സല്‍മാന്‍ ഖാന്റെ ബിഗ് ബജറ്റ് ചിത്രം ‘ടൈഗര്‍ 3’ പുതിയ ടീസര്‍ എത്തി. കത്രീന കൈഫിന്റെ ടവല്‍ ഫൈറ്റ് അടക്കമുള്ള ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ദീപാവലി റിലീസ് ആയി നവംബര്‍ 12 ഞായറാഴ്ച ചിത്രം റിലീസിനെത്തും. ഹോളിവുഡ് നടിയും സ്റ്റണ്ട് വുമണുമായ മിഷേല്‍ ലീക്കൊപ്പമുള്ള കത്രീനയുടെ ടവല്‍ ഫൈറ്റ് ട്രെയിലറിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാത്ത് ടവല്‍ ധരിച്ചു കൊണ്ടുള്ള ഫൈറ്റ് സീനായിരുന്നു ഇത്. രണ്ടാഴ്ചത്തെ റിഹേഴ്‌സലിനു ശേഷമായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. വെല്ലുവിളിയായത് ആ സീനിലെ കോസ്റ്റ്യൂം ആണ്. ഫൈറ്റ് ചെയ്യുമ്പോഴും ആ ഡ്രസ് കൃത്യമായി തന്നെ ദേഹത്ത് കിടക്കണം. അത് വലിയ വെല്ലുവിളിയായി. ഞങ്ങള്‍ അത് തുന്നിക്കെട്ടി വച്ചാണ് ചെയ്തത്. പരസ്പരം ഉപദ്രവിക്കാതെ ഫൈറ്റ് ചെയ്യുന്നതും സങ്കീര്‍ണമായിരുന്നു – മിഷേല്‍ പറഞ്ഞു. പൂര്‍ണമായും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ വരുന്ന ആദ്യ ചിത്രമാണ് ‘ടൈഗര്‍ 3’ . ടൈഗര്‍ സിന്ദാ ഹേ, വാര്‍, പഠാന്‍ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പഠാന്‍ ആയി ഷാറുഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാറുഖ് ഖാന്റെ ഫാന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കൂടിയാണ് ടൈഗര്‍ 3.