ഇന്ന് ലോക പ്രമേഹ ദിനം. 2045 ഓടെ പ്രമേഹ ബാധിതരുടെ എണ്ണം 780 ദശലക്ഷമായി വര്‍ദ്ധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍ കണക്കാക്കുന്നു. 2020ല്‍ ഇത് വെറും 151 ദശലക്ഷമായിരുന്നു. 240 ദശലക്ഷം പേര്‍ പ്രമേഹം തിരിച്ചറിയാതെ ജീവിക്കുന്നതായും ഐഡിഎഫ് വ്യക്തമാക്കുന്നു. അതായത് ലോകത്തെ പ്രമേഹ ബാധിതരില്‍ പാതി പേരും ഇത് തിരിച്ചറിയാതെ ജീവിക്കുന്നു. 2021ലെ കണക്കനുസരിച്ച് 30 ദശലക്ഷത്തിധികം കേസുകളുമായി ചൈന, ഇന്ത്യ, പാകിസ്താന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് പ്രമേഹ രോഗ പട്ടികയുടെ മുന്നിലുള്ളത്. ലോകത്തിലെ പ്രമേഹ ബാധിതരില്‍ 90 ശതമാനത്തിനെയും പിടികൂടിയിരിക്കുന്നത് ടൈപ്പ് 2 പ്രമേഹമാണ്. അമിതവണ്ണം, മോശം ഭക്ഷണക്രമം, ചിലതരം വംശീയ പശ്ചാത്തലങ്ങള്‍ എന്നിവയുമായി ടൈപ്പ് 2 പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റം, വ്യായാമം, പുകവലി നിര്‍ത്തല്‍, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തല്‍ എന്നിവയിലൂടെ ടൈപ്പ് 2 പ്രമേഹം കുറേയൊക്കെ നിയന്ത്രിക്കാനാകും. സംസ്‌കരിച്ച മാംസം ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത 15 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ പുറത്ത് വന്ന പഠന റിപ്പോര്‍ട്ട് പറയുന്നു. ജീവിതത്തിലെ ആദ്യ രണ്ട് വര്‍ഷങ്ങളിലെ പഞ്ചസാര ചേര്‍ന്ന ഭക്ഷണക്രമം പിന്നീട് ദശകങ്ങള്‍ക്ക് ശേഷം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി മറ്റൊരു പഠനവും വെളിപ്പെടുത്തുന്നു. ജീവിതശൈലി മാറ്റം വഴി വലിയൊരളവില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുന്നതാണ് ടൈപ്പ് 2 പ്രമേഹം.