സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഒക്ടോബര്‍ മാസം വരെ ചെലവാക്കിയത് 51 കോടി രൂപ. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ സിസ്ട്രയ്ക്കാണ് ഇത്രയും തുക നല്‍കിയത്. വിവരാവകാശ അപേക്ഷയ്ക്ക് റവന്യൂ വകുപ്പു നല്കിയ മറുപടിയിലാണ് ഈ വിവരം. പദ്ധതി റിപ്പോര്‍ട്ടു തയാറാക്കാന്‍ 29.29 കോടി രൂപയാണ് നല്‍കിയത്.
അട്ടപ്പാടിയിലെ ഗര്‍ഭിണിയെ തുണി മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. കടുകമണ്ണ ഊരിലെ സുമതി മുരുകന് എന്ന യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതിനു പിറകേ യുവതി പ്രസവിച്ചു. റോഡില്ലാത്തതിനാല്‍ ആംബുലന്‍സിന് എത്താന്‍ കഴിയാതിരുന്നതിനാലാണ് അര്‍ധരാത്രിയില്‍ ചുമന്ന് വാഹനത്തിനരികില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയതിനാല്‍ ദര്‍ശന സമയം കൂട്ടാമോയെന്ന് ഹൈക്കോടതി. ഒരു മണിക്കൂര്‍ കൂട്ടുന്നത് പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ തന്ത്രിയുമായ ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതി അറിയിച്ചു. നിലവില്‍ 18 മണിക്കൂറാണ് ദര്‍ശന സമയം. മരക്കൂട്ടത്ത് തിരക്കില്‍പെട്ട് പോലീസുകാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് ഹൈക്കോടതി സ്പെഷ്യല്‍ സിറ്റിംഗ് നടത്തിയത്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ‘അമ്മാവന് സിന്ട്രോം’ അവസാനിപ്പിക്കണമെന്ന് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. ശശി തരൂര്‍ അടക്കമുള്ളവര്‍ക്കെതിരേ അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും തന് പോരിമയുമാണ്. ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
കൂത്താട്ടുകുളം രാജീവ് ഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയില്‍നിന്ന് ഫാന്‍, ജനറേറ്റര്‍ എന്നിവ മോഷ്ടിച്ച പ്രതിക്കു രണ്ടു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കോട്ടയം വെടിയന്നൂര്‍ പുവക്കുടം പാറത്തടുഭാഗം നെടുംപുറത്ത് വീട്ടില്‍ വേലായുധനെ (അമ്പി 48) യാണ് മൂവാറ്റുപുഴ ജൂഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് ശിക്ഷിച്ചത്.
കോക്ക്പിറ്റില്‍ കയറാന്‍ ഷൈന്‍ ടോം ചാക്കോ ശ്രമിച്ചിട്ടില്ലെന്നു സംവിധായകന് സോഹന്‍ സീനുലാല്‍. വളരെ ക്ഷീണിതനായിരുന്ന ഷൈന്‍ ഫ്ളൈറ്റില്‍ കയറിയ ഉടനെ സീറ്റില്‍ കിടന്നു മയങ്ങാന്‍ ശ്രമിച്ചു. അപ്പോള്‍ ക്യാബിന് ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്തി. ഷൈന്‍ പെട്ടെന്ന് എണീറ്റ് മുന്നോട്ടു പോയപ്പോള്‍ ഷൈന്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചെന്നാണു കാബിന് ക്രൂ തെറ്റിദ്ധരിച്ചതെന്നു സോഹന്‍ സീനുലാല്‍ പറഞ്ഞു.
ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെങ്കിലും വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങല് നടത്തിയിട്ടുണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. എന്നാല്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവ പോലെ വര്‍ഗീയ പാര്‍ട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇപ്പോള്‍ ലീഗിനെ മുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണ്.
കാസര്‍കോട് വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശികളായ ഷൗക്കത്ത് മുഹമ്മദ്, മുഹമ്മദ് യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസമാണ് 32 വയസുകാരനായ പ്രിജേഷിനെ വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴ കടപ്പുറത്ത് പൊലീസ് എഎസ്ഐയുടെ മൃതദേഹം. എആര്‍ ക്യാമ്പിലെ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്.
അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ ഡോക്ടര്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. മിനി ഓടിച്ചിരുന്ന കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
മലമ്പുഴയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം. മലമ്പുഴ ചേമ്പന ഭാഗത്താണ് ആനക്കൂട്ടമെത്തിയത്. കൊമ്പനാനയും പിടിയാനയും കുട്ടികളും ഉള്‍പ്പെടെ പതിനഞ്ചിലധികം ആനകളാണ് കൂട്ടത്തിലുള്ളത്.
വര്‍ക്കല അയിരൂരില്‍ പതിനഞ്ചുകാരനെ കഞ്ചാവ് മാഫിയ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാര്‍. കേസ് പിന്‍വലിക്കാന്‍ നിരന്തര സമ്മര്‍ദ്ദമുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പുതിയ പരാതി. കേസില്‍ ഇതുവരേയും ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല. പതിനഞ്ചുകാരനെ നാലംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന ഒമ്പതു ദിവസംമുമ്പാണ് പോലീസിനു നല്‍കിയത്.
കാറില്‍ 15 കിലോ കഞ്ചാവ് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍. പെരുനെല്ലി ചന്തയ്ക്ക് സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ പ്രമോദ് (23) ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്.
മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനു നേരെ മഷിയാക്രമണം. മന്ത്രിയുടെ മുഖത്ത് മഷി എറിഞ്ഞ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഭൗറാവു പാട്ടീല്‍, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയവരെ അധിക്ഷേപിച്ചെന്നാരോപിച്ച് ചിഞ്ച്വാഡിലാണ് മഷിയാക്രമണം ഉണ്ടായത്.
നോബല്‍ സമ്മാനജേതാവായ മനുഷ്യാവകാശപ്രവര്‍ത്തകന്‍ യാന്‍ രാഷിന്സ്കിനോട് പുരസ്കാരം തിരിച്ചു നല്‍കണമെന്ന് റഷ്യ. ബെലറൂസിലെ ‘മെമ്മോറിയല്‍’ എന്ന പൗരാവകാശ സംഘടനയുടെ മേധാവിയാണ് യാന്‍ രാഷിന്‍സ്കി. ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് റഷ്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുരസ്കാരം നിരസിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ഖത്തറിലേക്കു സ്വന്തം വാഹനങ്ങളില്‍ പോകുന്നവന് മുന്‍കൂര്‍ പെര്‍മിറ്റ് എടുക്കണമെന്ന് മുന്നറിയിപ്പ്. പെര്‍മിറ്റില്ലാതെ അതിര്‍ത്തിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ചയക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.