അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ബാങ്കുകള്‍ ഫൈന്‍ ഈടാക്കുന്നത് പതിവാണ്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ആക്‌സിസ് ബാങ്ക്. മിനിമം ബാലന്‍സ് നിബന്ധനയില്ലാതെ, സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കി സേവിംഗ്‌സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള അവസരമാണ് ആക്‌സിസ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. ‘ഇന്‍ഫിനിറ്റി സേവിംഗ്‌സ് അക്കൗണ്ട്’ എന്ന പേരിലാണ് ആക്‌സിസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി നിശ്ചിത തുക ബാങ്കില്‍ അടയ്‌ക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് 150 പ്രതിമാസമോ, ഒരു വര്‍ഷത്തേക്ക് 1,650 രൂപയോ അടച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണ്. ഈ പദ്ധതി പ്രകാരം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വരിസംഖ്യ ഈടാക്കുകയും, കാലാവധി പുതുക്കി നിശ്ചയിക്കുകയും ചെയ്യും. പ്രതിമാസ മിനിമം ബാലന്‍സ്, പ്രൈമറി കാര്‍ഡ് ഇഷ്യുവന്‍സ് ഫീസ്, വാര്‍ഷിക ഫീസ്, ചെക്ക് ബുക്ക് ഉപയോഗത്തിനുള്ള ഫീസ്, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നിരക്ക്, പരിധി കവിഞ്ഞുള്ള പണം നിക്ഷേപിക്കുന്നതിനുള്ള ചാര്‍ജ്ജ്, മാതൃശാഖയിലൂടെയല്ലാത്ത ഇടപാടിനുള്ള ചാര്‍ജ്ജുകള്‍, സൗജന്യപരിധിക്ക് ശേഷമുള്ള പണം പിന്‍വലിക്കലിനുളള ഫീസ്, സേവിംഗ്‌സ് അക്കൗണ്ടില്‍ പണമില്ലാത്താതിനാല്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് പരാജയപ്പെട്ടതിനുള്ള ഫീസ് തുടങ്ങി 40 ഓളം ചാര്‍ജ്ജുകളാണ് ഇന്‍ഫിനിറ്റി സേവിംഗ്‌സ് അക്കൗണ്ടില്‍ ഒഴിവാക്കിയിരിക്കുന്നത്.