ജനകീയ പ്രതിഷേധം ആളിക്കത്തിയതോടെ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. ജനകീയ പ്രതിഷേധം വീണ്ടും കനത്തതോടെ വലിയ തോതിലുള്ള സൈനികവിന്യാസമാണ് കൊളംബോയില്‍ കാണാന്‍ കഴിയുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കണ്ണൂര്‍ ചാവശ്ശേരിയില്‍ ആക്രി പെറുക്കുന്നതിനിടെ ബോംബ് സ്ഫോടനത്തില്‍ രണ്ട് ആസാം സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനാകാത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി എബ്രഹാമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൂര്‍ത്തിയാകാറായ പാലത്തിനു മുന്നില്‍ നിന്ന് പടമെടുത്തു പോകുന്ന കേന്ദ്ര മന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. കേരളത്തിലെ ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളേക്കാള്‍ കുഴികള്‍ ദേശീയ പാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു
കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .കേന്ദ്ര മന്ത്രിമാര്‍ വരുന്നത് രാഷ്ട്രിയ പ്രവര്‍ത്തനം നടത്താനാണ്, അതിനെ വിമര്‍ശിച്ചിട്ട് കാര്യം ഇല്ല. ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാല്‍ വിമര്‍ശിക്കണമെന്നും യുഎഇ കോണ്‍സുലേറ്റ് ജനറല്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് ജയശങ്കര്‍ പറഞ്ഞതു കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്നും സതീശന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഇപ്പോള്‍ പടുകുഴിയിലാണെന്നും കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തുവെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രമേശ് ചെന്നിത്തലയാണ് വിഡി സതീശനെക്കാള്‍ മികച്ച പ്രതിപക്ഷ നേതാവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയില്‍ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തല്‍.
നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. സുനിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസിലെ വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ കൂടി വേണമെന്ന് അതിജീവിതയുടെ അഭിഭാഷകയെ ഓര്‍മ്മപ്പെടുത്തി ഹൈക്കോടതി . നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി.
മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതിക്കെതിരെ നിയമസഭയില്‍ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. യാതൊരു മുന്നൊരുക്കവും നടത്താതെയാണ് സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതി നടപ്പാക്കിയതെന്നും ഇതു മെഡിസെപ്പ് അല്ല മേടിക്കല്‍ സെപ്പാണെന്ന് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് ചെന്നിത്തല പറഞ്ഞു. വാര്‍ഷിക പ്രീമിയമായി 6000 രൂപ ജിവനക്കാരില്‍ നിന്ന് ഈടാക്കുമ്പോള്‍ 336 രൂപ മാത്രമാണ് സര്‍ക്കാര്‍ വിഹിതം. നാല്‍പതു കോടി രൂപയാണ് ഇതിലൂടെ ധനവകുപ്പിലേക്ക് എത്തുന്നത്. ചെന്നിത്തല പറഞ്ഞു.
ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പാലക്കാട് മൂത്താന്തര എ.ശ്രീനിവാസന്‍ കൊലക്കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 26 പ്രതികളാണുള്ളത്. 1607 പേജുള്ള കുറ്റപത്രമാണ് കേസില്‍ സമര്‍പ്പിച്ചത്.
സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി 6 മരണം. അടൂര്‍ എനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി രാജശേഖര ഭട്ടത്തിരി, ഭാര്യ ശോഭ, മകന്‍ നിഖില്‍ രാജ് എന്നിവരാണ് മരിച്ചത്. പാലക്കാട് കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ മണ്ണാര്‍ക്കാട് സ്വദേശി ജോസ്, പയ്യനെടം സ്വദേശി രാജീവ് കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഈരാറ്റുപേട്ടയ്ക്കടുത്തുണ്ടായ അപകടത്തില്‍ ഇടമറുക് സ്വദേശി റിന്‍സ് ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസും ഗ്യാസ് കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
തൃശൂര്‍ തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായി. ബാര്‍ ജീവനക്കാരന്‍ വിളിച്ചു വരുത്തിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണവും കൊലപാതകവും നടത്തിയത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു. കാട്ടൂര്‍ സ്വദേശികളായ അജ്മല്‍ (23), അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു.
കൊല്ലം തെന്മല സെന്തുരുണി വന്യ ജീവി സാങ്കേതത്തില്‍ 15 സീറ്റ് ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകള്‍ ഉണ്ടാക്കി 30 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. അഴിമതി നടത്തിയ വനം വകുപ്പിലെയും സിഡ്കോയിലെയും ഉദ്യോഗസ്ഥരുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു.
ആലപ്പുഴ നഗരസഭയില്‍ വ്യാജരേഖകള്‍ ചമച്ച് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതില്‍ പൊലീസ് കേസെടുത്തു. ആദ്യം തട്ടിപ്പ് കണ്ടെത്തിയ രണ്ട് കെട്ടിടത്തിന്റെ ഉടമകളെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നഗരസഭ ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് പുതുനഗരത്ത് സ്‌കൂള്‍ മാനേജര്‍ക്കു മര്‍ദ്ദനമേറ്റതായി പരാതി. പുതുനഗരം മുസ്ലീം ഹൈസ്‌ക്കൂള്‍ മാനേജരും മുസ്ലിം ലീഗ് നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റുമായ എ.വി. ജലീലിനാണ് മര്‍ദ്ദനമേറ്റത്. വീടിനകത്ത് കയറി ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചെന്നാണ് ജലീലിന്റെ പരാതി.
പാലക്കാട് പോക്സോ കേസിലെ അതിജീവിതയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാന്‍. അതിജീവിതയ്ക്കായി സപ്പോര്‍ട്ട് പേഴ്സനെ നല്‍കും. വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പറഞ്ഞു
കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ഞായറാഴ്ച ആഴിമലയില്‍ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയം. മൃതദേഹത്തിന്റെ കയ്യിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും തമ്മില്‍ സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛന്‍ മധു പറയുന്നു.
പൊലീസിനെതിരെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡാണെന്ന് തലശ്ശേരിയില്‍ ദമ്പതികളെ ആക്രമിച്ച പൊലീസ്. മയക്കുമരുന്നു സംഘം വരുന്ന സ്ഥലമായതിനാലാണ് കടല്‍പ്പാലത്തില്‍നിന്ന് പോകണമെന്നു പറഞ്ഞതെന്നാണ് എസ്ഐ മനുവിന്റെ പ്രതികരണം. പേരും മേല്‍വിലാസവും കൈമാറാന്‍ ദമ്പതികള്‍ തയ്യാറായില്ല. സഞ്ചരിച്ച ബൈക്ക് മോഷ്ടിച്ചതാണെന്നു പരിശോധിക്കേണ്ടതുണ്ടായിരുന്നു എന്നാണ് എസ്ഐയുടെ വാദം.
നിലമ്പൂര്‍ പോത്ത്കല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരനു പരിക്കേറ്റു. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ സഞ്ജീവിനാണ് പരിക്കേറ്റത്.
യുവാവ് പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതില്‍ മനം നൊന്ത് ആത്മഹത്യാ ഭീഷണി മുഴക്കി പതിനേഴുകാരി. തിരൂര്‍ റെയിവേ സ്റ്റേഷനില്‍ ആണ് സംഭവം. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലാണ് പെണ്‍കുട്ടി തിരൂര്‍ റെയിവേ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്യാനെത്തിയത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് രൗദ്ര ഭാവമെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രൗദ്രഭാവം എന്നത് തോന്നല്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. വികല സൃഷ്ടി എത്രയും വേഗം എടുത്തുമാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിവാദത്തില്‍ നടന്‍ അനുപം ഖേര്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു.
രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മ്മുവിനെതിരെ കോണ്‍ഗ്രസ്. ദ്രൗപദി പ്രതിനിധാനം ചെയ്യുന്നത് ദുഷിച്ച തത്വശാസ്ത്രത്തെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ പറഞ്ഞു. ദ്രൗപദിയെ ആദിവാസി പ്രതീകമായി അവതരിപ്പിച്ചാല്‍ പിന്നാക്ക വിഭാഗങ്ങള്‍ രക്ഷപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
ഓള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. അഞ്ചു ജില്ലകളിലായി ആറു കേസുകളാണ് സുബൈറിനെതിരെ യുപിയില്‍ റജിസ്റ്റര്‍ ചെയ്തത്. ഇടക്കാല ജാമ്യം സുപ്രീംകോടതി സെപ്തംബര്‍ ഏഴുവരെ നീട്ടിയിരുന്നു.
ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്1.67 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ. പ്രീ-പെയ്ഡ് പേയ്‌മെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ഉപഭോക്തൃ മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടര്‍ന്നാണ് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്. റൈഡ്-ഹെയ്‌ലിംഗ് ആപ്പായ ഒലയുടെ ഉപസ്ഥാപനമാണ് ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസ്.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബായ രജപക്സെയെ രാജ്യം വിടാന്‍ സഹായിച്ചില്ലെന്ന് ഇന്ത്യ. ഭാര്യ ലോമ രജപക്സെക്കൊപ്പം രാജ്യം വിടാന്‍ ഗോത്തബായയെ ഇന്ത്യ സഹായിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ ജനതയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു.
ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ സ്വമേധയാ രാസഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള ബില്ല് കൊണ്ടുവന്ന് തായ്‌ലന്‍ഡ്. ഇത് പ്രകാരം, മോചിതരായ ശേഷവും ലൈംഗികാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന കുറ്റവാളികള്‍ക്ക് സ്വമനസ്സാലെ രാസഷണ്ഡീകരണത്തിന് വിധേയകമാകാം. അത്തരക്കാര്‍ക്ക് അത്രയും കാലം കുറച്ച് ജയിലില്‍ കഴിഞ്ഞാല്‍ മതി. കുറ്റവാളികളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയാണ് തായ്‌ലാന്‍ഡ് ഇത്തരമൊരു ബില്ല് കൊണ്ട് വന്നിരിക്കുന്നത്.
കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കേയാണ് അന്ത്യം.
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ പാകിസ്താനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഇടിയുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഇടിഞ്ഞു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില ഇന്ന് 37360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4670 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3855 രൂപയാണ്.
റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ജൂണില്‍ പ്രതിദിനം ഒഴുകിയത് 9.50 ലക്ഷം ബാരല്‍ ക്രൂഡോയില്‍. സര്‍വകാല റെക്കാഡാണിത്. ഇന്ത്യയുടെ മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയുടെ അഞ്ചിലൊന്നും ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. മേയില്‍ പ്രതിദിനം 8.19 ലക്ഷം ബാരലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. ഏപ്രിലില്‍ ഇത് 2.77 ലക്ഷം ബാരലും ഒരുവര്‍ഷം മുമ്പ് 33,000 ബാരലും ആയിരുന്നു.
ഒരു സംഭാഷണം പോലുമില്ലാത്ത ഒരു ചിത്രം വരുന്നു. നീലരാത്രി എന്നു പേരിട്ടിരിക്കുന്ന ചിത്രം സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്. ഭഗത് മാനുവല്‍, ഹിമ ശങ്കരി, വൈഗ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. കീര്‍ത്തി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര്‍ അവതരിപ്പിച്ചത്. വിനോദ് കുമാര്‍, സുമേഷ് സുരേന്ദ്രന്‍, ബേബി വേദിക എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോക് നായര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും പാട്ടുകള്‍ക്ക് പ്രാധാന്യമുണ്ട്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതം പകരുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ ഇതുവരെ പുറത്തെത്തിയ ഗാനങ്ങളൊക്കെ വലിയ ആസ്വാദകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ജൂക് ബോക്സും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അഞ്ച് ഗാനങ്ങളാണ് ജൂക് ബോക്സില്‍ ഉള്ളത്. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
യുവാക്കള്‍ക്കായി ഹീറോ മോട്ടോകോര്‍പ്പ് ഡേര്‍ട്ട് ബൈക്കിംഗ് ചലഞ്ച് (എച്ച്.ഡി.ബി.സി) ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നു. റൈഡര്‍മാര്‍, ബൈക്കിംഗ് പ്രേമികള്‍, അമച്വര്‍ റൈഡര്‍മാര്‍ തുടങ്ങി ഓഫ് റോഡ് റേസിംഗിനോട് താത്പര്യമുള്ളവര്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. എച്ച്.ഡി.ബി.സി 45 നഗരങ്ങളില്‍ നിന്നായി ഇന്ത്യയിലെ ഏറ്റവും മികച്ച അമച്വര്‍ ഓഫ് റോഡ് റൈഡര്‍മാരെ കണ്ടെത്തും. ഹണ്ടിലെ ജേതാവിനും രണ്ട് റണ്ണര്‍അപ്പുമാര്‍ക്കും ഹീറോ എക്‌സ്പള്‍സ് 200 ഫോര്‍ വി ബൈക്കും 20 ലക്ഷം രൂപ മതിക്കുന്ന ഹീറോ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളും ലഭിക്കും.
കവിത എഴുതുന്ന ആള്‍ മിക്കപ്പോഴും പലതരം സന്നിവേശങ്ങളുടെ ഫലമായിട്ടായിരിക്കും തന്റെ വെളിപാടുകള്‍ക്ക് ഭാഷയില്‍ ഒരു രൂപം കൊടുക്കുന്നത്. അതെഴുതിത്തീര്‍ന്ന് വായിക്കുന്ന അവള്‍/അയാള്‍ ഒരു പക്ഷേ, മറ്റൊരാളായി മാറിയിട്ടുണ്ടാവാം, ഒരാസ്വാദകന്‍, ഒരു വായനക്കാരന്‍, ഒരു നിരൂപകന്‍ ഇങ്ങനെ പല ഭാവത്തില്‍ തന്റെതന്നെ കവിതയെ അതിന്റെ സ്രഷ്ടാവ് സമീപിക്കുന്നു. അതുകൊണ്ടുതന്നെയാണ് വായില്‍നിന്ന് വീഴുന്ന വാക്കുകളെന്നപോലെ പലതരം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായി അതിനലയേണ്ടി വരുന്നത്. ‘സാവിത്രി രാജീവന്റെ കവിതകള്‍’. ഡിസി ബുക്സ്. വില 266 രൂപ.
വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാന്‍. രാവിലെ കണ്ണുതുറന്നാല്‍ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം, അതും പല്ല് തേക്കുന്നതിന് മുമ്പുതന്നെയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന കാര്യം സുപ്രധാനമായ ഒന്നാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തും എന്നുമാത്രമല്ല ശരീരത്തിന്റെ താപനില നിയന്ത്രിക്കുകയും വൃക്കകളില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളല്‍, ഉമിനീര്‍ ഉണ്ടാക്കുക, കൂടാതെ വിവിധ ശരീരഭാഗങ്ങളില്‍ പോഷകങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഉറങ്ങുമ്പോള്‍ വായില്‍ ബാക്ടീരിയ അടിഞ്ഞു കൂടും. രാവിലെ വെള്ളം കുടിക്കുമ്പോള്‍, ഈ ബാക്ടീരിയകളെയും കൂടിയാണ് അകത്താക്കുന്നത്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും ദഹനക്കേട് തടയുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് വായ് നാറ്റം കുറയ്ക്കുന്നതിലൂടെ വായുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. വായയെ ജലാംശം നിലനിര്‍ത്താനും ഉമിനീര്‍ കുറഞ്ഞ് വരണ്ടുപോകാതിരിക്കാനും ഇത് സഹായിക്കുകയും ചെയ്യും. എണീറ്റാലുടന്‍ ചെറുചൂടുള്ള വെള്ളം കുടിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. അതും ഇരുന്ന് ഓരോ കവിളായി ഇറക്കുന്നതാണ് ഉത്തമം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.65, പൗണ്ട് – 94.78, യൂറോ – 79.87, സ്വിസ് ഫ്രാങ്ക് – 81.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.93, ബഹറിന്‍ ദിനാര്‍ – 211.33, കുവൈത്ത് ദിനാര്‍ -258.59, ഒമാനി റിയാല്‍ – 207.16, സൗദി റിയാല്‍ – 21.22, യു.എ.ഇ ദിര്‍ഹം – 21.68, ഖത്തര്‍ റിയാല്‍ – 21.88, കനേഡിയന്‍ ഡോളര്‍ – 61.19.