ഐശ്വര്യ ലക്ഷ്മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കുമാരി’. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ‘കുമാരി’യിലെ ‘ശിലകള്‍ക്കുള്ളില്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. സുപ്രിയാ മേനോന് നേതൃത്വം നല്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് ‘കുമാരി’യുടെ സഹനിര്‍മാണം. സുരഭി ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി.
കത്രീന കൈഫും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ കത്രീന കൈഫ് ചിത്രത്തിന്റെ റീലീസ് മാറ്റിയിരിക്കുകയാണ്. 2023ല്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശ്രീറാം രാഘവന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്മി, രാധിക ശരത്കുമാര്, കവിന് ജയ് ബാബു, ഷണ്മുഖരാജന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്.
ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ കനത്ത ഇടിവ് തുടരുന്നു. ഒക്ടോബര്‍ 21ന് സമാപിച്ച വാരത്തില്‍ ശേഖരം 380 കോടി ഡോളര്‍ താഴ്ന്ന് 52,452 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2020 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 360 കോടി ഡോളര്‍ താഴ്ന്ന് 46,508 കോടി ഡോളറിലെത്തിയതാണ് പ്രധാന തിരിച്ചടി. ഡോളറിനെതിരെ രൂപയുടെ ഇടിവിന്റെ ആക്കംകുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ശേഖരം കുറയാന്‍ മുഖ്യകാരണം. കരുതല്‍ സ്വര്‍ണശേഖരം 24.7 കോടി ഡോളര്‍ താഴ്ന്ന് 3,721 കോടി ഡോളറായി.
കൊച്ചി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 30 മുതല്‍ 2023 മാര്‍ച്ച് 25വരെ നീളുന്ന ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. പ്രതിവാരം 1202 സര്‍വീവുകളുണ്ടാകും. നിലവിലെ വേനല്‍ക്കാല ഷെഡ്യൂളില്‍ 1,160 ആയിരുന്നു. ശൈത്യകാലത്ത് കൊച്ചിയില്‍ നിന്ന് 26 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസ് നടത്തും. 20 എണ്ണം വിദേശ എയര്‍ലൈനുകളാണ്. രാജ്യാന്തര സെക്ടറില്‍ 44 സര്‍വീസുമായി എയര്‍ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സെക്ടറില്‍ 42 സര്‍വീസുമായി ഇന്‍ഡിഗോയുമാണ് മുന്നില്‍. കൊല്‍ക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളുണ്ടാകും.
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് മൂന്ന് പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകളുടെ പണിപ്പുരയിലാണ്. കമ്പനിയുടെ പുതിയ 650 സിസി ബൈക്ക് ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650, റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650, റോയല്‍ എന്‍ഫീല്‍ഡ് സ്ക്രാംബ്ലര്‍ 650 എന്നിവ ഉള്‍പ്പെടും. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ 650, ഷോട്ട്ഗണ്‍ 650 എന്നിവ ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന പ്രീമിയര്‍ മോട്ടോര്‍സൈക്കിള്‍ എക്സ്പോയില്‍ അനാവരണം ചെയ്യപ്പെടും. നവംബര്‍ 18 മുതല്‍ 20 വരെ ഗോവയില്‍ നടക്കുന്ന റൈഡര്‍ മാനിയ 2022-ല്‍ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650, ഷോട്ട്ഗണ്‍ 650 എന്നിവ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രസാദാത്മകതയാണു ജീവിതത്തിലെ ഏറ്റവും വലിയ വരം. ഹൃദയലാഘവത്തെക്കാള്‍ വലിയ ഭാഗ്യമൊന്നും മനുഷ്യര്‍ക്കില്ല. ജോബ്സണ്‍ അബ്രഹാം എഴുതിയ ‘ഓര്‍മയുടെ കവാടം’ കടക്കുമ്പോള്‍ വായിച്ചനുഭവിക്കുന്നത് ഈ ലോകസത്യമാണ്. യാത്ര ചെയ്തു തീര്‍ത്ത വഴിയിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ കാലില്‍ കുത്തി ക്കയറിയ കല്ലുകളെയും മുള്ളുകളെയും കുറിച്ചല്ല, ജോബ്സണ്‍ എഴുതുന്നത്. മറിച്ച് വഴിയോരത്തു കണ്ട് പൂക്കളെയും വീണു കിട്ടിയ അപ്പൂപ്പന് താടികളെയും പറന്നുപോയ പക്ഷികള്‍ കൊഴിച്ചിട്ട കിളിത്തൂവലുകളെയും കുറിച്ചാണ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 275 രൂപ.
വലിയൊരു ഇടവേളയ്ക്ക് ശേഷം ടിബി (ട്യൂബര്‍ക്കുലോസിസ്) അഥവാ ക്ഷയരോഗം ശക്തമായി തിരിച്ചെത്തുകയാണെന്ന സൂചന പങ്കുവച്ച് ലോകാരോഗ്യ സംഘടന. ഏതാണ്ട് പതിനഞ്ച് വര്‍ഷത്തെ താഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ ടിബി കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ആഗോളതലത്തില്‍ കാണുന്നതെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് 19 ഇതില്‍ വലിയ രീതിയില്‍ സ്വാധീനഘടകമായി മാറിയിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം തിരിച്ചെത്തുന്നു എന്ന് മാത്രമല്ല, മരണനിരക്ക് ഉയര്‍ന്നതും ഏറെ ആശങ്കപ്പെടുത്തുന്ന സംഗതിയാണ്. വളരെയധികം ജാഗ്രത പാലിക്കുകയും പ്രതിരോധമാര്‍ഗങ്ങള്‍ ആലോചിക്കുകയും ചെയ്യേണ്ട വിഷയമാണിതെന്നാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നത്. ബാക്ടീരിയ മൂലം പടരുന്ന രോഗമാണ് ടിബി. ഇത് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ചികിത്സയിലൂടെ രോഗത്തെ പൂര്‍ണമായും ഭേദപ്പെടുത്താന്‍ ഇന്ന് സാധിക്കും. എങ്കിലും മരണനിരക്ക് വര്‍ധിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്. ഇന്ത്യ, ഇന്തോനേഷ്യ, ചൈന, ഫിലീപ്പീന്‍സ്, പാക്കിസ്ഥാന്, നൈജീരിയ, ബംഗ്ലാദേഷ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാണ് ടിബി കേസുകള്‍ ഉയരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.