ഇനി നിങ്ങള്‍ കാമറകളുടെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തു പല ഭാഗങ്ങളിലായി സ്ഥാപിച്ച 726 കാമറക്കണ്ണുകള്‍ വ്യാഴാഴ്ച തുറക്കും. നിങ്ങള്‍ റേയ്ഞ്ച് റോവറിലോ ബെന്‍സിലോ പറക്കുന്നവരാകാം, മോട്ടോര്‍ വാഹന, ട്രാഫിക് നിയമം ലംഘിച്ചാല്‍ കാമറ രേഖപ്പെടുത്തും. പിടിവീഴും. വെറും കാമറയല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുള്ള കാമറകളാണ്. നിയമലംഘനം കാമറ കണ്ടെത്തിയാല്‍ കൈയോടെ വാഹന നമ്പറിലേക്കും വാഹനമുടമയ്ക്കും പിഴ ചുമത്തുന്ന സംവിധാനമാണിത്.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര, രണ്ടിലേറെ പേരുമായുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള കാര്‍ യാത്ര, ഫോണില്‍ സംസാരിച്ചുള്ള ഡ്രൈവിംഗ് എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ കാമറ കണ്ടുപിടിച്ച് കൈയോടെ പിഴശിക്ഷ ചുമത്തും. ഓവര്‍ലോഡ്, പൊലൂഷന്‍ (പുക) നിയമലംഘനങ്ങളും പിടിക്കപ്പെടും. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെയും അപകടകരമായും അമിത വേഗത്തിലും ഓടിക്കുന്ന വാഹനങ്ങളേയും പിടികൂടും. ട്രാഫിക് സിഗ്നലുകള്‍ പാലിക്കാത്ത ഡ്രൈവിംഗും ലൈന്‍ ട്രാഫിക് ലംഘനവും അനധികൃത പാര്‍ക്കിംഗും പിടിക്കപ്പെടും.
ക്യാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാര്‍ക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 500 രൂപ. അമിതവേഗത്തിന് 1500 രൂപ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ നല്‍കണം. ബൈക്കില്‍ മൂന്നു പേരെ കയറ്റിയാലും രണ്ടായിരം രൂപയാണു പിഴ. ആംബുലന്‍സ്, ഫയര്‍ സര്‍വ്വീസ് വാഹനങ്ങള്‍, മള്‍ട്ടി കളര്‍ ലൈറ്റുള്ള വാഹനങ്ങള്‍ എന്നിവയ്ക്കു മാര്‍ഗതടസമുണ്ടാക്കിയാലും ക്യാമറകള്‍ പിടികൂടും. റോഡുകളിലെ മഞ്ഞ വര മറികടക്കുക, വളവുകളില്‍ വരകളുടെ അതിര്‍ത്തി കടന്ന് ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കും പിഴയുണ്ട്. അനധികൃത പാര്‍ക്കിംഗിനു കോടതി കയറേണ്ടിവരും. അതായത് പിഴയൊടുക്കി രക്ഷപ്പെടാന്‍ സാധിക്കില്ല.
കാമറകള്‍ സജ്ജമാകുന്നതോടെ സര്‍ക്കാരിന് പിഴ ഇനത്തില്‍ കോടിക്കണക്കിനു രൂപ ലഭിക്കും. കേരള റോഡ് സേഫ്റ്റി അതോറിറ്റി 232.25 കോടി രൂപ മുടക്കി കെല്‍ട്രോണ്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാമറയിലെ വീഡിയോ ഫീഡുകള്‍ ജില്ലാ തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളിലാണു ലഭിക്കുക. വീഡിയോയും ഡാറ്റകളും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, പോലീസ്, ജിഎസ്ടി വകുപ്പ് എന്നീവയ്ക്കു കൈമാറും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച നിര്‍വഹിക്കും.