നഖത്തിനടിയില്‍ 32 വ്യത്യസ്ത തരം ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നതായി പഠനം. പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ളവയാണ് ഈ അണുക്കളെന്നതിനാല്‍ നഖത്തിന്റെ ശുചിത്വം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. നഖങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വെട്ടി സൂക്ഷിക്കേണ്ടതാണ്. നേര്‍നേഖയില്‍ വെട്ടിയ ശേഷം വശങ്ങള്‍ ഉരച്ച് ഉരുട്ടിയെടുക്കേണ്ടതാണ്. ചര്‍മ്മവുമായി ചേര്‍ത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകള്‍ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം. ഇത് അണുബാധകള്‍ക്ക് കാരണമാകാം. നഖം പൊട്ടിപ്പോകാതിരിക്കാന്‍ ഒരേ ദിശയില്‍ വെട്ടേണ്ടതാണ്. ദീര്‍ഘനേരം വെള്ളവുമായി സമ്പര്‍ക്കത്തിലിരിക്കുന്നത് നഖങ്ങളെ ദുര്‍ബലപ്പെടുത്തും. കഴുകിയ ശേഷം നഖങ്ങള്‍ ഉണക്കാനും മറക്കരുത്. വീട്ടിലെ പാത്രം കഴുകുന്നത് പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗ്ലൗസുകള്‍ ഉപയോഗിക്കുന്നത് അപകടകരമായ രാസവസ്തുക്കള്‍ നഖത്തിന് ദോഷമുണ്ടാക്കാതെ തടയും. നഖത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത് അവ വിണ്ടുകീറാതിരിക്കാന്‍ സഹായിക്കും. നെയില്‍ പോളിഷ് ഉപയോഗിക്കുന്നവര്‍ രാസവസ്തുക്കള്‍ കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളവയുമായ ഉത്പന്നങ്ങള്‍ മാത്രം ഇതിനായി ഉപയോഗിക്കുക. നെയില്‍ പോളിഷ് നീക്കം ചെയ്യാനായി അസെറ്റോണ്‍ രഹിത റിമൂവറുകളും തിരഞ്ഞെടുക്കേണ്ടതാണ്. പുറമേയ്ക്ക് മാത്രമല്ല നിങ്ങളുടെ പോഷണവും നഖത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രധാനമാണ്. വൈറ്റമിന്‍ എ, സി, ഡി, ഇ എന്നിവയും അയണ്‍, സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീനുകള്‍, നട്സ് എന്നിവ ചേര്‍ന്ന ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ബയോട്ടിന്‍ സപ്ലിമെന്റുകളും നഖത്തിന്റെ ആരോഗ്യത്തിന് കഴിക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നഖത്തില്‍ ഈര്‍പ്പം നിലനിര്‍ത്തും. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രമിക്കേണ്ടതാണ്. നിറം മാറ്റം, നഖത്തിന്റെ കനത്തിലോ ആകൃതിയിലോ ഉള്ള മാറ്റങ്ങള്‍ എന്നിവയെല്ലാം നഖത്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന സൂചന നല്‍കുന്നു. ലക്ഷണങ്ങള്‍ തുടരുന്ന പക്ഷം വൈദ്യസഹായം തേടേണ്ടതാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan