ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് അമേരിക്കന്‍ കമ്പനിയായ ഫോഡ്. ഫോഡിന്റെ എസ്യുവിയായ ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കുന്നവര്‍ക്കാണ് രണ്ട് ലക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ലക്ഷം കിട്ടാന്‍ പാലിക്കേണ്ട നിബന്ധനകളും ഫോഡ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ബ്രാങ്കോ എസ്യുവിക്ക് ഫോഡിനെ പോലും അതിശയിപ്പിക്കുന്ന സ്വീകര്യതയാണ് ലഭിച്ചത്. കമ്പനി പ്രതീക്ഷിച്ചിനേക്കാളും ബുക്കിങ് കുതിച്ചുയര്‍ന്നതിനൊപ്പം നിര്‍മാണത്തിലെ വെല്ലുവിളികള്‍ കൂടിയായപ്പോള്‍ ബ്രോങ്കോയുടെ വിതരണം വൈകി. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ ആഴ്ച്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വന്നതോടെ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് ഫോഡ് തന്ത്രപരമായ ഓഫറുമായി എത്തിയിരിക്കുന്നത്. ബുക്കിങ് വെറുതേയങ്ങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിക്കില്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ബുക്കിങ് ചാര്‍ജായ 100 ഡോളര്‍ മാത്രമാണ് തിരിച്ചു നല്‍കുക. അതേസമയം 2023 മോഡല്‍ ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കി ഫോഡിന്റെ തന്നെ മറ്റൊരു വാഹനം വാങ്ങുന്നവര്‍ക്കാണ് 2,500 ഡോളര്‍ (ഏകദേശം 2.04 ലക്ഷം രൂപ) ലഭിക്കുക. ഇങ്ങനെയൊരു ഓഫറിന് ഏപ്രില്‍ മൂന്നു വരെ സമയപരിധിയും ഫോഡ് വെച്ചിട്ടുണ്ട്.