ഇന്നു ദീപാവലി. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ദീപാവലി ആശംസകള്‍.
അയോധ്യയില്‍ ദീപാവലി ആഘോഷിച്ചും ക്ഷേത്രത്തില്‍ പൂജ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി. താല്‍കാലികമായി ശ്രീരാമ വിഗ്രഹം സൂക്ഷിച്ച ക്ഷേത്രത്തിലാണു ദര്‍ശനവും പൂജയും നടത്തിയത്. പ്രധാന ക്ഷേത്രത്തിന്റെ നിര്‍മാണസ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. സരയൂ നദിക്കരയില്‍ ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് 18 ലക്ഷം ദീപങ്ങള്‍ തെളിച്ച ദീപോത്സവത്തിലും മോദി പങ്കെടുത്തു. 18,000 വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് ദീപം തെളിയിച്ചത്.
കേരളത്തിലെ ഒമ്പതു സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും ഇന്നുതന്നെ രാജിവയ്ക്കണമെന്ന് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുജിസിയുടെ നിയമന ചട്ടം പാലിക്കാത്തതിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള, എംജി, കൊച്ചി, ഫിഷറീസ്, കണ്ണൂര്‍, സാങ്കേതിക, ശ്രീശങ്കരാചാര്യ, കാലിക്കറ്റ്, മലയാളം സര്‍വകലാശാലകളുടെ വിസിമാരോടാണ് ഇന്നു 11.30 നു മുമ്പു രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എല്‍ഡിഎഫ് അടുത്ത മാസം 15 നു രാജ്ഭവനു മുന്നില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചതിനു പിറകേയാണ് വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
കോലി രാജാവായി പട നയിച്ചു. ട്വന്റി 20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിനായ് ബാറ്റെടുത്ത ഇന്ത്യ 31 ന് 4 എന്ന ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചിരിക്കുമ്പോഴാണ് കോലി ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തീരത്തെത്തിച്ചത്. 53 പന്തില്‍ 82 റണ്‍സെടുത്ത കോലിയും 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ദീപാവലി ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ മല്‍സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ടീമിനേയും വിരാട് കോലിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി നേതാക്കളും സിനിമാ- സ്‌പോര്‍ട്‌സ് മേഖലയിലെ പ്രമുഖരും അനുമോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ പത്തരയ്ക്കു പാലക്കാട് മാധ്യമങ്ങളെ കാണും. വൈസ് ചാന്‍സലര്‍മാര്‍ രാജി വയ്ക്കണമെന്നു ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിനു പിറകേയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്.
മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് വരുന്നു. മിന്നല്‍ പരിശോധന നടത്തി പിഴ ഈടാക്കാനും ലൈസന്‍സ് റദ്ദാക്കാനും സ്‌ക്വാഡിന് അധികാരമുണ്ടാകും. 23 സ്‌ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരോ സ്‌ക്വാഡും മറ്റു ജില്ലകളില്‍ രണ്ടു സ്‌ക്വാഡ് വീതവും. തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഉദ്യോഗസ്ഥനും പോലീസ് ഓഫീസറും സ്‌ക്വാഡില്‍ ഉണ്ടാകും.
പൊലീസിന്റെ ഗുണ്ടാവിളയാട്ടവും മോഷണ വിശേഷങ്ങളും പെരുകുന്നതിനിടെ കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാന്‍ പോലീസില്‍തന്നെ ചിലര്‍ ശ്രമിക്കുന്നുണ്ട്. സേനയ്ക്കകത്തെ ഇത്തരം ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് വീണ്ടും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും ഇന്നു പൊളിച്ചുനീക്കണം. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് ഉത്തരവിട്ടത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. സിട്രാംഗ് എന്നു പേരിട്ട ചുഴലി നാളെ രാവിലെ ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാന്‍ഡ്വിപ്പിനുമിടയില്‍ തീരം തൊടും. വരും ദിവസങ്ങളില്‍ ഒഡീഷയിലും ബംഗാളിലും കനത്ത മഴയും കാറ്റും ഉണ്ടാകും. ഈ മേഖലയില്‍ മല്‍സ്യബന്ധനം നിരോധിച്ചു.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിച്ച് സര്‍ക്കാര്‍ രാജ്ഭവനു കത്തു നല്‍കി. ഡോ. എം.എസ്. രാജശ്രീയുടെ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കു നല്‍കണമെന്നു ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഎം. ആര്‍എസ്എസ് അജണ്ട ജനം പ്രതിരോധിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.