ചാറ്റിങ് കൂടുതല്‍ എളുപ്പമാക്കാന്‍ വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മെസേജ് റിപ്ലേകള്‍ ത്രെഡ് ചെയ്ത സംഭാഷണങ്ങളാക്കി ക്രമീകരിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ ആശയവിനിമയം എളുപ്പമാക്കുന്നതിനും ഒരു പ്രത്യേക വിഷയത്തില്‍ കേന്ദ്രീകരിച്ചുള്ള സന്ദേശങ്ങള്‍ അയ്ക്കുന്നതും കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. ഇത്തരത്തില്‍ ത്രെഡ് ചെയ്ത് സംഭാഷണങ്ങള്‍ നടത്താന്‍ കഴിയുന്ന ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് വാട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പില്‍ ലഭ്യമാണ്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഉപയോക്താക്കള്‍ നല്‍കുന്ന മറുപടികള്‍ അവര്‍ ഏത് വിഷയത്തിലാണ് പ്രതികരിക്കുന്നത് യഥാര്‍ഥ സന്ദേശത്തിന് കീഴില്‍ ഒരു പുതിയ ത്രെഡ് ഓട്ടോമാറ്റിക്കായി സൃഷ്ടിക്കപ്പെടും. ഇത്തരത്തില്‍ ഒരു ത്രെഡ് തുറക്കുമ്പോള്‍, അതുസംബന്ധിച്ച സംഭാഷണങ്ങളുടെ എല്ലാം പൂര്‍ണ്ണമായ അവലോകനം ദൃശ്യമാകും. കൂടാതെ ത്രെഡിലേക്ക് കൂടുതല്‍ സന്ദേശങ്ങള്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ കഴിയും. ഈ മറുപടി ‘ഫോളോ അപ്പ് റിപ്ലെ’ ആയി അടയാളപ്പെടുത്തും.