ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളില്‍ വൈ-ഫൈ സേവനങ്ങള്‍ ആരംഭിക്കുന്നതായി എയര്‍ ഇന്ത്യ പ്രഖ്യാപനം. എയര്‍ബസ് എ350, ബോയിങ് 787-9, തെരഞ്ഞെടുത്ത എയര്‍ബസ് എ321നിയോ എന്നിവയുള്‍പ്പെടെ വിവിധ വിമാനങ്ങളില്‍ സേവനം ലഭ്യമാകും. ഇതോടെ ഇന്ത്യയില്‍ വിമാനങ്ങളില്‍ വൈ-ഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്ന ആദ്യത്തെ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി. വൈഫൈ സേവനം ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയ ഡിവൈസുകളില്‍ വൈഫൈ ഉപയോഗിക്കാം. വിമാനം പതിനായിരം അടിക്ക് മുകളില്‍ പറക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ഒന്നിലധികം ഡിവൈസുകള്‍ ഒരേസമയം കണക്ട് ചെയ്യാന്‍ കഴിയും. വൈ-ഫൈ കണക്റ്റുചെയ്യാന്‍, യാത്രക്കാര്‍ വൈ-ഫൈ മോഡ് ഓണ്‍ ആക്കിയ ശേഷം ‘എയര്‍ ഇന്ത്യ വൈ-ഫൈ’ നെറ്റ്വര്‍ക്ക് തെരഞ്ഞെടുക്കുക, പിന്നിട് പോര്‍ട്ടലില്‍ പിഎന്‍ആറും ലാസ്റ്റ് നെയിമും നല്‍കുക. ആഭ്യന്തരസര്‍വീസുകളില്‍ തുടക്കത്തില്‍ വൈഫൈ സേവനം സൗജന്യമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.