ടൊയോട്ട ഹൈലക്സില്‍ ഗംഭീരമായ രണ്ട് ക്യാംപിങ് വാഹനം നിര്‍മിച്ച് ജാപ്പനീസ് കമ്പനിയായ ഡയറക്ട് കാര്‍സ്. ഹൈലക്സ് ജിആര്‍ സ്പോര്‍ട്സിലാണ് ബിആര്‍75 എന്നു പേരിട്ടിരിക്കുന്ന ക്യാംപിങ് വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാനും രണ്ടു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും സുഖമായി കിടന്നുറങ്ങാനും സൗകര്യമുള്ള വാഹനമാണിത്. വീടുകളില്‍ ഉപയോഗിക്കുന്ന എയര്‍ കണ്ടീഷനിങ് സംവിധാനമാണ് ഈ വാഹനത്തിലും നല്‍കിയിരിക്കുന്നത്. വെള്ളം നില്‍ക്കാത്ത തറയും സിങ്കുമൊക്കെയുള്ള ചെറിയൊരു കുളിമുറിയും പിന്നിലുണ്ട്. ഹൈലക്സ് കാംപറിന് 200എഎച്ച് സെക്കന്‍ഡറി ബാറ്ററിയും നല്‍കിയിട്ടുണ്ട്. വാഹനത്തിന് മുകളിലെ 200വാട്ട് സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. 85 ലീറ്റര്‍ വാട്ടര്‍ ടാങ്ക്, 20 ലീറ്റര്‍ കുടിവെള്ള സംഭരണി, 45 ലീറ്റര്‍ അഴുക്കു ജല സംഭരണി എന്നിവയും വാഹനത്തിലുണ്ട്. അകത്തും പുറത്തും പവര്‍ ഔട്ട് ലെറ്റുകളുമുണ്ട്. രണ്ടു വാഹനങ്ങളാണ് ബിആര്‍75 അഡ്വെഞ്ചര്‍ കാംപര്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തേത് ഹൈലക്സ് ഇസെഡിലാണെങ്കില്‍ രണ്ടാമത്തേത് ജി.ആര്‍ സ്പോര്‍ട്സിലാണ്. ഹൈലക്സ് ഇസെഡിന് 83,931 ഡോളറും (ഏകദേശം 69.32 ലക്ഷം രൂപ) ജി.ആര്‍ സ്പോര്‍ട്സിലെ മോഡലിന് 95,121 ഡോളറുമാണ് (ഏകദേശം 78.56 ലക്ഷം രൂപ) വില.