തക്കാളി കഴിക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. ആഴ്ചയില്‍ 10 തവണ തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപേന്‍ എന്ന ആന്റിഓക്സിഡന്റ്് ആണ് അര്‍ബുദ നിയന്ത്രണത്തില്‍ നിര്‍ണായകമാകുന്നത്. കോശങ്ങള്‍ക്കു നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം ലൈകോപേന്‍ നീക്കം ചെയ്യുമെന്നും പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത 18 ശതമാനം കുറയ്ക്കുമെന്നും കാന്‍സര്‍ എപ്പിഡെമോളജി ബയോമാര്‍ക്കേഴ്സ് ആന്‍ഡ് പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ബ്രിസ്റ്റോള്‍, കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇതിനായി ഇവര്‍ 50നും 69നും ഇടയില്‍ പ്രായമുള്ള, പ്രോസ്റ്റേറ്റ് അര്‍ബുദ ബാധിതരായ 1806 പേരുടെ ഭക്ഷണക്രമവും ജീവിതശൈലിയും നിരീക്ഷിച്ചു. അര്‍ബുദമില്ലാത്ത 12,005 പുരുഷന്മാരുടെ ഭക്ഷണക്രമവും ജീവിതശൈലിയും ഇതുമായി താരതമ്യപ്പെടുത്തി. ഇതില്‍ നിന്നാണ് അര്‍ബുദ നിയന്ത്രണത്തില്‍ തക്കാളിക്ക് സ്വാധീനം ചെലുത്താനാകുമെന്ന് കണ്ടെത്തിയത്. ഗവേഷണ ഫലം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങളും മനുഷ്യരില്‍ കൂടുതല്‍ പരീക്ഷണങ്ങളും ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്റി ഓക്സിഡന്റുകള്‍ക്ക് പുറമേ വൈറ്റമിന്‍ സിയും പൊട്ടാസ്യവും തക്കാളിയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും വയറിന്റെയും ആരോഗ്യത്തിനും നല്ലതാണ്.