night news hd 18

കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെ അഞ്ചു പേരടങ്ങുന്ന മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് ആറു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മൂന്നു വാച്ചര്‍മാരും ഓടിരക്ഷപ്പെടുകയായിരുന്നു.

പിണറായി സര്‍ക്കാരിനു മൗലിക ശക്തികളോട് മൃദു സമീപനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കളമശ്ശേരി സ്‌ഫോടനത്തില്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും നദ്ദ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍ഡിഎ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.

കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 21 പേരില്‍ 16 പേര്‍ ഐസിയുവിലാണെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍. മൂന്നു പേരുടെ നില ഗുരുതരം. പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുഎപിഎ, സ്‌ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സമഗ്ര സാഹിത്യ സംഭാവനക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ കഥാകൃത്ത് ടി പത്മനാഭന്. ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബിഡി ദത്തന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കളമശേരി ബോംബ് സ്‌ഫോടന കേസില്‍ വിവാദ പരമാര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ കെപിസിസി ഡിജിപിക്കു പരാതി നല്‍കി. സെബാസ്റ്റ്യന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, റിവ ഫിലിപ്പ് എന്നിവര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.

കളമശേരി സ്‌ഫോടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതില്‍ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മറ്റവരെ മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോണ്‍ഗ്രസുകാരുടെ കളിയാണ് എംവി ഗോവിന്ദനെതിരെ നടക്കുന്നത്.’ പിണറായി പറഞ്ഞു. സുരേഷ് ഗോപിയുടെ പെരുമാറ്റം ശരിയല്ലാത്തതിനാലാണു ക്ഷമ ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരള സദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിഞ്ഞെടുക്കുന്നത്. സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ നാലിന് വിധി. 26 ദിവസം കൊണ്ടാണ് എറണാകുളം പോക്‌സോ കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. ജൂലൈ 28 നാണ് അഞ്ചു വയസുകാരി കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് പ്രതി.

ബസ് ജീവനക്കാരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചു. തലശ്ശേരിയില്‍ ബസ് ഉടമകളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരില്‍ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. പെരുമണ്ണൂര്‍ സുരഭി നിവാസില്‍ സിന്ധു എന്ന 49 കാരിയാണ് മരിച്ചത്.

ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരിട്ടതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 1951 ലെ ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരം ഇല്ലെന്നും വിശദീകരിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ തീപിടിത്തം. 18 ബസുകള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ എത്തിച്ചശേഷം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങള്‍ ലൈക്ക് ചെയ്യുന്നത് കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ അവ പ്രസീദ്ധികരിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും കുറ്റമാണെന്ന് കോടതി പറഞ്ഞു.

തെലങ്കാനയില്‍ ബി.ആര്‍.എസ്. എം.പിക്കു കുത്തേറ്റു. വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ ഹസ്തദാനം നല്‍കാനെന്ന വ്യാജേന എത്തിയ ആള്‍ സ്ഥാനാര്‍ത്ഥിയായ എംപിയെ കുത്തുകയായിരുന്നു. ദുബ്ബാക്ക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മേധക്ക് എം.പിയുമായ കോത്ത പ്രഭാകര്‍ റെഡ്ഡിയെയാണു കുത്തിയത്. അക്രമിയെ ബി.ആര്‍.എസ്. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കിയാണ് പൊലീസിലേല്‍പ്പിച്ചത്.

റഷ്യന്‍ വിമാനത്താവളത്തില്‍ ഇസ്രയേലി യാത്രക്കാര്‍ക്കുനേരെ ആക്രമണ ശ്രമവുമായി ജനക്കൂട്ടം. നൂറു കണക്കിന് ആളുകള്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറി.തോടെ വിമാനത്താവളം അടച്ചു. ഇസ്രായേലിലെ ടെല്‍ അവീവില്‍നിന്നുള്ള വിമാനം റഷ്യയിലെ ഡാഗ്സ്റ്റന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതോടെയാണ് ജനം വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *