night news hd 29

 

ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 2,22,377 പേര്‍ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്‌മെന്റില്‍ 84,794 സീറ്റുകളില്‍ കൂടി പ്രവേശനം ഉണ്ടാകും. സ്പോര്‍ട്‌സ് ക്വാട്ടയില്‍ 3,841 സീറ്റുണ്ട്. മൂന്ന് അലോട്ട്‌മെന്റുകളില്‍ ആയി 3,11,012 പേര്‍ പ്രവേശനം നേടും. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 23,914 സീറ്റും മാനേജ്മെന്റ് ക്വാട്ടയില്‍ 37,995 സീറ്റുമുണ്ട്. അണ്‍ എയിഡഡ് ക്വാട്ടയില്‍ 54,585 സീറ്റുണ്ട്. മൊത്തം 4,27,506 സീറ്റുണ്ട്. ഈ വര്‍ഷം എസ് എസ് എല്‍ സി പാസായവര്‍ 4,17,944 ആണ്. മന്ത്രി പറഞ്ഞു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു വെടിയേറ്റു. സഹരന്‍പൂരില്‍ ഇദ്ദേഹവും അനുയായികളും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ആസാദിന്റെ വയറിലാണു വെടിയേറ്റത്. വധശ്രമത്തിനു കാരണമെന്തെന്നും ആരെന്നും വ്യക്തമല്ല. ആരോഗ്യനിലയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. പോലീസിനു നല്‍കിയ മൊഴിയിലാണ് ഈ വിവരം. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ച അന്‍സില്‍ ജലീലിനോട് ജൂലൈ ഏഴിനു വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തില്‍ ധനകാര്യ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാക്കി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് എത്തുന്ന രബീന്ദ്രകുമാര്‍ ധനകാര്യ വകുപ്പ് സെക്രട്ടറിയാകും. സെക്രട്ടറിമാര്‍ക്കെല്ലാം അധികചുമതലായണു നല്‍കിയത്. ഷര്‍മിള മേരി ജോസഫിന് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെയും മൊഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും അധിക ചുമതല. കെഎസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെയും ഡോ രത്തന്‍ യു ഖേല്‍ക്കറിനു പരിസ്ഥിതി വകുപ്പിന്റെയും അധിക ചുമതല നല്‍കി. പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു ടൂറിസം വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഡോ എ കൗശിഗനെ ലാന്റ് റവന്യൂ കമ്മീഷണറാക്കി. ശ്രീറാം സാംബശിവ റാവുവിന് ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. ബി അബ്ദുള്‍ നാസറിന് സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ കൂടി ചുമതല നല്‍കി. കെ ഗോപാലകൃഷ്ണന് പിന്നോക്ക വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. കേരള ട്രാന്‍സ്‌പോര്‍ട് പ്രൊജക്ട് ഡയറക്ടറായി പ്രേം കൃഷ്ണനെ നിയമിച്ചു.

ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും ചേര്‍ന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ 1500 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നുമുള്ള വാര്‍ത്തയ്ക്കു മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലാഭ വിഹിതമായ 552 കോടി വിദേശത്തേക്ക് കടത്തിയെന്നാണ് ലീഡ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നത്.

ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പു കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണ്. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

മലപ്പുറം ചേളാരിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ കൊട്ടേഷന്‍ സംഘത്തിലെ ആറു പേര്‍ പിടിയിലായി. ഐഒസി പ്ലാന്റിനു സമീപം തിരൂര്‍ സ്വദേശികളായ യുവാക്കളെയാണ് കവര്‍ച്ച ചെയ്തത്. കൊണ്ടോട്ടി സ്വദേശികളായ സുജിന്‍, അഴിഞ്ഞിലം സ്വദേശി സുജിത്ത്, വാഴക്കാട് സ്വദേശി സുജീഷ്, സജിലേഷ്, രാമനാട്ടുകര സ്വദേശി മുഹമ്മദ്, ഇജാസ് എന്നിവരാണ് പിടിയിലായത്.

വിഴിഞ്ഞം അടിമലതുറയില്‍ രക്ഷിതാക്കള്‍ ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ വൈദികന്‍ പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നു പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖത്തറില്‍നിന്ന് ബഹ്റിനിലേക്കു പോയ രണ്ടു മലയാളി യുവാക്കള്‍ അപകടത്തില്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്.

ഭര്‍ത്താവിന്റെ വീട്ടില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനു ഇരയാക്കിയെന്ന പരാതിയില്‍ ഭര്‍ത്താവിന്റെ പിതാവിനെ അറസ്റ്റു ചെയ്തു. അഞ്ചാലുമൂട് തൃക്കരിവ് ഇഞ്ചവിള കഴിയില്‍ വീട്ടില്‍ ഖാലിദ് (55) ആണു പിടിയിലായത്. ഭര്‍ത്താവ് സെയ്തലി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്.

തടിയമ്പാട് ടൗണില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികന്‍ മരിച്ചു. കേശമുനി സ്വദേശി നെല്ലിക്കുന്നേല്‍ തോമസ് (86) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ സ്വകാര്യ ബസ് മറിഞ്ഞു. നിരവധി യാത്രക്കാര്‍ക്കു പരിക്കേറ്റു. കോഴിക്കോടു നിന്ന് കുന്ദമംഗലം ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു.

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതു തടയണമെന്നും ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ജൂലൈ ആറിലേക്കു മാറ്റി. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

തമിഴ്‌നാട്ടിലെ മധുരയില്‍ ബക്രീദ് നമസ്‌കാരം നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്തു സംഭവിക്കുമെന്നും കോടതി ചോദിച്ചു. മുരുക ക്ഷേത്രത്തോടു ചേര്‍ന്നുള്ള തിരുപറകുന്ദ്രം ദര്‍ഗയിലെ നമസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് രാമലിംഗയെന്നയാള്‍ കോടതിയെ സമീപിച്ചത്.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. ഭരണഘടന ഏക സിവില്‍ കോഡാണു വിഭാവനം ചെയ്യുന്നത്. വിപുലമായ ചര്‍ച്ചകള്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈ 13 ന്. ഉച്ചയക്കു രണ്ടരയ്ക്ക് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരിക്കും വിക്ഷേപണം. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേര്‍ക്കുന്ന ജോലികള്‍ അടുത്ത ദിവസങ്ങളിലായി പൂര്‍ത്തിയാക്കും.

യുഎഇയിലെ അജ്മാനിലെ അപാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തംമൂലം 256 താമസക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. അജ്മാന്‍ വണ്‍ റെസിഡന്‍ഷ്യല്‍ ടവറിലെ ടവര്‍ രണ്ടിലാണ് തീപിടിച്ചത്. 64 അപ്പാര്‍ട്ട്‌മെന്റുകളും 10 വാഹനങ്ങളും കത്തിനശിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *