aw

ജയസൂര്യ ചിത്രം ‘ഈശോ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്‌പെന്‍സും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയെ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ചിത്രത്തില്‍ കാണാനാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ഈശോയുടെ റിലീസ് ഒടിടിയില്‍ ആയിരിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ‘ക്ലീന്‍’ യു സര്‍ട്ടിഫിക്ക് ലഭിച്ചിരിക്കുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്‌ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘വാത്തി’യില്‍ ധനുഷിന്റെ ഒരു ഹെവി ഡാന്‍സുണ്ടായിരിക്കുമെന്നാണ് ജി വി പ്രകാശ്കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‌ലൂരി തന്നെയാണ്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ദ്ധിച്ചു. ഇന്നലെ 80 രൂപയായിരുന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4595 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3790 രൂപയാണ്.

സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്സിസ് ബാങ്ക് അതിന്റെ സ്ഥിരനിക്ഷേപ നിരക്കുകള്‍ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. 2 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകള്‍ ആണ് വര്‍ദ്ധിപ്പിച്ചത്. 2.75 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശയാണ് ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള കാലയളവില്‍ ആക്‌സിസ് ബാങ്കില്‍ ഒരു നിക്ഷേപകന് എഫ് ഡി തെരഞ്ഞെടുക്കാം. 2 കോടി മുതല്‍ 100 കോടി രൂപ വരെയുള്ള ബള്‍ക്ക് എഫ്ഡികള്‍ക്കും നിരക്കുകള്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്. 2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക്, 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇപ്പോള്‍ 2.75% മുതല്‍ 6.50% വരെ പലിശ നിരക്ക് ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 6.50% പലിശ നിരക്ക് ലഭിക്കും.

ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്‌യുവി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമായ ഡിഫന്‍ഡര്‍ എച്ച്എസ്ഇ ആണ് ആസിഫ് അലി സ്വന്തമാക്കിയത് എന്നും കൊച്ചിയിലെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഷോറൂമില്‍ നിന്നാണ് വാഹനം വാങ്ങിയത്. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഡിഫന്‍ഡര്‍ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്‌യുവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡിലെത്തും. 191 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയര്‍ന്ന വേഗം.

വ്യത്യസ്തമായ, വന്യമായ വഴികളിലൂടെയാണ് കഥാകാരന്‍ കഥയ്ക്കുള്ളിലൂടെ കടന്നുകയറുന്നത്. മനസ്സിന്റെ ഇരുട്ടറകള്‍ തേടിയുള്ള യാത്രകളാണ് ഇക്കഥകളിലധികവും. ചില്ലറ നാണയത്തുട്ടുകള്‍, ആള്‍ക്കൂട്ടം, ജീവിതത്തിന്റെ ഇടവഴി, കുറ്റസമ്മതം, പാട്ടിയുടെ കണ്ണ് തുടങ്ങിയ കഥകളിലൂടെ, അവരുടെ കണ്ണുനീര്‍ വീണ പാതകളില്‍ ഏകനായി നിന്നുകൊണ്ട് വെളിച്ചം എവിടെയാണ് എന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയാണ് വര്‍ത്തമാനകാലത്തിന്റെ എല്ലാ അസ്വസ്ഥതകളേയും ഏറ്റെടുക്കുന്ന ഈ ചെറുകഥാകൃത്ത്. ‘മനസ്സില്‍ അണയാതെ കത്തുന്ന ഒരു തീയുണ്ട്’. കെ.വി സിറാജ്. ഗ്രീന്‍ ബുക്‌സ്. വില 114 രൂപ.

വൈറ്റമിന്‍ ബിയുടെ അഭാവം രക്തധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കാനും കാരണമാകുമെന്ന് പഠനം. വൈറ്റമിന്‍ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തില്‍ കുറയുന്നത് അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിന്‍ ഫാര്‍മക്കോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. രക്തധമനികളുടെ ഭിത്തിയില്‍ കൊഴുപ്പും കൊളസ്‌ട്രോളും കെട്ടിക്കിടന്ന് രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്ലീറോസിസ്, ഹൃദ്രോഗപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിവര്‍ഷം 18 ദശലക്ഷം പേരെങ്കിലും മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ ഭൂരിപക്ഷവും അതെറോസ്‌ക്ലീറോസിസ് മൂലമാണ് സംഭവിക്കുന്നത്. ഇതിന്റെ ആരംഭം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, ടൈപ്പ് 1 പ്രമേഹം, അമിതവണ്ണം, ശാരീരികമായ നിശ്ചലാവസ്ഥ, അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം എന്നിവയെല്ലാം അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിനെ വിഘടിപ്പിക്കുന്നതില്‍ വൈറ്റമിന്‍ ബി12, ബി6, ഫോളിക് ആസിഡ് തുടങ്ങിയ പോഷണങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഈ അമിനോ ആസിഡിന്റെ തോതുയരുന്നത് രക്തധമനികളുടെ ഭിത്തികളെ നശിപ്പിക്കുകയും അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുകയും ചെയ്യും. ഇത് മൂലമാണ് വൈറ്റമിന്‍ ബി12 അഭാവം ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും രക്തത്തിലെ ക്ലോട്ടുകളുടെയും സാധ്യത വര്‍ധിപ്പിക്കുന്നത്. ചര്‍മത്തിലെ ഇളംമഞ്ഞനിറം, നാവില്‍ ചുവന്ന നിറവും മുറിവും, വായില്‍ അള്‍സറുകള്‍, ദേഹത്ത് സൂചി കുത്തുന്ന തോന്നല്‍, മങ്ങിയ കാഴ്ച, മൂഡ് മാറ്റങ്ങള്‍, ഉത്കണ്ഠ, വിഷാദം, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍, തലവേദന, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം വൈറ്റമിന്‍ ബി 12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.71, പൗണ്ട് – 91.16, യൂറോ – 79.75, സ്വിസ് ഫ്രാങ്ക് – 82.55, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.41, ബഹറിന്‍ ദിനാര്‍ – 211.51, കുവൈത്ത് ദിനാര്‍ -258.04, ഒമാനി റിയാല്‍ – 207.08, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.89, കനേഡിയന്‍ ഡോളര്‍ – 60.01.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *