ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വോയിസ് നോട്ടുകളിലും ‘വ്യൂ വണ്‍സ്’ എത്തി. മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ വാട്‌സ്ആപ്പ് പങ്കുവെച്ചിരുന്നു. നിലവില്‍, വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ്. അധികം വൈകാതെ മുഴുവന്‍ ആളുകളിലേക്കും പുതിയ ഫീച്ചര്‍ എത്തിക്കാനുള്ള ശ്രമം വാട്‌സ്ആപ്പ് നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ സന്ദേശങ്ങളില്‍ കൂടുതല്‍ സ്വകാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വോയിസ് നോട്ടുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വ്യൂ വണ്‍സ് ആയി സെറ്റ് ചെയ്തിട്ടുള്ള വോയ്‌സുകള്‍ എക്‌സ്‌പോര്‍ട്ട്, ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്നും, സേവ് ചെയ്യുന്നതില്‍ നിന്നും, റെക്കോര്‍ഡ് ചെയ്യുന്നതില്‍ നിന്നും സ്വീകര്‍ത്താവിനെ തടയുന്നു. വ്യൂ വണ്‍സ് എന്ന ഓഡിയോ സന്ദേശം സ്വീകര്‍ത്താവ് ഒരിക്കല്‍ കേട്ടാല്‍ അവ ഉടന്‍ തന്നെ അപ്രത്യക്ഷമാകും. അതായത്, ഇത്തരം ഓഡിയോകള്‍ ഒരുതവണ മാത്രമേ പ്ലേ ചെയ്യാന്‍ കഴിയുകയുള്ളൂ. ഉപഭോക്താക്കളുടെ എല്ലാ വ്യക്തിഗത സന്ദേശങ്ങളെയും പോലെ, വാട്‌സ്ആപ്പ് വോയിസ് സന്ദേശങ്ങളെയും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് സംരക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ആഗോളതലത്തിലെ മുഴുവന്‍ ഉപഭോക്താക്കളിലേക്കും വ്യൂ വണ്‍സ് വോയിസ് ഫീച്ചര്‍ എത്തിക്കാനാണ് വാട്‌സ്ആപ്പിന്റെ ശ്രമം.