തുളുനാടന്‍ കോട്ട
പിടിച്ച സന്യാസി
മിത്തുകള്‍, മുത്തുകള്‍ – 28
വടക്കന്‍പാട്ടു കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
തച്ചോളി ഒതേനനെ വെല്ലുന്ന പോരാളിയാണു മരുമകനായ കുഞ്ഞിച്ചന്തു. പുത്തൂരം ആരോമല്‍ച്ചേകവരെ ചതിച്ചുകൊന്ന ചന്തുവല്ല. ഒറ്റയ്ക്കു തുളുനാടന്‍ കോട്ടയില്‍ നുഴഞ്ഞുകയറി പട്ടാളവ്യൂഹത്തെ ഉറുമിത്തലപ്പുകൊണ്ട് അരിഞ്ഞുവീഴ്ത്തിയവനാണ് വീരനായ കുഞ്ഞിച്ചന്തു. ശരിക്കും അമ്മാവന്റെ മരുമകന്‍.
ഒരു ദിവസം കുഞ്ഞിച്ചന്തുവിന്റെ ഭാര്യ മാതുക്കുട്ടി ഓമല്ലൂര്‍കാവില്‍ തൊഴാന്‍ പോയി. പൂത്തുലഞ്ഞ കൊന്നമരംപോലെ സുന്ദരിയാണ് മാതുക്കുട്ടി. പതിനാറു പരിചാരികമാരുടെ അകമ്പടിയോടെയാണു ക്ഷേത്രദര്‍ശന യാത്ര.
ക്ഷേത്രത്തിനരികില്‍ എത്തിയപ്പോള്‍ അവര്‍ക്കരികില്‍ ഒരു പല്ലക്കു വന്നുനിന്നു. സ്വര്‍ണക്കൊലുസുകളാല്‍ അലംകൃതമായ പല്ലക്കില്‍നിന്ന് കൊമ്പന്‍മീശക്കാരനായ ഒരാള്‍ ചാടിയിറങ്ങി. തുളുനാടന്‍ കോട്ടയുടെ അധിപനും പെണ്‍കൊതിയനുമായ കണ്ടര്‍മേനോന്‍. മാതുക്കുട്ടിയുടെ മനംമയക്കുന്ന സൗന്ദര്യത്തില്‍ ആകൃഷ്ടനായാണ് അയാള്‍ പല്ലക്കില്‍നിന്ന് പുറത്തിറങ്ങിയത്.
‘ഈ വക പെണ്ണുങ്ങള്‍ ഭൂമിയിലുണ്ടോ, മാനത്തുന്നെങ്ങാനും പൊട്ടി വീണോ? ഭൂമീന്നു തനിയേ മുളച്ചു വന്നോ, എന്തു നിറമെന്നു ചൊല്ലേണ്ടു ഞാന്‍, കുന്നത്തു കൊന്നയും പൂത്ത പോലെ, ഇളമാവിന്‍ തളിര്‍ തളിര്‍ത്ത പോലെ, കുരുത്തോലയായതിനാല്‍ വര്‍ണം പോലെ, കന്നിക്കുരുവിന്റെ വര്‍ണംപോലെ, വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ….’ മാതുക്കുട്ടിയുടെ മേനി കണ്ടു മതിമറന്ന കണ്ടര്‍മേനോന്‍ പരിസരബോധം നഷ്ടപ്പെട്ടവനേപ്പോലെ ആ സൗന്ദര്യത്തെക്കുറിച്ചു പാടി.
‘ഉം… അവളെ പിടിച്ചു പല്ലക്കില്‍ കയറ്റൂ’- പല്ലക്കു താങ്ങിയും അകമ്പടി സേവിച്ചും തന്റെ കൂടെയുണ്ടായിരുന്ന നായന്മാരോടു കണ്ടര്‍മേനോന്‍ ആജ്ഞാപിച്ചു.
കാര്യത്തിന്റെ ഗൗരവം മനസിലായ നായന്മാര്‍ ഒന്നു പരുങ്ങി. ‘തച്ചോളി ഒതേനന്റെ മരുമകനും പോരാളിയുമായ കുഞ്ഞിച്ചന്തുവിന്റെ ഭാര്യ മാതുകുട്ടിയാണത്. അവളെ റാഞ്ചിയാല്‍ കുഴപ്പമാകും.’ നായന്മാര്‍ ഭയന്നു വിറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
‘തുളുനാടന്‍ കോട്ടയെ വെല്ലാന്‍ ധൈര്യമുള്ളവരാരും ഈ ഭൂമിയില്‍ പിറന്നിട്ടില്ല. എന്റെ കല്‍പന അക്ഷരംപ്രതി പാലിച്ചില്ലെങ്കില്‍ തല കാണില്ല. ഓര്‍മയിരിക്കട്ടെ’- കണ്ടര്‍മേനോന്‍ ഗര്‍ജിച്ചു.
പിന്നെയും നായന്മാര്‍ ശങ്കിച്ചു നില്‍ക്കുകയാണ്. മാതുക്കുട്ടിയെ പല്ലക്കിലേറ്റിയാല്‍ ഒതേനനും ചന്തുവും തങ്ങളെ കൊത്തിയരിയും; ഇല്ലെങ്കില്‍ കണ്ടര്‍മേനോന്റെ വാളിനിരയാകും. എന്തു ചെയ്യുമെന്ന ഭയാശങ്ക. നായന്മാര്‍ മടിച്ചു നില്‍ക്കുന്ന തിനിടെ കണ്ടര്‍ മേനോന്‍തന്നെ മാതുകുട്ടിയെ ബലമായി പിടിച്ചു പല്ലക്കില്‍ കയറ്റി. കുതറി ഓടാനുള്ള അവളുടെ ശ്രമമൊന്നും വിജയിച്ചില്ല. നായന്മാര്‍ പല്ലക്കും ചുമന്ന് നടന്നു, തുളുനാടന്‍ കോട്ടയിലേക്ക്.
പടുകൂറ്റന്‍ കോട്ടയിലെ മാളികയില്‍ കണ്ടര്‍മേനോന്റെ മുറിക്കടുത്തുള്ള മുറിയാണു മാതുക്കുട്ടിക്കു നല്‍കിയത്. താന്‍ വൃതാനുഷ്ഠാനത്തിലാണെന്നു മാതുക്കുട്ടി പറഞ്ഞതിനാല്‍ വൃതം കഴിയുംവരെ അവളെ ശല്യപ്പെടുത്തേണ്ടെന്നു കണ്ടര്‍മേനോന്‍ തീരുമാനിച്ചു. വന്‍ പട്ടാളവ്യൂഹവും കനത്ത കാവലുമുള്ള കോട്ടയില്‍ എല്ലാ സുഖസൗകര്യങ്ങളും മാതുക്കുട്ടിക്കു നല്‍കി.
ഇതിനിടെ ക്ഷേത്രദര്‍ശനത്തിനു മാതുക്കുട്ടിക്ക് അകമ്പടി സേവിക്കാന്‍ പോയിരുന്ന പരിചാരികമാര്‍ യജമാനത്തിയെ കണ്ടര്‍മേനോന്‍ റാഞ്ചിക്കൊണ്ടുപോയ വിവരം ചന്തുവിനെ അറിയിച്ചു. ചന്തുവിന്റെ രക്തം തിളച്ചു. അങ്കത്തട്ടില്‍ തോല്‍വിയുടെ രുചിയറിഞ്ഞിട്ടില്ലാത്ത വീരപരാക്രമിയായ അമ്മാവന്‍ ഒതേനന്‍ പതിനെട്ടടവും പാറ്റിയിട്ടുപോലും പിടിച്ചെടുക്കാനാവാത്ത അതിബ്രഹത്തായ തുളുനാടന്‍ കോട്ട. താനെങ്ങനെ ഒറ്റയ്ക്ക് അതു പിടിച്ചെടുക്കും? ഭാര്യയെ തട്ടിക്കൊണ്ടുപോയവരോടു പകരംചോദിക്കാതിരിക്കുന്നത് ആണത്തമല്ല.
ഒടുവില്‍ ഒരുകൈനോക്കാന്‍തന്നെ ചന്തു തീരുമാനിച്ചു. നേരിട്ട് അങ്കത്തിനിറങ്ങുന്നത് അപകടമാണ്. ചതിയെ ജയിക്കാന്‍ തന്ത്രവും കള്ളപ്പോരും വേണം. അമ്മാവനായ ഒതേനന്റെ ഉപദേശവും അനുഗ്രഹവും നേടിയശേഷം ചന്തു തുളുനാടന്‍ കോട്ടയിലേക്കു യാത്രയായി.
അങ്കച്ചമയങ്ങള്‍ ഒരു മാറാപ്പില്‍ കെട്ടി സന്യാസിവേഷത്തിലാണ് ചന്തു കോട്ടയ്ക്കരികിലെത്തിയത്. പടുകൂറ്റന്‍ കോട്ടതന്നെ. കോട്ടയ്ക്കു മുകളില്‍ ഉണ്ട നിറച്ച പീരങ്കികള്‍. കോട്ടയ്ക്കു ചുറ്റും വലിയ കിടങ്ങ്. കിടങ്ങിലെ ജലാശയത്തില്‍ രക്തദാഹികളായ ചീങ്കണ്ണികള്‍ വായ്പിളര്‍ത്തി കിടക്കുന്നു.
കോട്ടയ്ക്കരികിലെത്തിയ സന്യാസിയെ കാവല്‍ക്കാരായ ആയുധധാരികള്‍ തടഞ്ഞു. താന്‍ സന്യാസിയാണെന്നും സന്യാസിമാര്‍ക്ക് എവിടേയും പ്രവേശനമുണ്ടെന്നും ചന്തു വാദിച്ചെങ്കിലും കാവല്‍ക്കാര്‍ അതു വകവച്ചില്ല. കോട്ടവാതില്‍ക്കല്‍ ആരോ വന്നിരിക്കുന്നുവെന്നറിഞ്ഞ് മാളികമുകളില്‍നിന്നു കണ്ടര്‍മേനോന്‍ താഴേക്കു നോക്കി. ഒരു സന്യാസി. സന്യാസിയെ അകത്തേക്കു കടത്തിവിടാന്‍ അയാള്‍ ആജ്ഞാപിച്ചു.
കോട്ടമാളികയിലെ മുറിയിലിരുന്ന് മാതുക്കുട്ടിയും സന്യാസിയെ കണ്ടു. ഒറ്റനോട്ടത്തില്‍ സന്യാസിതന്നെയെന്നു തോന്നിയെങ്കിലും കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ തന്റെ ഭര്‍ത്താവായ ചന്തുവാണതെന്ന് അവള്‍ക്കു മനസിലായി.
കോട്ടയ്ക്കകത്തു കടന്ന സന്യാസിയെ കണ്ടര്‍മേനോന്‍ സ്വീകരിച്ചു. വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് സന്യാസി വാചാലനായി സംസാരിച്ചു, ഉപദേശിച്ചു. സന്യാസിക്കു പുകവലിക്കാന്‍ കഞ്ചാവു നിറച്ച വലിയൊരു ഹുക്ക നല്‍കി. ഒരൊറ്റ പുകയെടുത്തു വിട്ടപ്പോഴേക്കും കോട്ടയാകെ പുകനിറഞ്ഞു; കഞ്ചാവിന്റെ മണവും.
എന്നിട്ടും ഒരു കിലുക്കവുമില്ലാതെ സന്യാസി ധൂമപാനം തുടര്‍ന്നു. കണ്ടര്‍മേനോന് സന്യാസിയോടു നല്ല ബഹുമാനം തോന്നി, വിശ്വാസവും.
രാത്രി അത്താഴത്തിനുശേഷം ഉറങ്ങാനുള്ള സമയമായി. പടിപ്പുരയില്‍ കിടക്കാമെന്നു കണ്ടര്‍മേനോന്‍. അതു പറ്റില്ല, മാളികയ്ക്കകത്തുതന്നെ കിടക്കണമെന്നു സന്യാസി. ഒടുവില്‍ കണ്ടര്‍മേനോന്‍ സമ്മതംമൂളി. മാളികയുടെ താഴത്തെ നിലയിലുള്ള ഒരു മുറിയില്‍ സന്യാസിക്കു ശയ്യയൊരുക്കി.
മാളികമുകളിലെ മുറിയിലേക്കു കണ്ടര്‍മേനോന്‍ ഉറങ്ങാന്‍പോയി. കട്ടിലിനരികില്‍ പതിവുപോലെ നിറതോക്കുകള്‍ വച്ചു. അല്‍പ സമയത്തിനകം മേനോന്‍ ഉറക്കമായി.
മേനോന്റെ കൂര്‍ക്കംവലി ഉയര്‍ന്നു. ഇതുതന്നെ അവസരം. തൊട്ടടുത്ത മുറിയിലെ മാതുക്കുട്ടി കണ്ടര്‍ മേനോന്റെ മുറിയിലേക്കു നുഴഞ്ഞുകയറി. ശബ്ദമുണ്ടാക്കാതെ അയാളുടെ കട്ടിലിനരികിലെ തോക്കുകളില്‍ വെള്ളമൊഴിച്ചു. വെടിമരുന്നു നനഞ്ഞു. മുറിയിലുണ്ടായിരുന്ന വാളും പരിചയും ഉറുമിയും മാറ്റിവച്ചു. മാളിക മുകളിലേക്കുള്ള കോണിയുടെ വാതില്‍ തുറന്നിട്ടു. സന്യാസി വേഷത്തില്‍ വന്ന ചന്തു ആ രാത്രി തന്നെ രക്ഷിക്കുമെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു.
പാതിരാത്രി കഴിഞ്ഞു. എല്ലാവരും ഉറക്കമായി. ചന്തുവും മാതുക്കുട്ടിയും നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നു. ചന്തു അങ്കച്ചമയങ്ങളണിഞ്ഞ് പുറത്തുകടന്നു. മുകളിലെ നിലയിലെത്തി. ആദ്യ മുറിയില്‍ കണ്ടര്‍മേനോന്‍ കൂര്‍ക്കംവലിച്ചുറങ്ങുന്നു. അടുത്ത മുറിയില്‍ ഉദ്വേഗത്തോടെ കാത്തിരിക്കുന്ന മാതു. ഇരുവരും താഴേക്കിറങ്ങി. സന്യാസിയുടെ മുറിയിലെത്തിയ അവളെ മാറാപ്പു തുണികൊണ്ടു മൂടി ഒരു ഭാണ്ഡംപോലെയാക്കി.
നേരംപുലര്‍ന്നപ്പോള്‍ കണ്ടര്‍മേനോന്‍ ഉണര്‍ന്നു. കോട്ടയില്‍ പരിചാരകരെയും നായര്‍ പടയാളികളെയും കാണാതെ അയാള്‍ അമ്പരന്നു. തൊട്ടടുത്ത മുറി തുറന്നു നോക്കിയപ്പോള്‍ മാതുവിനെയും കാണാനില്ല. മാളികയില്‍നിന്നു താഴെയിറങ്ങിയ മേനോന്‍ ശരിക്കും ഞടുങ്ങിവിറച്ചു. നായര്‍ പടയാളികളും പരിചാരകരുമെല്ലാം കോട്ടയ്ക്കകത്തു വെട്ടും കുത്തുമേറ്റു മരിച്ചു കിടക്കുന്നു. രക്തക്കളമായ കോട്ടയില്‍ നൂറുകണക്കിനു ജഡങ്ങള്‍.
ചതിച്ചതു സന്യാസിയാണെന്നു മേനോനു തോന്നി. ഊരിപ്പിടിച്ച വാളുമായി അയാള്‍ സന്യാസിയുടെ മുറിയിലേക്കു പാഞ്ഞു. ഒന്നുമറിയാത്തവനെപ്പോലെ കട്ടിലില്‍ കിടന്നുറങ്ങുകയാണ് സന്യാസി. മേനോന്‍ അലറിയടുക്കുന്നതുകണ്ട് സന്യാസി ഒഴിഞ്ഞുമാറി. താന്‍ ഒന്നുമറിഞ്ഞില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കണ്ടര്‍മേനോന്റെ ക്രോധം ശമിച്ചില്ല. പെട്ടെന്നു സന്യാസിവേഷം അഴിച്ചുമാറ്റി ചന്തു തനിനിറം കാട്ടി. ഭാണ്ഡത്തില്‍ ഒളിപ്പിച്ചിരുന്ന മാതു ചന്തുവിന്റെ നിര്‍ദേശമനുസരിച്ച് പുറത്തുവന്നു.
കണ്ടര്‍മേനോന്‍ കോപംകൊണ്ടു വിറതുള്ളി. വാളുമായി അയാള്‍ ചന്തുവിനുനേരേ ഈറ്റപ്പുലിയേപ്പോലെ ചാടി. ഞൊടിയിടകൊണ്ട് ചന്തുവും ഉറുമിയെടുത്തുവീശി. ദീര്‍ഘനേരം ഇരുവരും പതിനെട്ടടവും പയറ്റി. ഒടുവില്‍ ചന്തുവിന്റെ ഉറുമിത്തലയേറ്റ് കണ്ടര്‍മേനോന്‍ ഒമ്പതു കഷണമായി മുറിഞ്ഞുവീണു. കോട്ട പിടിച്ചടക്കിയ ചന്തു മാതുവിനെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി.