Screenshot 2024 02 27 20 21 14 990 com.android.chrome edit 5

മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിന്‍റെ 111 മത് എപ്പിസോഡായിരുന്നു ഇന്ന്. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നതെന്നും, ജനങ്ങൾ ജനാധിപത്യത്തിന് ശക്തി നൽകിയെന്നും മോദി പറഞ്ഞു. അമ്മയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ എല്ലാവരും അമ്മയുടെ പേരിൽ ഒരു വൃക്ഷ തൈ നടണമെന്നും മൻ കീ ബാതിൽ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.

 

മൻ കി ബാത്തിൽ കേരളത്തെയും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമ്മിക്കുന്ന കാർത്തുമ്പി കുടകൾ സംരംഭക രംഗത്തെ വനിതകളുടെ മികവിന്‍റെ മികച്ച ഉദാഹരണം ആണെന്നും, ഈ കുടകൾക്ക് രാജ്യമാകെ ആവശ്യമേറുന്നു. നാരീശക്തിയിലൂടെയാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നതെന്നും, മുന്നൂറോളം സ്ത്രീകളാണ് അട്ടപ്പാടിയിൽ കുട നിർമാണത്തിലൂടെ സ്വയം പര്യാപ്തരായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

 

എസ്എസ്എൽസി ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്ന് മന്ത്രി വി ശിവൻ കുട്ടി. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.

 

കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. അവർ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണം. കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൂടാതെ സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

 

തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തിനെതിരായ വികാരം എന്തു കൊണ്ട് ഉണ്ടായി എന്നത് പഠിക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. കൂടാതെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകുമെന്നാണ് സൂചന. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെക ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്. ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചുവെന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും സിസിയിലെ ചർച്ചയിൽ കൂടുതൽ അംഗങ്ങൾ ഇത് നിരാകരിക്കുകയാണ് ഉണ്ടായത്.

സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്നും സിപിഎം പിരിച്ച് വിടേണ്ട സമയമായെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎമ്മിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും എംവി ഗോവിന്ദനും കാട്ടണമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

 

സിപിഎമ്മിനെ വിമർശിക്കുന്നത് വ്യക്തിപരമായല്ല കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വർണം പൊട്ടിക്കുന്ന കഥകൾ, അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല. പറയാൻ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞുവെന്നും. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് സംസാരിച്ചത് കൂടാതെ സിപിഐ എൽഡിഎഫ് വിടണമെന്ന എം എം ഹസൻ്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

പാലക്കാട് യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്ന് കെ മുരളീധരൻ. അതോടൊപ്പം തൃശൂർപൂരം അലങ്കോലമാക്കിയത് അന്തർധാരയുടെ ഭാഗമായാണ്. പൂരം അലങ്കോലമാക്കിയതിൽ സംസ്ഥാന മന്ത്രിസഭയിൽ മന്ത്രി മൂക സാക്ഷിയായി നിന്നു. ഒരു കമ്മീഷണർ വിചാരിച്ചാൽ പൂരം അട്ടി മറിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ചില അന്തർധാരകൾ ഉണ്ടന്ന് എല്ലാവരും മനസ്സിലാക്കണം. വിജയത്തിനൊപ്പം ജനങ്ങൾ ഒരു വാണിംഗും നൽകിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

കോട്ടയത്തെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഈ ആവശ്യമുന്നയിച്ച് ജൂലൈ 6ന് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു. ആകാശ പാതയെക്കുറിച്ച് മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണെന്നും അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും തിരുവഞ്ചൂർ പറഞ്ഞു.

 

ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപയെന്ന് റിപ്പോർട്ട്. നിയമനം അസാധുവാക്കിയ ഗവർണറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ വിവിധ സർവകലാശാലകളിൽനിന്നുള്ള വി.സിമാർ സർവകലാശാല ഫണ്ടിൽ നിന്ന് ചിലവാക്കിയത് കോടികളാണെന്നാണ് കണക്ക്.

സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ ഇകെ വിഭാഗം സമസ്തയെ വിമർശിച്ചു മുജാഹിദ് വിഭാഗം. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎൻഎം ആവശ്യപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നടത്തിയ പരാമർശത്തിനോടാണ് കെഎൻഎമ്മിന്റെ വിമർശനം. വിദ്യാഭ്യാസ കാര്യത്തിൽ ലിംഗ വ്യത്യാസം കാണിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസത്തിനു സമസ്ത എതിരു നിന്നിട്ടില്ലെന്ന സമസ്ത അധ്യക്ഷന്റെ പ്രസ്താവന സത്യ വിരുദ്ധമാണെന്നും കെഎൻഎം വിമർശിച്ചു.

 

സിപിഎം ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്ന സജേഷും ഉണ്ടായിരുന്നു. സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടെന്നാണ് സൂചന.

 

തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഉച്ചക്ക് മൂത്തമാവ് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്. സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിർമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

ആലുവയിൽ ബോർഡുകൾ നീക്കം ചെയ്തത് പൊലീസ് നിർദേശപ്രകാരമാണെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം. കടയുടമകൾ നീക്കം ചെയ്തത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡുകൾ അല്ലെന്നും, ബോർഡുകൾ നീക്കം ചെയ്തത് പൊലീസ് നിർദേശപ്രകാരമാണെന്നുമാണ് ഡിവൈഎസ്പിയുടെ വിശദീകരണം. സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ഗതാഗത മന്ത്രി നിർദേശം നൽകി.

മലബാറിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനുള്ള കർമ്മപദ്ധതിയുമായി ബിജെപി. ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് ബിജെപിക്ക് കിട്ടിയ വോട്ടുകൾ നിലനിർത്താനും സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങൾ മുതലാക്കാനുമാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദുമ,തൃക്കരിപ്പൂർ, പയ്യന്നൂർ, ധർമ്മടം, തളിപ്പറമ്പ് അടക്കമുള്ള സിപിഎമ്മിൻറെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപിക്ക് കൂടിയത് നാലിരട്ടിയിലേറെ വോട്ടുകളെന്നാണ് കണ്ടെത്തൽ.

നടന്‍ സിദ്ദിഖിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്‍റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പീഡനക്കേസിലെ പ്രതിയായ നേതാവിനെ തിരിച്ചെടുത്തതിൻ്റെ പേരിൽ തിരുവല്ല സിപിഎമ്മിൽ തർക്കം. സജിമോനെതിരെ തിരുവല്ല സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് അടക്കം പോസ്റ്ററുകൾ പതിച്ചു. തിരുവല്ല പൗരസമിതി എന്ന പേരിലാണ് പോസ്റ്ററുകൾ. അവിഹിതത്തിലുണ്ടായ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. സിപിഎമ്മിലെ ഒരു വിഭാഗം തന്നെയാണ് പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് വിവരം. കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ ഔദ്യോഗിക വിഭാഗത്തിന്റെ ഇടപെടലിൽ കൺട്രോൾ കമ്മീഷനാണ് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയത്.

 

തിരുവനന്തപുരം ബാർ അസോസിയേഷൻ, ലീഗൽ സർവ്വീസ്സസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട അഭിഭാഷകയായ സ്വപ്നയ്ക്കെതിരെയാണ് അസോസിയേഷൻ വിജിലൻസിനെ സമീപിച്ചത്.

കൊച്ചി പുല്ലേപ്പടി കത്രിക്കടവ് റോഡിലെ സ്പായിൽ വനിത ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിലെ പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ മാരകായുധങ്ങൾ കണ്ടെത്തി. ആക്രമണത്തിന് പിന്നാലെ കുറ്റിക്കാട്ടിലാണ് പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചത്. കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു സംഭവം.

 

ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ അധ്യാപകരെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. സ്കൂളിൽ മുമ്പ് ഉണ്ടായ ചില ആഭ്യന്തര കാര്യങ്ങളിൽ പ്രിൻസിപ്പാൾ പ്രതികാരം ചെയ്യുന്നതാണെന്നാണ് ആക്ഷേപം. സ്കൂളിൽ അധ്യാപകരുടെ സ്വകാര്യത മാനിക്കാതെ ക്യാമറ വച്ചതിനെതിരെ നടപടി നേരിട്ടവർ മുമ്പ് വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഈ കേസിൽ അധ്യാപകർക്ക് അനുകൂലമായി വനിത കമ്മീഷൻ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ അധ്യാപകർ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.

 

ബഹിരാകാശ യാത്രികരായ സുനിത വില്ല്യസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്താൻ ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന് സൂചന. സ്റ്റാർലൈനറിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് യുഎസ് സ്‌പേസ് ഏജൻസി ആലോചിക്കുന്നതായാണ് റിപ്പോർട്ട്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാമധ്യേ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാൻ ബോയിങ്ങിന്റെ സ്റ്റാർലൈനർ പര്യാപ്തമാകുമെന്നും നാസ സൂചന നൽകി.

 

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം. കൊല്ലം ശീമാട്ടി സ്വദേശിയായ അൽ അമീൻ, കൊട്ടാരക്കര സ്വദേശിയായ അൻവർ എന്നിവരാണ് മരിച്ചത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫാണ് മരിച്ചത്. ആനച്ചാലിൽ ജോലിക്കിടെയാണ് സംഭവം. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാൻ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏർപ്പെടുത്തിയത്. ജൂണ്‍ 30 വരെ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ തുടരാൻ ഉത്തരവിട്ടത്.

കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നത് അപകടമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജഡ്ജിമാർ സ്വയം അങ്ങനെ കാണുന്നത് അതിലേറെ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ നാഷണൽ ജുഡീഷ്യൽ അക്കാദമി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഹാറിൽ പാലങ്ങൾ തകരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങൾ തകരാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്നും, സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ എന്തെങ്കിലും ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കർണാടകയിൽ മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി ഡികെ ശിവകുമാർ. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ സ്വാമിമാരുടെ നിർദേശം ആവശ്യമില്ല, ആശീർവാദം മതിയെന്നും ഡികെ പറഞ്ഞു.

കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുപ്പതാമത്തെ മേധാവിയായി അദ്ദേഹം ചുമതലയേറ്റെടുത്ത്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്.

ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരുമെന്ന് സൂചന. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തിൽ ജെപി നദ്ദയേയും ഉൾപ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കും എന്നാണ് സൂചന.

നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധത്തിലാണ് റെയ്ഡ്. കഴിഞ്ഞ മെയ് മാസം അറസ്റ്റിലായ 6 പേരിൽ നിന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

 

 

സൗദിയിൽ പാചകവാതകത്തിന് വില വർധിപ്പിച്ചു. സിലണ്ടർ ഒന്നിന് രണ്ട് റിയാൽ കൂടി വില 21.85 ആയി ഉയർന്നു. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി ആണ് വില വർദ്ധന പ്രഖ്യാപിച്ചത്.

കുവൈത്തിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി 12ന് മുൻപ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നൈജീരിയയിൽ വിവാഹ വേദിയിലടക്കം മൂന്നിടങ്ങളിൽ ചാവേർ പൊട്ടിത്തെറിച്ച് 18 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടികളും സ്ത്രീകളും ഗർഭിണികളും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി മേധാവി അറിയിച്ചു.ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

 

ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സമ്മാനത്തുകയായി ലഭിച്ചത് കോടികള്‍. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്ക് ഏകദേശം 20.42 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് ഏകദേശം10.67 കോടി രൂപയുമാണ് സമ്മാനത്തുകയായി ലഭിച്ചത്. അതോടൊപ്പം സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനുമായി ഏകദേശം 6.5 കോടി രൂപയും സമ്മാനത്തുകയായി ലഭിച്ചു.

 

രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ‍േജ. ബാര്‍ബഡോസില്‍ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇൻസ്റ്റയിലൂടെ അറിയിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *