ഒമ്പതാം തലമുറ ടൊയോട്ട ക്യാമ്രി ഹൈബ്രിഡ് കേരളത്തില്‍ പുറത്തിറക്കി. മൂന്നു പതിറ്റാണ്ടിലേറെയായി സെഡാനുകളിലെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട ക്യാമ്രി ഹൈബ്രിഡിന്റെ ഏറ്റവും പുതിയ മോഡല്‍ 48 ലക്ഷം രൂപക്കാണ് ഇന്ത്യയില്‍ എത്തിയത്. ഫീച്ചറുകളിലും രൂപത്തിലും മാറ്റങ്ങളോടെയാണ് ടൊയോട്ട ക്യാമ്രി ഹൈബ്രിഡിന്റെ ഒമ്പതാം തലമുറയുടെ വരവ്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ക്യാമ്രി ഹൈബ്രിഡ് എത്തുന്നത്. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന ക്യാമ്രിയില്‍ 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 230 എച്ച്പി കരുത്ത് പുറത്തെടുക്കും. മുന്‍ തലമുറയെ അപേക്ഷിച്ച് 12 എച്ച്പി കൂടുതലാണിത്. കരുത്ത് കൂടിയെന്നു കരുതി ഇന്ധനക്ഷമതയില്‍(ലീറ്ററിന് 25.49 കിലോമീറ്റര്‍) കുറവു വന്നിട്ടില്ല. സ്പോര്‍ട്ട്, ഇകോ, നോര്‍മല്‍ എന്നീ മൂന്നു ഡ്രൈവ് മോഡുകള്‍. ടൊയോട്ടയുടെ മറ്റു ഹൈബ്രിഡ് മോഡലുകളിലേതു പോലെ ഇ-സിവിടി(ഇലക്ട്രോണിക്-കണ്ടിന്യുവസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ട്രാന്‍സ്മിഷനാണ് ക്യാമ്രിയിലും നല്‍കിയിരിക്കുന്നത്.