നടന്‍ രജനികാന്തിനൊപ്പം മത്സരിച്ച് അഭിനയിച്ച് ബിഗ് ബിയും പ്രേക്ഷക പ്രശംസ നേടിയ തമിഴ് ചിത്രം ‘വേട്ടയ്യന്‍’ നവംബര്‍ എട്ടുമുതല്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വിഡിയോയില്‍. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫഹദ് ഫാസില്‍, റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരു മികച്ച താരനിരയാണ് അവതരിപ്പിക്കുന്നത്. ‘വേട്ടയ്യന്‍’ തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് പ്രൈമില്‍ എത്തുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ചിത്രം കാണാം. അന്വേഷണത്തിലും പൊലീസ് നീതിയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് പേരുകേട്ട പൊലീസ് ഉദ്യോഗസ്ഥനായ എസ്പി ആത്തിയനെ (രജനീകാന്ത്) ചുറ്റിപ്പറ്റിയാണ് ‘വേട്ടയ്യന്‍’. ഒരു കേസുമായി ബന്ധപ്പെട്ട് ആത്തിയന്‍ നടത്തുന്ന എന്‍കൗണ്ടറും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.