സസ്യാഹാരം മാത്രം കഴിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പതിവായി മാംസം കഴിക്കുന്നവരെക്കാള്‍ ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത അന്പതുശതമാനത്തിലും അധികമാണെന്നു പഠനം. 4,13,914 സ്ത്രീപുരുഷന്മാരുടെ വിവരങ്ങള്‍ പരിശോധിച്ച് ലീഡ്സ് സര്‍വകലാശാലാ ഗവേഷകരാണ് പഠനം നടത്തിയത്. ഇറച്ചി കഴിക്കുന്ന പുരുഷന്മാരേക്കാള് സസ്യാഹാരികളായ പുരുഷന്മാര്ക്ക് ഇടുപ്പിന് പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നു കണ്ടു. പഠനത്തില്‍ പങ്കെടുക്കുന്നവരുടെ ഭക്ഷണരീതി അനുസരിച്ച് അവരെ തരംതിരിച്ചു. പതിവായി ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ ഇറച്ചി കഴിക്കുന്നവര്‍, ആഴ്ചയില്‍ അഞ്ചില്‍ കുറവ് തവണ ഇറച്ചി കഴിക്കുന്നവര്‍, മത്സ്യം കഴിക്കും എന്നാല്‍ മാംസം കഴിക്കാത്തവര്‍, മത്സ്യമോ മാംസമോ കഴിക്കാതെ പാലുല്പന്നങ്ങള് കഴിക്കുന്ന സസ്യാഹാരികള്‍ എന്നിങ്ങനെ തരംതിരിച്ചു. 2006 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇടുപ്പിന് ഒടിവ് ഉണ്ടായതിന്റെ ആശുപത്രി രേഖകള്‍ പരിശോധിച്ചു. പഠനത്തില്‍ പങ്കെടുത്ത 4,13,914 പേരില്‍ 3503 പേര്‍ക്ക് ഇടുപ്പിന് പൊട്ടല്‍ ഉണ്ടായതായി കണ്ടു. ഒരു ശതമാനത്തിലും താഴെയാണ് അപകടനിരക്ക് എങ്കിലും സസ്യാഹാരികള്‍ക്കും പതിവായി ഇറച്ചി കഴിക്കുന്നവര്‍ക്കും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടായിരുന്നു. സ്ത്രീപുരുഷഭേദമന്യെ പതിവായി ഇറച്ചി കഴിക്കുന്നവരെക്കാള്‍ സസ്യാഹാരികള്‍ക്ക് അപകടസാധ്യത 50 ശതമാനത്തിലും അധികമാണെന്നു കണ്ടു. ഇടയ്ക്കു മാത്രം ഇറച്ചി കഴിക്കുന്നവര്‍ക്കും പതിവായി ഇറച്ചി കഴിക്കുന്നവര്‍ക്കും റിസ്ക് ഒരേപോലെയായിരുന്നു. മത്സ്യം മാത്രം കഴിക്കുന്നവര്‍ക്ക് ഇറച്ചി കഴിക്കുന്നവരെക്കാള്‍ അപകടസാധ്യത അല്പം കൂടുതലായിരുന്നു. പ്രായമായവര്‍ക്കിടയില്‍ ഇടുപ്പിന് പൊട്ടലും ഒടിവും ഉണ്ടാകുന്നത് വളരെ കൂടുതലാണ്. സസ്യാഹാരികള്‍ക്ക് ഒടിവിനുള്ള സാധ്യത കൂടുതലാകാനുള്ള കാരണം കുറഞ്ഞ ബോഡിമാസ് ഇന്‍ഡക്സ് ആകാമെന്ന് പഠനം പറയുന്നു. മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികള്‍ക്ക് 17 ശതമാനം കുറവ് പ്രോട്ടീന്‍ ആണ് ലഭിക്കുന്നത്. അതുകൊണ്ട് സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ സമീകൃത ഭക്ഷണം കഴിക്കാനും, ആവശ്യമായ പ്രോട്ടീന്‍ ശരീരത്തിനു ലഭിക്കാനും ആരോഗ്യകരമായ ബിഎംഐ നിലനിര്‍ത്താനും ശ്രദ്ധിക്കണമെന്നു പഠനം നിര്‍ദേശിക്കുന്നു.
സസ്യാഹാരികളുടെ ഇടുപ്പിന് പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍
