റോക്കിംഗ് സ്റ്റാര്‍ യാഷ് നായകനാകുന്ന ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയില്‍ മാറ്റം വരുത്തിയതായി നിര്‍മാണ കമ്പനികളായ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും കെ.വി.എന്‍ പ്രൊഡക്ഷന്‍സും അറിയിച്ചു. 2026 ജൂണ്‍ 4ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം, പുതിയ തീയതിയില്‍ ആഗോളതലത്തില്‍ വിപുലമായി റിലീസ് ചെയ്യും. പുതുക്കിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. യാഷിനൊപ്പം നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും.
