേരിലാണ് പരിശോധന. മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നു മദ്യവും കണക്കില്‍പ്പെടാത്ത പണവും കണ്ടത്തി. മലപ്പുറത്ത് 30,000 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 21,000 രൂപയും കണ്ടെത്തി.

കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസിനെതിരെ കുറ്റപത്രം. കൈയാങ്കളി കേസിലെ പ്രതിയുടെ വീട്ടില്‍നിന്നെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്ന് കുറ്റപത്രത്തിലെ ആരോപണം. സംഭവം നടന്ന 2009 ല്‍ പേരൂര്‍ക്കട പ്രൊബേഷണറി എസ് ഐയായിരുന്നു സിബി തോമസ്.

വേലി തന്നെ വിളവ് തിന്നുന്നുവെന്നു പൊലീസിനെ വിമര്‍ശിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ഇ.പി ജയരാജന്‍. ബലാത്സംഗ കേസില്‍ പ്രതിയായ സിഐ സുനുവിനെപ്പോലുള്ള ക്രിമിനല്‍ പോലീസിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഒരു നിര്‍മാതാവ് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ വിപണിയിറക്കാവൂവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മായം ചേര്‍ത്ത വെളിച്ചെണ്ണ കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം നൂറോളം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 294 സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടീസ് നല്‍കി. 651 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സമരപന്തലില്‍. രാപ്പകല്‍ സമര പന്തലിലെത്തിയ സുധീരന്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പദ്ധതിമൂലമുണ്ടായ തീരശോഷണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.  പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാസൈന്യമെന്നു പ്രശംസിച്ച മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്നു സുധീരന്‍.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത നീക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനോട് എന്തു നിലപാടെടുക്കണമെന്നു യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ തീരുമാനമാകുമെന്നും ലീഗിന്റെ തീരുമാനമല്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസില്‍ വെസ്റ്റ് പട്ടാമ്പി സ്വദേശി നൗഷാദിനെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 48 ാം പ്രതിയാണ് നൗഷാദ്. ഗൂഢാലോചന, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്. കേസില്‍ 38 പേര്‍ ഇതോടെ അറസ്റ്റിലായി.

എസ്ഡിപിഐയുടെ കൊടിയാണെന്നു കരുതി പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ കേസ്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഏലാങ്കോട് ദീപകിനെതിരെയാണു കേസെടുത്തത്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗല്‍ പതാകകളാണ് ഇയാള്‍ നശിപ്പിച്ചത്. സംഭവമറിച്ച് പോര്‍ച്ചുഗല്‍ ആരാധകര്‍ എത്തി യുവാവുമായി വാക്കേറ്റമുണ്ടായിരുന്നു.

മുംബൈയില്‍ യുവതിയുടെ രണ്ടുകോടി രൂപ തട്ടിയെടുത്ത യുവാവിനെ കാര്‍ വളഞ്ഞ് ചില്ലു തകര്‍ത്ത് പോലീസ് പിടികൂടി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസാണ് പിടിയിലായത്. മുംബെയില്‍ സോഫ്റ്റുവെയര്‍ കമ്പനിയില്‍ പാര്‍ട്ണറായ യുവതിയുടെ പണമാണ് തട്ടിയത്. കാര്‍ തുറക്കാനും പുറത്തിറങ്ങാനും തയാറാകാതായപ്പോഴാണ് ചില്ലു പൊളിച്ച് ലോക്ക് തുറന്ന് പിടികൂടിയത്.

പൊന്നാനി കടലോരത്തെ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടി സുള്‍ഫത്ത് ഡോക്ടറായി. മത്സ്യത്തൊഴിലാളിയായ ഏഴുകുടിക്കല്‍ ലത്തീഫിന്റെയും ലൈലയുടെയും മൂന്നു മക്കളില്‍ മൂത്തവളാണ്. എംബിബിഎസ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ മത്സ്യത്തൊഴിലാളി കുടുംബാംഗമാണ് സുള്‍ഫത്ത്. കാര്‍ഡിയോളജിയില്‍ പിജി നേടി സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്നു സുള്‍ഫത്ത്.

ശബരിമല തിരുവാഭരണ കേസ് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്.

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു.

ശബരിമലയില്‍ വന്‍ സുരക്ഷ. 1250 പൊലീസുകാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു. 980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്ഐ/എഎസ്ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘത്തിനാണു സുരക്ഷാ ചുമതല.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന കേസില്‍ പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മൂന്നു മണിക്കൂര്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ക്ലാസില്‍ ഹാജര്‍ കുറവാണെന്നു ചൂണ്ടിക്കാട്ടി സ്‌കൂളില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി എ.ആര്‍ മാധവനെയാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തത്.

കോളജ് വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ നെടുങ്കണ്ടം പോലീസ് കേസെടുത്തു. പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥിനി പൊലീസ് സ്റ്റേഷനിലെത്തിയത് അമ്പതോളം സഹപാഠികള്‍ക്കൊപ്പമാണ്.

സൗദി അറേബ്യയിലെ ജിദ്ദക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഉംറ തീര്‍ത്ഥാടകന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജിദ്ദയ്ക്കു സമീപം ഖുലൈസ് എന്ന സ്ഥലത്തുണ്ടായ അപകടത്തില്‍ പുതുച്ചേരി സ്വദേശി മുഹമ്മദ് സമീര്‍ കറൈക്കല്‍ (31) ആണ് മരിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തിന്റെ സഹോദരന്‍ നൂറുല്‍ ആമീന്‍ മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാല നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. ഗുണ്ടാസംഘവും പോലീസും ചേര്‍ന്നു ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതാണഎന്നാണ് ആരോപണം. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് രാഘവ് ചദ്ദ പങ്കുവച്ച വീഡിയോയില്‍ സ്ഥാനാര്‍ത്ഥി ഒരു സംഘം ആളുകള്‍ക്കും പോലീസിനുമൊപ്പം എത്തി പത്രിക പിന്‍വലിക്കുന്നതു കാണാം. ഇയാളെ ബിജെപി തട്ടിക്കൊണ്ടുപോയിയെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശാനുസരണം പാര്‍ലമെന്റിന്റെ അനുമതിയോടെയാണു നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കള്ളപ്പണം ഇല്ലാതാക്കാനും നികുതി വെട്ടിപ്പു തടയാനും ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.

തെരുവു നായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവു സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവു പ്രായോഗികമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ബിജെപിയില്‍ ചേരാനിരുന്ന മുന്‍ ജനതാദള്‍ എസ് നേതാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍  നേതാവായിരുന്ന മല്ലികാര്‍ജുന്‍ മുത്യാലിന്‍ (64) ആണ് കൊല്ലപ്പെട്ടത്. മുത്യാലിന്റെ ജനനേന്ദ്രിയത്തില്‍ മുറിവുകളുണ്ട്.

വെട്ടിമുറിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കിണറ്റില്‍. മൃതദേഹത്തിന്റെ തല കണ്ടെത്താനായിട്ടില്ല. ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലെ പശ്ചിം പട്ടി ഗ്രാമത്തിലാണ് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *