തീയും പുകയും ഉയരുന്ന സജീവമായ അഗ്നിപര്‍വ്വതത്തിനു മുകളില്‍ വലിച്ചുകെട്ടിയ വടത്തിനു മുകളിലൂടെ നടന്ന് രണ്ടു പേര്‍ ലോക റെക്കാര്‍ഡിട്ടു. അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സ്ലാക്ക്‌ലൈന്‍ നടത്തത്തിലൂടെ ലോക റിക്കാര്‍ഡിട്ടത് റാഫേല്‍ സുഗ്നോ ബ്രിഡിയും അത്ലറ്റായ അലക്സാണ്ടര്‍ ഷൂള്‍സുമാണ്. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ടന്ന ദ്വീപിലെ യാസുര്‍ അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയാണ് ഇരുവരും നടന്നത്. വാനുവാട്ടുവിലെ യസൂര്‍ പര്‍വത ഗര്‍ത്തത്തിന് 261 മീറ്റര്‍ ഉയരത്തില്‍ വലിച്ചുകെട്ടിയ സ്ലാക് ലൈനിലൂടെ 42 മീറ്റര്‍ നീളത്തിലാണ് ഇരുവരും നടന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഉയരുന്ന കനത്ത പുകയ്ക്കിടയില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇരുവരും ഹെല്‍മറ്റും ഗ്യാസ് മാസ്‌കും ധരിച്ചാണ് സ്ലാക്ക്‌ലൈന്‍ നടത്തം പൂര്‍ത്തിയാക്കിയത്. നടത്തത്തിനിടെ റാഫേല്‍ തെന്നിവീണെങ്കിലും ഒരു നിമിഷം സേഫ്റ്റി ബെല്‍റ്റില്‍ തൂങ്ങിക്കിടന്ന് വീണ്ടും സ്ലാക് ലൈനിലേക്കു കയറിയാണു നടത്തം പൂര്‍ത്തിയാക്കിയത്. അനുനിമിഷം ഉദ്വേഗജനകമായ ഈ വീഡിയോ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. അതിസാഹസികതയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.