ഫോണ്‍ വിളിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ച് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.