mid day hd

മന്ത്രിമാരുടെ പേഴ്‌സണില്‍ സ്റ്റാഫായി നിയമിക്കുന്നതിനു പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി.  മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഈ പരിധി ബാധകമാക്കണം. യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിയമനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ നിയമനത്തിനു മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യം  കോതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി.

വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്ന് ഡിജിപി അനില്‍കാന്ത്. ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഡോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു ശ്രമം. പോലീസിന്റെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന് വാറ്റ് നിയമപ്രകാരം മുന്‍കാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച  സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അഞ്ഞൂറോളം അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ചരക്ക് സേവന നികുതി പ്രാബല്യത്തിലായെങ്കിലും 2003 ലെ വാറ്റ് നിയമ പ്രകാരം മുന്‍കാലങ്ങളിലെ നികുതി നിര്‍ണയിച്ച നടപടികള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി.

മില്‍മ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന വില വര്‍ധന നിലവല്‍ വന്നു. പാലിനു ലിറ്ററിന് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതില്‍ അഞ്ചു രൂപ കര്‍ഷകനു കിട്ടും. അരലിറ്റര്‍ തൈരിന് 35 രൂപയാകും.

ശനിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വിളംബര ജാഥകളും ഫ്‌ളാഷ് മോബുകളും. തിരുവനന്തപുരം കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിളംബര റാലിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു.

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ.കെ മഹേശന്റെ മരണത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസെടുത്തു. മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് മറ്റു പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള കുറ്റമാണ് ചുമത്തിയത്.

വിഴിഞ്ഞം സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന് അധിക്ഷേപിച്ച മന്ത്രി അബ്ദുറഹമാന്റെ പേരില്‍തന്നെ വര്‍ഗീയതയുണ്ടെന്നു വിമര്‍ശിച്ച വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വര്‍ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കുന്ന പ്രസ്താവന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. വികസനത്തിന് തടസം നില്‍ക്കുന്നതു ദേശദ്രോഹമെന്നാണ് താന്‍ പറഞ്ഞത്. നാവിന് എല്ലില്ലെന്നു വച്ച് ഒന്നും പറയണ്ടെന്നും അബ്ദുറഹമാന്‍ പറഞ്ഞു.

വിഴിഞ്ഞം വിഷയത്തില്‍ സിപിഎം മലക്കം മറിയുകയാണെന്നും യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവര്‍ ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും മുരളീധരന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത ആളാണ് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. പൊലീസ് സ്റ്റേഷന്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മുരളീധരന്‍ പറഞ്ഞു.

ഭര്‍ത്താവിനെ കാമുകനുമൊത്തു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സൗജത്തിന്റെ മരണകാരണം കഴുത്തില്‍ ഷാള്‍ മുറുകിയതുകൊണ്ടല്ല, വലതു നെറ്റിക്കുള്ളില്‍ ചതവുമൂലമുള്ള രക്തസ്രാവമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൗജത്ത് കിടന്നിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഷം കഴിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കാമുകന്‍ ബഷീറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.

കോഴിക്കോട് കോര്‍പറേഷനിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് നാഷണല്‍  ബാങ്ക് മുന്‍ മാനേജര്‍ റിജിലിനെ സസ്‌പെന്റ് ചെയ്തു. ടൗണ്‍ പൊലീസ് ബാങ്ക് അക്കൗണ്ട് പരിശോധിക്കും. ലിങ്ക് റോഡ് ശാഖയിലെ 13 അക്കൗണ്ടില്‍നിന്നാണ് തുക നഷ്ടപ്പെട്ടത്. റിജില്‍ ഒളിവിലാണ്.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ കെ നിഹാദ് ഷാന്‍ (24), സഹൃത്ത് മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ്   പിടികൂടിയത്.

ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് ഈ വരികള്‍ അദ്ദേഹം കുറിച്ചത്. രണ്ടാഴ്ച മുമ്പ് ഇന്ത്യോനേഷ്യന്‍ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയിലാണ് അടുത്ത ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *