നിരവധി പോഷക ഗുണങ്ങള്‍ ഉള്ള ഒന്നാണ് പീനട്ട് ബട്ടര്‍. എന്നാല്‍, ഇവ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ചില ദൂഷ്യഫലങ്ങളും നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പീനട്ട് ബട്ടര്‍ അമിതമായി കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവയാണ്. പീനട്ട് ബട്ടറില്‍ ഒമേഗ-6 അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഹാനീകരമാണ്. ഒമേഗ-6 പരിമിതമായ അളവില്‍ മാത്രമേ ശരീരത്തിന് ആരോഗ്യകരമാകൂ. ശരീരത്തിലെ ഒമേഗ -3ന്റെ അളവിനേക്കാള്‍ ഒമേഗ -6ന്റെ അളവ് കവിയുമ്പോള്‍ അത് വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പീനട്ട് ബട്ടറില്‍ കലോറിയുടെ അളവ് കൂടുതലാണ്. അതിനാല്‍, അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ദിവസവും പീനട്ട് ബട്ടര്‍ കഴിക്കുന്നവര്‍ അതിന്റെ അളവ് പരിമിതപ്പെടുത്തി കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പീനട്ട് ബട്ടറില്‍ കൊഴുപ്പ് കൂടുതലായതിനാല്‍, അമിതമായി കഴിക്കുമ്പോള്‍ നെഞ്ചെരിച്ചില്‍ ഉണ്ടായേക്കാം. ഇവ കഴിച്ചതിന് പിന്നാലെ അന്നനാളത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കപ്പെടാമെന്നും ഇത് നെഞ്ചെരിച്ചിലിലേക്ക് നയിക്കുന്നുവെന്നുമാണ് പറയപ്പെടുന്നത്. പീനട്ട് ബട്ടര്‍ ചിലരില്‍ ദഹനപ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. ആദ്യമായി പീനട്ട് ബട്ടര്‍ കഴിക്കുന്നവര്‍ കൂടിയ അളവില്‍ കഴിച്ചാല്‍ വലിയ തോതിലുള്ള ദഹന പ്രശ്നങ്ങള്‍ സംഭവിക്കാവുന്നതാണ്. വളരെയധികം കൊഴുപ്പടങ്ങിയിരിക്കുന്നതിനാല്‍ പീനട്ട് ബട്ടര്‍ ദഹിക്കാന്‍ ചിലരില്‍ ഏറെ സമയം ആവശ്യമായി വരുന്നു. അതേസമയം, ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടര്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.