ഹൈലക്സിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട. വില പ്രഖ്യാപിക്കുന്നതിന് മുമ്പേ മികച്ച പ്രതികരണം ലഭിച്ചതിന്റെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹൈലക്സിന്റെ ബുക്കിങ് ടൊയോട്ട താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മാര്‍ച്ചിലായിരുന്നു വാഹനത്തിന്റെ വില ടൊയോട്ട ഇന്ത്യ പ്രഖ്യാപിച്ചത്. മൂന്ന് വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദം സ്റ്റാന്റേര്‍ഡിന് 33.99 ലക്ഷം രൂപയും ഹൈ വകഭേദത്തിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടമാറ്റിക്കിന് 36.80 ലക്ഷം രൂപയുമാണ് വില. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്വ്വര് മെറ്റാലിക്ക്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും. ഐ എം വി- ടു പ്ലാറ്റ്ഫോമാണ് ടൊയോട്ട ഹൈലക്സിന്റെ അടിസ്ഥാനം. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍. ഓട്ടമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളില്‍ ലഭിക്കും. ആറു സ്പീഡ് ഓട്ടോമാറ്റിക് വകഭേദത്തിന് 204 ബി എച്ച് പി വരെ കരുത്തും 500 എന്‍ എം ടോര്‍ക്കും ആറു സ്പീഡ് മാനുവല്‍ വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് ലേഔട്ട് സഹിതമാണ് ഹൈലക്സ് എത്തിയത്.