തൊഴില്‍മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും തീരുമാനമാകാതെ ആശാ സമരം. ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തൊഴില്‍മന്ത്രിയുടെ ആശ്വാസവാക്ക്. അതിനിടെ വേതന വര്‍ധന പഠിക്കാന്‍ സമിതിയെ നിശ്ചയിക്കാമെന്ന തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
സ്കൂളുകളിൽ വിദ്യാർഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുന്നത്.
എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ സബ്ജക്ട് മിനിമം നേടാത്തവർ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ട് മുതൽ 24 വരെ ഈ കുട്ടികൾക്ക് അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ് കണക്ക്.
മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുനമ്പം വിഷയത്തില്‍ അവിടുത്തെ ജനങ്ങളോട് എല്ലാ മുസ്ലിം സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ്. ഈ സന്ദര്‍ഭത്തില്‍ കൃത്യമായ പരിഹാര നിര്‍ദേശങ്ങളുമായി വന്നിരുന്നെങ്കില്‍ വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാതെ വിഷയം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നും രമേശ് ചെന്നിത്തല.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടൻ്റെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിൻവലിച്ചത്.
കൊല്ലം കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിൻ്റെ പരാതിയിൽ കടയ്ക്കൽ പൊലീസാണ് കേസെടുത്തത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തു.
ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂറിലേറെ നേരം ഇഡി ഇന്ന് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ വാഹക കപ്പലുകളിലൊന്നായ എംഎസ്‌സി തുർക്കി നാളെ വിഴിഞ്ഞം ബെർത്തിൽ എത്തും. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എംഎസ്‌സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്‍റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യൻ സമുദ്ര വ്യാപാരത്തിന് ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കെ സ്മാർട്ട് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് പൂർണസജ്ജമാകും. ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രിൽ 10 മുതൽ പഞ്ചായത്തുകളിലും സേവനമെത്തും.
ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദത്തിൽ ആയ ഷൈജ ആണ്ടവൻ, യുവജന വിദ്യാർത്ഥി പ്രതിഷേധതത്തിനിടെ കാലിക്കറ്റ് എൻഐടി യിൽ ഡീൻ ആയി ചുമതലയേറ്റു. ഷൈജ ആണ്ടവന്‍റെ നിയമനത്തിനെതിരെ എസ്എഫ്ഐയും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ വര്‍ത്തമാന കാലത്ത് ചില തെറ്റായ പ്രവണതകള്‍ കൂടി നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നത് അനഭിലഷണീയമായ കാര്യമാണെന്നും കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അമ്മയുടെ മരണം തികച്ചും നിര്‍ഭാഗ്യകരമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അഴിമതിക്കേസിൽ വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തതു. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. വനംവകുപ്പിലെ സ്ഥലം മാറ്റത്തിനായി ലേലം വിളി ഗൂഢാലോചനയിൽ സംശയ നിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനായള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്. സുകാന്തിനെ പിടിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യക്ക് കാരണം. പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിസിപി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
കൊല്ലത്ത് 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയില്‍ പറയുന്നു. 2016 ജനുവരി മുതലാണ് അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെയാണ് പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്.
മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ കുടുങ്ങി. പുതുക്കുറിച്ചി സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള താഹാ റസൂൽ എന്ന വള്ളമാണ് 32 തൊഴിലാളികളുമായി അഴിമുഖത്ത് കുടുങ്ങിയത്. എസ്കവേറ്റർ ഉപയോഗിച്ച് തള്ളി നീക്കാൻ ശ്രമിച്ചെങ്കിലും മണലിൽ നിന്ന് വള്ളം ഇറക്കാനായില്ല. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ കെട്ടിവലിച്ചാണ് വള്ളം കടലിലേക്ക് ഇറക്കിയത്.
കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബോട്ട് അറ്റകുറ്റപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാൻ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി ഇന്ത്യൻ നാവിക സേന. ഇന്ത്യൻ നാവികസേനയുടെ മിഷൻ ഡിപ്ലോയ്ഡ് സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികാന്താണ് മധ്യ അറേബ്യൻ കടലിൽ വെച്ച് വൈദ്യസഹായം നൽകിയത്.
സിവിൽ തർക്കങ്ങളെ ഗുരുതര വകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്ന നടപടിയിൽ യുപി പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. യുപിയിൽ നിയമവാഴ്‌ച പരിപൂർണ്ണമായി തകർന്നുവെന്നും ഇതംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. സിവിൽ തർക്കം തീരാൻ വർഷങ്ങൾ എടുക്കുന്നതിനാലാണ് ക്രിമിനൽ കേസാക്കിയതെന്ന് പറഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് വാക്കുകൾ കടുപ്പിച്ചത്. ഇത്തരം രീതികൾ ആവർത്തിച്ചാൽ പൊലീസിന് പിഴയിടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും. എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം.
ബലത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്‍റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി.2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ കണക്കിലെടുത്ത് ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്.
യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടാഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് ശരിവെച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ജുഡീഷ്യറിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബംഗാള്‍ ഹൈക്കോടതി 25,000 അധ്യാപക- അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവെയ്ക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.