അമിതമായ വിശപ്പ്, അമിതമായ ദാഹം, അടിക്കടി മൂത്രം ഒഴിക്കാനുള്ള പ്രവണത ഇവയാണ് പ്രമേഹത്തിന്റെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍. ഇതിന് പുറമെ ക്ഷീണം/ തളര്‍ച്ച, ശരീരഭാരം കുറയുക, മുറിവുകളുണ്ടായാല്‍ അത് ഉണങ്ങാന്‍ കാലതാസം, കാലുകളില്‍ മരവിപ്പ്, സ്വകാര്യഭാഗങ്ങളില്‍ ചൊറിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും പ്രമേഹലക്ഷണമായി കാണാം. ഈ ലക്ഷണങ്ങളെല്ലാം തന്നെ ഒരു രോഗിയില്‍ കാണമമെന്നില്ല. ഇവ ഏറിയും കുറഞ്ഞും ഓരോ രോഗിയില്‍ കാണാം. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് പാദസംരക്ഷണം. മുറിവുകള്‍ ഉണ്ടായാല്‍ പെട്ടെന്ന് ചികിത്സ തേടണം. അല്ലാത്ത പക്ഷം മുറിവുണങ്ങാതെ അത് അവയവം നീക്കം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ ക്രമേണ എത്താം. ഗ്ലൂക്കോസ് പരിശോധനയിലൂടെ (ഭക്ഷണത്തിന് മുമ്പേയും ഭക്ഷണശേഷവും) രോഗം ഉണ്ടെന്നു കണ്ടെത്താം. ഭക്ഷണത്തിനു മുമ്പ് ഗ്ലൂക്കോസിന്റെ അളവ് 126mg/dlല്‍ കൂടുതലും ഭക്ഷണശേഷം 200mg/dl കൂടുതലും ആണെങ്കില്‍ പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തണമെന്നാണ് സൂചന. കൃത്യമായ ചികിത്സയും ഭക്ഷണനിയന്ത്രണവും ഇല്ലെങ്കില്‍ കാഴ്ച തകരാറുകള്‍, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയുണ്ടാകാന്‍ പ്രമേഹം കാരണമാകും. മധുരം കഴിയുന്നതും ഒഴിവാക്കുക. ഇലക്കറികള്‍, സാലഡ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഒരേസമയം കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ ഇടവേളകളില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമനുസരിച്ചുള്ള വ്യായാമം പ്രമേഹത്തിന് നല്ലതാണ്. വ്യായാമം ചെയ്യുമ്പോള്‍ ശരീരം നന്നായി വിയര്‍ക്കുന്ന തരത്തിലാണ് ചെയ്യേണ്ടത്. നടക്കുമ്പോള്‍ 40 മിനുറ്റ് എങ്കിലും നടക്കാന്‍ ശ്രമിക്കുക. നീന്തല്‍, സൈക്ലിംഗ് തുടങ്ങിയവയും ചെയ്യാവുന്നതാണ്. ഒരുപാട് കാലം ഷുഗര്‍ നിയന്ത്രിക്കാതെ ഇരുന്നാല്‍ ശരീരമാകെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കും. കണ്ണുകള്‍, വൃക്കകള്‍, ഹൃദയം, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ തന്നെ രോഗം നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.