ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കായി ഏറ്റവും വലിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഡിസൈനില്‍ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡിലും ഇനിമുതല്‍ ഐ.ഒ.എസിലേത് പോലെ ‘ബോട്ടം നാവിഗേഷന്‍ ബാര്‍’ അവതരിപ്പിക്കാന്‍ പോവുകയാണ്. വിവിധ ഓപ്ഷനുകളിലേക്ക് എളുപ്പത്തില്‍ പോകാന്‍ ‘താഴെയുള്ള നാവിഗേഷന്‍ ബാര്‍’ സഹായിക്കും. ഐ.ഒ.എസില്‍ നിന്ന് ആന്‍ഡ്രോയ്ഡിലേക്ക് മാറുന്നവര്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോഴാകും. കാരണം, വിവിധ ഓപ്ഷനുകളിലേക്ക് പോകണമെങ്കില്‍ വിരല്‍ സ്‌ക്രീനിന്റെ ഏറ്റവും മുകളിലേക്ക് എത്തിക്കണം. പുതിയ ബീറ്റ അപ്ഡേറ്റ് പതിപ്പ് 2.23.8.4 ന്റെ ഭാഗമായി ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായി ഈ ഫീച്ചര്‍ എത്താന്‍ പോകുന്ന കാര്യം വാബീറ്റഇന്‍ഫോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. അതേസമയം, പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ എപ്പോഴാണ് അപ്‌ഡേറ്റിലൂടെ സാധാരണ യൂസര്‍മാരിലേക്ക് എത്തുകയെന്ന കാര്യത്തില്‍ ഇപ്പോള്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല. അതുപോലെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ ‘ലോക്ക് ചാറ്റ്’ സവിശേഷതയും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍.