ലാല്‍ ജോസ് സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിലൂടെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍ സൃഷ്ടിച്ചയാളാണ് വിദ്യാസാഗര്‍. ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം സോളമന്റെ തേനീച്ചകളിലും വിദ്യാസാഗര്‍ ആണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ആനന്ദമോ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് അഭയ് ജോധ്പുര്‍കറും അന്വേഷയും ചേര്‍ന്നാണ്. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിന്‍സി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആസിഫ് അലി, റോഷന് മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ ഈ പ്രോജക്റ്റ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. നിഖില വിമല്‍ ആണ് നായിക.
പ്രാരംഭ ഓഹരി വില്പനയില്‍ (ഐ.പി.ഒ) 2021 കാഴ്ചവച്ച റെക്കാഡ് മുന്നേറ്റത്തെ കടത്തിവെട്ടുമെന്ന ആവേശത്തോടെ 2022ന്റെയും കുതിപ്പ്. ഐ.പി.ഒയിലൂടെ ഓഹരിവിപണിയില്‍ കന്നിച്ചുവട് വയ്ക്കാനായി സെബിക്ക് നടപ്പുവര്‍ഷം ഇതുവരെ അപേക്ഷ സമര്‍പ്പിച്ചത് 46 കമ്പനികളാണ്; ഇവ സംയുക്തമായി ലക്ഷ്യമിടുന്ന സമാഹരണം 52,000 കോടി രൂപയും. ഈ മാസത്തെ ആദ്യ രണ്ടാഴ്ചയില്‍ മാത്രം ഏഴ് കമ്പനികള്‍ അപേക്ഷ (ഡ്രാഫ്റ്റ് റെഡ്-ഹെറിംഗ് പ്രോസ്പെക്ടസ് – ഡി.ആര്‍.എച്ച്.പി) നല്‍കി. ആഗോള, ആഭ്യന്തരതലത്തിലെ വെല്ലുവിളികളെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി-ജൂണില്‍ ഇന്ത്യന്‍ ഓഹരിസൂചികകള്‍ 13 ശതമാനത്തോളം ഇടിഞ്ഞിരുന്നു. പിന്നീട് മെല്ലെ കരകയറിയ ഓഹരിവിപണി 17 ശതമാനം നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഐ.പി.ഒ വിപണി വീണ്ടും സജീവമായത്. ജൂണിന് ശേഷം ഇതുവരെ 25 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. 2022ല്‍ ഇതുവരെ 17 കമ്പനികള്‍ ഐ.പി.ഒ നടത്തി 41,783 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓഹരികള്‍ വീണ്ടും വന്‍തോതില്‍ വാങ്ങിക്കൂട്ടി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ). ഈ മാസം ഇതുവരെ 44,481 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. ജൂലായില്‍ 5,000 കോടി രൂപയ്ക്കും ഓഹരികള്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജൂണ്‍വരെ തുടര്‍ച്ചയായി എല്ലാമാസവും നിക്ഷേപം പിന്‍വലിച്ചശേഷമാണ് വിദേശ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങിത്തുടങ്ങിയത്. ഒക്ടോബര്‍-ജൂണില്‍ 2.46 ലക്ഷം കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്; ഇത് റെക്കാഡ് നഷ്ടമായിരുന്നു. അതേസമയം, ഡോളറിനെതിരെ രൂപയുടെ പ്രകടനം, നാണയപ്പെരുപ്പത്തിന്റെ ഗതി, ആഗോളതലത്തില്‍ ഉയരുന്ന പലിശനിരക്ക്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ജൂണ്‍പാദ പ്രവര്‍ത്തനഫലം എന്നിവ വരുംമാസങ്ങളില്‍ വിദേശനിക്ഷേപത്തിന് ചാഞ്ചാട്ടത്തിന് ഇടയാക്കുമെന്ന് നിരീക്ഷകര്‍ വാദിക്കുന്നുണ്ട്. ഈമാസം ഒന്നുമുതല്‍ 19 വരെയുള്ള കണക്കുപ്രകാരം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ കടപ്പത്ര വിപണിയിലും 1,673 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
സിരകളില്‍ റേസിംഗ് ഡി.എന്‍.എയുമായി പോര്‍ഷയുടെ പുതിയ 911 ജി.ടി3 ആര്‍.എസ് വിപണിയില്‍. ഏറെ സ്വീകാര്യതയുള്ള 911 ശ്രേണിയിലെ പുതുമുഖമായ ഈ മോഡല്‍ 3.2 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്ന് പോര്‍ഷ പറയുന്നു. മണിക്കൂറില്‍ 296 കിലോമീറ്ററാണ് ടോപ് സ്പീഡ്. മൂന്ന് ഡ്രൈവിംഗ് മോഡുകളുണ്ട് – നോര്‍മല്‍, സ്‌പോര്‍ട്ട്, ട്രാക്ക്. 525 എച്ച്.പി കരുത്തും 465 എന്‍.എം ടോര്‍ക്കുമുള്ളതാണ് 4.0 ലിറ്റര്‍ എന്‍ജിന്‍. 7-സ്പീഡ് പോര്‍ഷ ഡോപ്പല്‍കുപ്‌ളംഗ് (പി.കെ.ഡി) ട്രാന്‍സ്മിഷന്‍ സംവിധാനമാണുള്ളത്. 911 ആര്‍.എസ്.ആര്‍., 911 ജി.ടി3 ആര്‍ എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന്റെ നിര്‍മ്മാണം.
തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ നിഷ്‌കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് നിയോഗസ്മൃതി. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ജ്ഞാനവും നര്‍മ്മവും കയ്പും മധുരവും സ്‌നേഹവും ചതിയും ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞുനില്‍ക്കുന്ന ഈ നോവല്‍ പോയകാലത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള മാറ്റത്തിന്റെ വളര്‍ച്ചകൂടിയാണ്. ‘നിയോഗസ്മൃതി’. മല്ലിക വേണുകുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 280 രൂപ.
വയറിന്റെ ആരോഗ്യം നല്ലതായി ഇരുന്നാല്‍ തന്നെ ആകെ ആരോഗ്യം നല്ലതായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയാറ്. അത്രമാത്രം പ്രധാനമാണ് വയറിന്റെ ആരോഗ്യം. എന്നാല്‍ പലര്‍ക്കും ഇത് കൃത്യമായി സൂക്ഷിച്ചുകൊണ്ടുപോകാന്‍ സാധിക്കാറില്ല എന്നതാണ് സത്യം. ജീവിതരീതികളിലെ പോരായ്മകള്‍ തന്നെയാണ് പ്രധാന കാരണം. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും അടക്കമുള്ള ഡയറ്റ് പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ എന്നീ മൂന്ന് കാര്യങ്ങളാണ് വയറിനെ കാര്യമായും ബാധിക്കുക. കാര്യമായെന്ന് പറഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന അത്രയും തീവ്രമായിത്തന്നെ വയറിന്റെ ആരോഗ്യം അവതാളത്തിലാകാന്‍ ഈ മൂന്ന് കാര്യങ്ങള്‍ മതി. എപ്പോഴും ഗ്യാസ്ട്രബിള്‍, വയര്‍ വീര്‍ത്തുകെട്ടല്‍, ഏമ്പക്കം, മലബന്ധം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട് നേരിട്ട് കാണാവുന്ന ലക്ഷണങ്ങളാണ്. ഇവയെല്ലാം പതിവായി കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്. വയറിന്റെ ധര്‍മ്മം വെറും ഭക്ഷണം ദഹിപ്പിക്കല്‍ മാത്രമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല. നമ്മുടെ മാനസികാവസ്ഥ എങ്ങനെയിരിക്കണമെന്നത് നിര്‍ണയിക്കുന്നതില്‍ വരെ വയറിന്റെ ആരോഗ്യത്തിന് പങ്കുണ്ട്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ സമൂഹം നമ്മുടെ സന്തോഷത്തെയും സമാധാനത്തെയുമെല്ലാം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വയര്‍ ബാധിക്കപ്പെട്ടാല്‍ ഇതിനോട് അനുബന്ധമായി സ്‌ട്രെസ്, ഉത്കണ്ഠ, വിഷാദം എന്നിവയും അനുഭവപ്പെടാം. ഇവയ്ക്ക് പുറമെ സ്‌കിന്‍ പ്രശ്‌നങ്ങള്‍, പ്രതിരോധ ശേഷി കുറയല്‍ എന്നീ പ്രശ്‌നങ്ങളും വയറിന്റെ ആരോഗ്യം അവതാളത്തിലാകുന്നതിന്റെ ഭാഗമായി കാണാം. പച്ചക്കറികളും പഴങ്ങളും അടക്കം ‘ബാലന്‍സ്ഡ്’ ആയി ഭക്ഷണം കഴിക്കുന്നതിലൂടെയും ദിവസവും 8 മണിക്കൂറെങ്കിലും ആഴത്തിലും തുടര്‍ച്ചയായും ഉറങ്ങുന്നതിലൂടെയും കായികമായ കാര്യങ്ങളില്‍ മുഴുകുന്നതിലൂടെയും വലിയൊരു ശതമാനം വരെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താം.