വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞുകൊണ്ട് സമരസമിതി. തുടർന്ന് പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വിഴിഞ്ഞം പദ്ധതിപ്രദേശം യുദ്ധക്കളമായി മാറി. ലോറിക്കുമുന്നിൽ പ്രതിഷേധക്കാർ കിടന്ന് വണ്ടി തടഞ്ഞു. എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.
ഏറ്റുമുട്ടൽനടത്തിയവരെ അനുനയിപ്പിക്കാൻ പോലീസ് വളരെയധികം പാടുപെട്ടു. നൂറ്റമ്പതോളം ദിവസമായി നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. കോടതി നിർദ്ദേശത്തെ തുടർന്നാണ് ലോറിയിൽ നിർമ്മാണ സാമഗ്രികളുമായെത്തിയത്.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണത്തോടെ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. സർക്കാരിനെയും അറിയിച്ചിരുന്നു.സർക്കാർ ഒരുക്കിയ സുരക്ഷാ സന്നാഹം മറികടന്നാണ് സമരക്കാർ ലോറി തടഞ്ഞത്. അതാണ് സംഘർഷത്തിന് വഴിവച്ചത് .