Untitled 1 24

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസയിലെ വീഡിയോ ഗാനം പുറത്തെത്തി. തെങ്ങോലപ്പൊന്‍ മറവില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരന്‍ ആണ്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് ആയുഷ്മാന്‍ ഖുറാന. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന പുതിയ ചിത്രം ‘ഡോക്ടര്‍ ജി’യാണ്. ക്യാമ്പസ് മെഡിക്കല്‍ കോമഡി ചിത്രമായിട്ടാണ് ‘ഡോക്ടര്‍ ജി’ എത്തുന്നത്. അനുഭൂതി കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ ‘ഉദയ് ഗുപ്ത’ ആയിട്ടാണ് ആയുഷ്മാന്‍ ഖുറാന അഭിനയിക്കുന്നത്. ‘ഡോ. ഫാത്തിമ’ എന്ന നായിക കഥാപാത്രമായി രാകുല്‍ പ്രീത സിംഗും ചിത്രത്തിലുണ്ട്. ഷെഫാലി ഷാ, ഷീബ ഛദ്ധ, ശ്രദ്ധ ജെയിന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഒക്ടോബര്‍ 14ന് ആണ് ചിത്രം റിലീസ് ചെയ്യുക. സുമിത് സക്‌സേന, സൗരഭ് ഭരത്, വൈശാല്‍ വാഘ്, അനുഭൂതി കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയുടെ ഇടിവുണ്ടായി. ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ദേശീയ പോര്‍ട്ടലായ ഗവണ്‍മെന്റ്ഇ മാര്‍ക്കറ്റ് പ്‌ളേസ് വഴി കേരളത്തില്‍സംഭരിച്ചത് 962 കോടി രൂപയുടെ ഉത്പന്നങ്ങളും സേവനങ്ങളും. 1,17,740 വ്യാപാരികളും സേവനദാതാക്കളും ജി.ഇ.എമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോര്‍ട്ടല്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കാന്‍ മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ സഹായവും പിന്തുണയും ലഭ്യമാക്കുന്ന പ്രാദേശികഭാഷാ ഹെല്‍പ് ഡെസ്‌ക് സജ്ജീകരിക്കും. 2017ല്‍ 422 കോടി രൂപയുടെ സംഭരണ മൂല്യമുണ്ടായിരുന്ന ജി.ഇ.എം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. 61,000 രജിസ്റ്റര്‍ ചെയ്ത ഗവണ്‍മെന്റ് ബൈയര്‍മാരും 48.6 ലക്ഷം വില്‍പനക്കാരും സേവന ദാതാക്കളും പോര്‍ട്ടിലില്‍ അംഗങ്ങളാണ്.

മാരുതി സുസുക്കിയുടെ 800 സിസി എഞ്ചിന്‍ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മുതല്‍ ഈ എഫ്8ഡി യൂണിറ്റ് നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണമാണ് ഈ നീക്കം. 1970-കളില്‍ ജപ്പാനില്‍ ഉത്ഭവിച്ച ഈ സുസുക്കി എഞ്ചിന്‍ 1983 മുതല്‍ ഇന്ത്യയില്‍ മാരുതി ശ്രേണിയില്‍ നിലവില്‍ ഉള്ളതാണ്. എഫ്8 എന്ന മാരുതിയുടെ ഈ 800 സിസി എഞ്ചിന്‍ ഐക്കണിക്ക് മാരുതി 800, ഓമ്നി, ആള്‍ട്ടോ എന്നിവയില്‍ ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്. എഫ്8ബി സ്പെക്ക് യൂണിറ്റ് 38 ബിഎച്ച്പിയും 59 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നു. 2000-ല്‍ ഇത് എഫ്8ഡി സ്പെക്കിലേക്ക് അപ്ഡേറ്റ് ചെയ്തു. നവീകരണത്തിന്റെ ഫലമായി പവര്‍ ഔട്ട്പുട്ടില്‍ മൊത്തത്തില്‍ 47 ബിഎച്ച്പിയും 69 എന്‍എം ടോര്‍ക്കും വര്‍ധിച്ചു.

അമൂല്യമായ നാട്ടു മരുന്നുകളും അനുഭവ സിദ്ധമായ വീട്ടു ചികിത്സാ മുറകളും ആകസ്മികമായുണ്ടാകുന്ന ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് ഡോക്ടറെ കാണാതെതന്നെ വീട്ടില്‍ വെച്ചു തന്നെ ചെയ്യാവുന്ന ഒറ്റമൂലികള്‍ കൂടാതെ വണ്ണം വയ്ക്കാനും കുറയ്ക്കാനും സൗന്ദര്യ സംരക്ഷണത്തിനും ഉപായങ്ങള്‍ പറയുന്നു.
‘നവീന ഗൃഹവൈദ്യം’. കെ വേണുഗോപാല പണിക്കര്‍. വിദ്യാരംഭം പബ്‌ളിഷേഴ്‌സ്. വില 114 രൂപ.

കാലുവേദന, കഴുത്തുവേദന ഇതൊക്കെ പതിവായുണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് തെറ്റായ രീതിയില്‍ കിടന്നുറങ്ങുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍. ശരിയായ രീതിയില്‍ കിടന്നുറങ്ങിയാല്‍ ഇത്തരം വേദനകളെ മാറ്റിനിര്‍ത്താം എന്നുമാത്രമല്ല നല്ല ഉറക്കവും കിട്ടും. ഫീറ്റല്‍ പൊസിഷന്‍ ആണ് ഉറങ്ങാന്‍ ഏറ്റവും നല്ല രീതിയായി വിദഗ്ധര്‍ പറയുന്നത്. കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വച്ച് ഉറങ്ങുന്ന രീതിയാണ് ഫീറ്റല്‍ പൊസിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. കാലുംകയ്യും ചുരുട്ടി വച്ച് ഒരു ബോളിന്റെ ആകൃതിയിലായിരിക്കും ഉറക്കം. കൂര്‍ക്കംവലി കുറയ്ക്കാനും നടുവേദന കുറയ്ക്കാനും ഈ പൊസിഷന്‍ സഹായിക്കും. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതും നല്ലതാണെന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ച് രാത്രി വയറുനിറയെ ഭക്ഷണം കഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കില്‍ ഇടതുവശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നതാണ് അഭികാമ്യം. അതേസമയം കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും തെറ്റായ ഉറക്ക രീതി. ഇത് പേശികളിലും സന്ധികളിലും അധിക സമ്മര്‍ദ്ധമുണ്ടാകാന്‍ ഇടയാക്കും. ഇങ്ങനെ ഉറങ്ങുന്നത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തലയിണയ്ക്ക് അടിയില്‍ രണ്ട് കൈകളും ചുരുട്ടി വച്ച് ഉറങ്ങുന്ന സോള്‍ജിയര്‍ പൊസിഷനും നല്ലതല്ല. അതുപോലെ കട്ടികൂടിയ തലയിണ ഒഴിവാക്കി ഉറങ്ങാനും ശ്രദ്ധിക്കണം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.92, പൗണ്ട് – 90.57, യൂറോ – 79.19, സ്വിസ് ഫ്രാങ്ക് – 82.62, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.28, ബഹറിന്‍ ദിനാര്‍ – 211.98, കുവൈത്ത് ദിനാര്‍ -258.41, ഒമാനി റിയാല്‍ – 207.58, സൗദി റിയാല്‍ – 21.25, യു.എ.ഇ ദിര്‍ഹം – 21.76, ഖത്തര്‍ റിയാല്‍ – 21.95, കനേഡിയന്‍ ഡോളര്‍ – 59.75.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *