ആഗോളവിപണിയില്‍ ടെസ്ല മോട്ടോര്‍സിന്റെ മുഖ്യ എതിരാളിയും വിയറ്റ്നാമീസ് വാഹന നിര്‍മാണ കമ്പനിയുമായ വിന്‍ഫാസ്റ്റ് ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യാനാണ് പദ്ധതി. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 2 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) ചെലവിട്ട് നിര്‍മിക്കുന്ന ഫാക്ടറി ഇക്കൊല്ലം പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 4,000 കോടി രൂപയാണ് കമ്പനി ഇവിടെ മുടക്കുന്നത്. 2,500 മുതല്‍ 3,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണിത്. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഫാക്ടറിക്കാകും. ഇതിനൊപ്പം ബാറ്ററി നിര്‍മാണം, ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍ തുടങ്ങി ഇലക്ട്രിക് വാഹന രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും കമ്പനിക്ക് പദ്ധതിയുണ്ട്. വിന്‍ഫാസ്റ്റ് ഗ്രൂപ്പിലെ വി-ഗ്രീന്‍ എന്ന കമ്പനി രാജ്യത്ത് ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ പങ്കാളിത്തവും തേടുന്നുണ്ട്.