Untitled design 20240805 173357 0000

ഉരുൾപൊട്ടലും മണ്ണിടിച്ചിലും വരുമ്പോഴാണ് നമ്മൾ കൂടുതലായും പരിസ്ഥിതി ലോല പ്രദേശം എന്ന വാക്ക് കേൾക്കുന്നത്. അറിയാക്കഥകളിലൂടെ ഇന്ന് നമുക്ക് പരിസ്ഥിതി ലോല പ്രദേശം എന്താണെന്ന് നോക്കാം…..!!

പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം (Eco Sensitive Zone-ESZ) അല്ലെങ്കിൽ പരിസ്ഥിതി ദുർബലമായ പ്രദേശങ്ങൾ (Ecologically Fragile Areas-EFA) എന്ന് അറിയപ്പെടുന്നത് . ഇത്തരം പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക വഴി സംരക്ഷിത പ്രദേശങ്ങളിലേക്ക് “ഷോക്ക് അബ്സോർബറുകൾ” സൃഷ്ടിക്കുക എന്നതാണ് ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യം.

ഉയർന്ന പരിരക്ഷയുള്ള പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞ പരിരക്ഷയുള്ള മേഖലകളിലേക്കുള്ള പരിവർത്തന മേഖലയായും ഇത്തരം മേഖലകൾ വർത്തിക്കുന്നു. പ്രധാനമായും ജൈവ വൈവിധ്യത, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളുടെയോ ജന്തുക്കളുടെയോ സാന്നിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, മഴയുടെ അളവും തീക്ഷ്ണതയും എന്നിവയെല്ലാം ദുർബലത കണക്കാക്കുന്നതിനുള്ള ഘടകങ്ങളാണ്. പാരിസ്ഥിതിക ലോലത കണക്കാക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .

ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജൈവശാസ്‌ത്രപരമായ ഘടകങ്ങൾ.വൈവിധ്യവും സമ്പന്നതയും, അപൂർവ ജനുസ്സുകളെ സംബന്ധിച്ച വിവരങ്ങൾ, ജൈവവർഗങ്ങളുടെ ആവാസവ്യവസ്ഥ, ഉൽപാദനക്ഷമത, പാരിസ്ഥിതികവും ചരിത്രപര വുമായ പ്രാധാന്യം എന്നിവയെ കുറിച്ചാണ് ജൈവശാസ്ത്രപരമായ ഘടകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നീട് പറയുന്നത് ഭൗമഘടകങ്ങളെ കുറിച്ചാണ്.ഭൂതല സവിശേഷതകൾ, കാലാവസ്ഥ, മഴ, പ്രകൃതിദുരന്തസാധ്യത എന്നിങ്ങനെ എല്ലാം ഇവയിലൂടെയാണ് നിശ്ചയിക്കപ്പെടുന്നത്.

പ്രധാനപ്പെട്ട മറ്റൊന്ന് സാമൂഹികഘടകങ്ങൾ ആണ്.ജനാഭിപ്രായ സ്വരൂപണം, ബന്ധപ്പെട്ട വരുടെ അഭിപ്രായങ്ങൾ എന്നിങ്ങനെയുള്ളവ ഇതിൽ കൃത്യമായി പരിഗണിക്കുന്നുണ്ട് .ഈ ഘടകങ്ങൾ ഓരോന്നിനും നൽകിയ മാർക്കുകളുടെ (Weightage) അടിസ്ഥാനത്തിൽ അവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ വിവിധ മേഖലകളെ പാരി സ്ഥിതിക ലോല പ്രദേശങ്ങളായി തരംതിരിക്കുകയായിരുന്നു.

പരിസ്ഥിതി ദുർബലപ്രദേശത്ത് ചിലതരം മാനുഷിക ഇടപെടലുകൾ, അവയുടെ പ്രത്യാഘാതങ്ങളുടെ വ്യാപ്തിക്കനുസരിച്ച് പൂർണമായോ ഭാഗികമായോ നിരോധിക്കുന്ന വ്യവസ്ഥകൾ മിക്ക രാജ്യങ്ങളുടെയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരിസ്ഥിതി ദുർബല മേഖലകളിൽ ഖനനം, മണൽ വാരൽ, മരം മുറിക്കൽ എന്നിവയ്ക്ക് കർശനമായ നിയന്ത്രണം ഉണ്ടാകും.

കസ്തൂരി രംഗൻ റിപ്പോർട്ടാണ് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അടിസ്ഥാന രേഖയായി കേരള സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. ഗാഡ്‌ഗിൽ സമിതിയുടെ നിർദ്ദേശങ്ങൾ വേറെയുണ്ട്.പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിരുകൾ നിർണ്ണയിക്കേണ്ടത് സംസ്ഥാനസർക്കാരുകളും പഞ്ചായത്തുകളും ചേർന്നാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

ഗാഡ്‌ഗിൽ സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ ഇവയാണ്: മണ്ടക്കൽ-പനത്തടി, പൈതൽമല, ബ്രഹ്മഗിരി-തിരുനെല്ലി, പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങൾ, കുറുവ ദ്വീപ്, കുറ്റ്യാടി-പെരിയ-കൽപ്പറ്റ, നിലമ്പൂർ-മേപ്പാടി, സൈലന്റ് വാലി, മണ്ണാർക്കാട്-ശിരുവാണി-മുത്തുക്കുളം, നെല്ലിയാമ്പതി-പറമ്പിക്കുളം, പീച്ചി-വാഴാനി, പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാർ, മൂന്നാർ-ഇരവിക്കുളം-ചിന്നാർ, ഏലമലക്കാടുകൾ, പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, കുളന്തുപ്പുഴ-തെന്മല, അഗസ്ത്യമല-നെയ്യാർ-പേപ്പാറ തുടങ്ങിയവയാണ്.

കേരള വനം നിയമം 2003-ൽ വിവരിക്കുന്ന പരിസ്ഥിതി ദുർബല പ്രദേശവും ഗാഡ്ഗിൽ – കസ്തൂരി രംഗൻ നിർദ്ദേശിച്ചിരിക്കുന്ന പരിസ്ഥിതിലോല പ്രദേശവും ഒന്നല്ല. ഗാഡ്ഗിൽ-കസ്തൂരിരംഗുൻ ശുപാർശകളെക്കാൾ കർക്കശമാണ് 2003-ലെ പരിസ്ഥിതി ദുർബല പ്രദേശം ഏറ്റെടുക്കൽ നിയമം. മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച് ഉയർന്ന ആശങ്കകൾ പരിഗണിച്ച് പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയോഗിക്കുകയാണ് ഉണ്ടായത്.

കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. നിർദ്ദേശങ്ങൾ 2013 നവംബർ 14 മുതൽ ബാധകമാക്കി. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോൾ ചില പ്രദേശങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കി, ജൈവ വൈവിധ്യ ബോർഡ് മറ്റൊരു റിപ്പോർട്ട് കേന്ദ്ര സർക്കാറിന് നൽകി. അതിപ്പോഴും കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.

ഓരോ വർഷവും വരുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും എല്ലാം നമുക്ക് ഇവയെ കുറിച്ച് എല്ലാമുള്ള പുതിയ ധാരണകളാണ് ഉണ്ടാക്കിത്തരുന്നത്. പരിസ്ഥിതി ലോല പ്രദേശം എന്ന് കാണിച്ച് തന്നിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ അപകടങ്ങൾ വർഷം തോറും കൂടി വരികയാണ്. ഇവിടങ്ങളിൽ അധിവസിക്കുന്നവരുടെ ജീവൻ സംരക്ഷിക്കാൻ നടപടികൾ എടുക്കേണ്ട സാഹചര്യം അതിക്രമിച്ചു കഴിഞ്ഞു. ഇനിയും വിവിധ സമിതികളുടെ റിപ്പോർട്ടുകൾ പരിഗണിച്ചില്ലെങ്കിൽ വീണ്ടും വിലപ്പെട്ട പല ജീവനുകളും നമുക്ക് നഷ്ടമായേക്കും.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *