മനുഷ്യന്റെ ജീവിതദൈര്‍ഘ്യം 1900കളില്‍ ശരാശരി 31 വയസ്സായിരുന്നത് 2023ല്‍ എത്തുമ്പോഴേക്കും രണ്ട് മടങ്ങിലധികം വര്‍ധിച്ച് 73.2 വര്‍ഷമായി മാറിയിരിക്കുകയാണ്. ഇത് 2050 ആകുമ്പോഴേക്കും 77.1 വയസ്സാകുമെന്ന് കണക്കാക്കുന്നു. 100 വയസ്സു വരെ ജീവിച്ചിരിക്കുന്നവരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 2015ല്‍ 100 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ ലോകത്തില്‍ നാലര ലക്ഷം പേരാണ് ഉണ്ടായിരുന്നെങ്കില്‍ 2050 ഓടെ ഇത് 37 ലക്ഷമായി വര്‍ധിക്കുമെന്ന് കരുതപ്പെടുന്നു. ആയുസ്സില്‍ സെഞ്ച്വറി അടിക്കുന്നവര്‍ പലപ്പോഴും വാര്‍ത്ത പ്രാധാന്യം നേടാറുണ്ടെങ്കിലും എന്താണ് ഇത്രകാലം ജീവിക്കാന്‍ ഇവരെ സഹായിച്ചതെന്ന കാര്യം അജ്ഞാതമായിരുന്നു. എന്നാല്‍ ഈ രഹസ്യത്തിലേക്കുള്ള വാതില്‍ അല്‍പമെങ്കിലും തുറന്നിരിക്കുകയാണ് ടഫ്റ്റ്‌സ് മെഡിക്കല്‍ സെന്ററും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും ചേര്‍ന്ന് നടത്തിയ പുതിയ പഠനം. ആയുസ്സില്‍ 100 വയസ്സ് തികയ്ക്കുന്നവര്‍ക്ക് പ്രത്യേക തരത്തിലുള്ള ഒരു പ്രതിരോധ കോശ വിന്യാസവും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണുള്ളതെന്ന് ഈ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇതവര്‍ക്ക് വളരെ സജീവമായ പ്രതിരോധ സംവിധാനത്തെ നല്‍കുമെന്നും കൂടുതല്‍ കാലം രോഗാതുരതകളില്ലാതെ ജീവിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലാന്‍സെറ്റ് ഇബയോമെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചു. പെരിഫെറല്‍ ബ്ലഡ് മോണോന്യൂക്ലിയര്‍ സെല്ലുകള്‍ എന്ന പ്രതിരോധ കോശങ്ങളുടെ സിംഗിള്‍ സെല്‍ സീക്വന്‍സിങ്ങാണ് പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ നടത്തിയത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan