കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്‍-ഐഡിയ പാപ്പരത്ത ഹര്‍ജി നല്‍കാന്‍ നീക്കം നടത്തുന്നതായി സൂചന. കമ്പനി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും പാപ്പരത്ത ഹര്‍ജി നല്‍കേണ്ടി വരുമെന്നും കേന്ദ്ര ടെലികോം വകുപ്പിന് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയതായി സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഷെയറുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും സഹായം നല്‍കാന്‍ രാജ്യത്തെ ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ രണ്ട് രീതികളിലായി 63,000 കോടി രൂപയുടെ ഷെയറുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കമ്പനിക്ക് ഇപ്പോഴും 17.5 കോടി വരിക്കാരുണ്ട്. എന്നാല്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ വിമുഖത കാണിക്കുകയാണ്. ബാങ്കുകളോ സര്‍ക്കാരോ പിന്തുണച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത ഓഹരികളുടെ മൂല്യമുള്‍പ്പടെ വലിയ തോതില്‍ ഇടിയുമെന്നും മുന്നറിയിപ്പുണ്ട്. പിഴ ഇനത്തിലും പലിശ ഇനത്തിലും കമ്പനി നല്‍കാനുള്ള 30,000 കോടി രൂപ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് വൊഡാഫോണ്‍-ഐഡിയ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.