വേനല്‍ക്കാലത്ത് ശരീരത്തിന് ചൂടു കൂട്ടുന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യകരം. ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ പാചകക്കൂട്ടിലെ സ്ഥിരം ചേരുവയാണ്. എന്നാല്‍ ഇവ ശരീരതാപനില ഉയരാന്‍ കാരണമാകുന്നതാണ്. ഇവ ഉത്പാദിപ്പിക്കുന്ന ജിഞ്ചറോളും അല്ലിസിനും മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ചൂട് കൂടുന്നതിന് കാരണമാവുന്നു. ഇഞ്ചിയും വെളുത്തുള്ളിയും ഒരുപാട് ഉപയോഗിക്കുന്നത് വയറെരിച്ചിലും നിര്‍ജ്ജലീകരണത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ചീര പോലുള്ള ഇലക്കറികള്‍ ശരീരത്തിന് ഏറെ ആരോഗ്യം നല്കുന്നവയാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. എന്നാല്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഇവ ശരീരത്തിന്റെ ചൂട് ഉയര്‍ത്താനിടയാകും. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ വിഘടിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ചൂട് ശരീരത്തിന്റെ താപനിലയും ഉയര്‍ത്തും. നിങ്ങള്‍ക്ക് അമിതമായ ചൂട് അനുഭവപ്പെടുന്ന പ്രശ്‌നമുണ്ടെങ്കില്‍ ഇലക്കറികള്‍ ഒഴിവാക്കുക. ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞ് കഴിക്കുന്നവരുണ്ട്. സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ശരീരത്തെ ഗ്യാസ്, വയറു വീര്‍ക്കല്‍ ആസിഡ് റിഫ്‌ലക്‌സ് എന്നിവയിലേക്ക് നയിച്ചേക്കാം. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. എന്നാല്‍ ഇവ ദഹിക്കാന്‍ കൂടുതല്‍ വെള്ളം ആവശ്യമാണ്. ഇത് ശരീരത്തിലെ ജലത്തിന്റെ അംശത്തെ കുറക്കുന്നു. ചുവന്ന മുളക്, കാപ്‌സിക്കം എന്നീ മുളക് ഇനങ്ങള്‍ ശരീരത്തിന്റെ ചൂട് ഉയര്‍ത്തുന്നവയാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന മുളക് ശരീരത്തിന്റെ താപനിലയും വര്‍ധിപ്പിക്കും.
