ഷങ്കറിന്റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനാവുന്ന ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ എത്തുന്നത്. ഇന്ത്യന്‍ 2 ന്റെ വന്‍ പരാജയത്തിന് ശേഷമെത്തുന്ന ഷങ്കര്‍ ചിത്രം എന്ന നിലയില്‍ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍. പല കാരണങ്ങളാല്‍ ഇന്ത്യന്‍ 2 നീണ്ടുപോയതിനാല്‍ പൂര്‍ത്തിയാകാന്‍ വൈകിയ ചിത്രം കൂടിയാണ് ഇത്. ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ട്രെയ്‌ലറിന് 2.40 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഷങ്കര്‍ ചിത്രങ്ങളില്‍ സാധാരണമായ വമ്പന്‍ കാന്‍വാസ് കാണാവുന്ന ചിത്രത്തില്‍ രാം ചരണിനൊപ്പം കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജനുവരി 10 ന് തിയറ്ററുകളിലെത്തും.