നിറദീപക്കാഴ്ച ഒരുക്കുന്ന തൃക്കാർത്തിക നാൾ നമുക്കേവർക്കും ഏറെ പ്രിയപ്പെട്ടതാണ്. കാർത്തിക ദീപം തെളിയിക്കാത്ത വീടുകൾ കുറവാണെന്ന് തന്നെ പറയാം. തൃക്കാർത്തിക ദീപത്തിന്റെ ചില ഐതിഹ്യങ്ങൾ….!!!
വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുമ്പോൾ കേരളത്തിലെയും തമിഴ്നാട്ടിലെയും ഹിന്ദുക്കൾ ആഘോഷിയ്ക്കുന്ന വിശേഷദിവസമാണ് തൃക്കാർത്തിക. ദീപാവലി പോലെത്തന്നെയുള്ള ആഘോഷമാണിത്. പ്രകാശത്തിന്റെ ഉത്സവം ആണ് തൃക്കാർത്തിക. ദേവി ആദിപരാശക്തിയുടെയും ഭഗവാൻ മുരുകന്റെയും വിശേഷ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു.
തൃക്കാർത്തിക ദിവസം വീടുകളിലും അമ്പലങ്ങളിലും എല്ലാം തന്നെ നിറദീപ കാഴ്ചയൊരുക്കുന്നു. നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരുന്ന ഒരു ദിവസമായി കൂടി ഇതിനെ കണക്കാക്കുന്നു. തൃക്കാർത്തിക ദീപം പോലെ പ്രകാശo നമ്മുടെ ജീവിതത്തിലും ഉണ്ടാകും എന്നാണ് വിശ്വാസം. ദീപാവലി പോലെ തന്നെയാണ് ഒട്ടുമിക്കയിടങ്ങളിലും തൃക്കാർത്തികയും ആഘോഷിക്കുന്നത്.
തൃക്കാർത്തിക ദിവസം വീടും പറമ്പും വൃത്തിയാക്കി ദീപങ്ങൾ തെളിയിക്കും. സന്ധ്യക്ക് കാർത്തികദീപം കത്തിച്ച്, ഭഗവതിയെ പ്രാർഥിച്ചു, മഹാലക്ഷ്മിയെ വീടുകളിലേക്ക് ക്ഷണിച്ചു കൊണ്ടു നാടെങ്ങും തൃക്കാർത്തികയാഘോഷിക്കുo. മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിച്ചാൽ ഭഗവതി ഇല്ലാതാക്കും എന്നാണ് വിശ്വാസം. കേരളത്തിൽ തൃക്കാർത്തിക ആഘോഷം വളരെ വിപുലമായിതന്നെ കൊണ്ടാടുന്നുണ്ട് .
ദേവിക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും അന്ന് വിശേഷാൽ ചടങ്ങുകൾ നടക്കുന്നു. അന്നേ ദിവസം ക്ഷേത്ര ദർശനം പുണ്യകരമാണ് എന്നാണ് പറയപ്പെടുന്നത്. കോട്ടയം കുമാരനെല്ലൂർ ഭഗവതിയുടെ തിരുനാൾ കൂടിയായ തൃക്കാർത്തിക ഉത്സവത്തിൽ പങ്കെടുക്കുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. തൃശൂർ വടക്കുംനാഥൻ കുമാരനെല്ലൂർ ആദിപരാശക്തിയുടെ തൃക്കാർത്തിക ഉത്സവം വീക്ഷിക്കുന്നു എന്നാണ് മറ്റൊരു ഐതീഹ്യം.
ഒട്ടുമിക്ക അമ്പലങ്ങളിലും തൃക്കാർത്തിക മഹോത്സവം ആഘോഷിക്കാറുണ്ട്. തൃക്കാർത്തിക ദിവസം കേരളത്തിലും തമിഴ്നാട്ടിലും ആണ് ദീപങ്ങൾ കത്തിച്ച് കൊണ്ടാടുന്നത്. പുഴക്കരയിൽ മാത്രമല്ല ദീപങ്ങൾ തെളിയിക്കുന്നത്, പുഴയുടെ ചെറു ഓളങ്ങളിലും വാഴപ്പോളയിൽ ദീപങ്ങൾ കത്തിച്ചു ഒഴുക്കിവിടുന്നു. കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണ് ഇതെല്ലാം.
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദുർഗ്ഗാ ഭഗവതിയുടെ ജന്മദിനമായതിനാലാണ് അന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. മഹാലക്ഷ്മി ഐശ്വര്യം ചൊരിയുന്ന ദിവസം കൂടിയാണ് തൃക്കാർത്തിക എന്നും വിശ്വാസമുണ്ട്.ഇതിനു പുറമേ, മഹാലക്ഷ്മിയുടെ അംശമായ തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക ദിവസം ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ കാർത്തികാ ദേവിമാർ എടുത്തു വളർത്തിയത് തൃക്കാർത്തിക ദിവസമായിരുന്നു എന്നും, ഗോലോകത്തിൽ ശ്രീകൃഷ്ണൻ രാധാറാണിയെ പൂജിച്ച ദിവസമാണിതെന്നും വിശ്വാസമുണ്ട്.
പലതരം ഐതിഹ്യങ്ങൾ ഇതിനു പുറകിൽ ഉണ്ടെങ്കിലും തൃക്കാർത്തിക മഹോത്സവം ഏവർക്കും ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരുന്ന ദിനം തന്നെയാണ്. നമ്മുടെ ജീവിതത്തിനും മനസ്സിനും പുത്തൻ ഉണർവ് നൽകി പുതിയ പ്രതീക്ഷകളിലേക്ക് ചുവടുവെക്കാൻ നമ്മെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു.