ചെറിയ തുകകളുടെ ഇടപാടുകള്‍ അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഇനി ഫെഡറല്‍ ബാങ്കിലും. ഫെഡറല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളില്‍ ഇടപാടുകാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ചെറിയ ഇടപാടുകള്‍ ലളിതവും വേഗത്തിലുമാക്കാനായി എന്‍സിപിഐ ഈയിടെ അവതരിപ്പിച്ച പുതിയ സേവനമാണ് യുപിഐ ലൈറ്റ്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യുപിഐ ആപ്പുകള്‍ മുഖേന തന്നെ ലളിതമായി യുപിഐ ലൈറ്റ് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഇടപാടുകള്‍ യുപിഐ ലൈറ്റ് സാധ്യമാക്കുന്നു. പിന്‍ ഉപയോഗിക്കാതെ പരമാവധി 500 രൂപ വരെ ഒരിടപാടില്‍ അയക്കാവുന്നതാണ്. ഒരു ദിവസം പരമാവധി 4000 രൂപയുടെ ഇടപാട് നടത്താം. യുപിഐ ലൈറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. തുക തീരുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് യുപിഐ ലൈറ്റിലേയ്ക്ക് തുക മാറ്റാവുന്നതാണ്. മറ്റിടപാടുകളെക്കാള്‍ ഏകദേശം ഇരട്ടി വേഗത്തിലാണ് യുപിഐ ലൈറ്റ് ഇടപാടുകള്‍ നടക്കുക.