രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്തെത്തി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. മനോജ് മുന്താഷിര്‍ ആണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സരയൂനദിയുടെ തീരത്തുവച്ചായിരുന്നു അണിയറക്കാര്‍ പങ്കെടുത്ത ടീസര്‍ ലോഞ്ച് ചടങ്ങ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. 500 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീനാഥ് ഭാസി നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് നമുക്ക് കോടതിയില്‍ കാണാം. സഞ്ജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പാക്കപ്പ് സെപ്റ്റംബര്‍ 25 ന് ആയിരുന്നു. ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. ലാലു അലക്‌സ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം സഞ്ജിത്ത് ചന്ദ്രസേനന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തിലും ശ്രീനാഥ് ഭാസിയാണ് നായകന്‍.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 30 രൂപയാണ് ഉയര്‍ന്നത് നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3875 രൂപയാണ്.
യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകള്‍ സെപ്തംബറില്‍ 11 ലക്ഷം കോടി രൂപ കവിഞ്ഞെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) റിപ്പോര്‍ട്ട് വ്യക്തമാക്കി. ആഗസ്റ്റിലെ 10.73 ലക്ഷം കോടി രൂപയില്‍ നിന്ന് 11.16 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധന. യു.പി.ഐ ഇടപാടുകളുടെ എണ്ണം ആഗസ്റ്റിലെ 657.9 കോടിയില്‍ നിന്ന് കഴിഞ്ഞമാസം മൂന്നു ശതമാനം ഉയര്‍ന്ന് 678 കോടിയിലെത്തി. ജൂലായില്‍ യു.പി.ഐ ഇടപാടുകള്‍ 628 കോടിയും മൂല്യം 10.28 ലക്ഷം കോടി രൂപയുമായിരുന്നു.
ഉത്സവകാല വിപണി ഉന്നമിട്ട് ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം ശ്രേണി മോട്ടോര്‍സൈക്കിളായ ഹീറോ എക്സ്ട്രീമിന്റെ 160 ആര്‍ സ്റ്റെല്‍ത്ത് 2.0 പതിപ്പ് വിപണിയിലെത്തി. മികച്ച രൂപകല്പന, കണക്ടിവിറ്റി, നൂതന ഫീച്ചറുകള്‍ എന്നിങ്ങനെ മികവുകളുണ്ട്. സ്മാര്‍ട്ട് തലമുറ റൈഡര്‍മാര്‍ക്കും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യമാണ് പുത്തന്‍ മോഡല്‍. എക്സ്‌ഷോറൂം വില 1.29 ലക്ഷം രൂപ (ന്യൂഡല്‍ഹി).
നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം ഈ കൃതി വരച്ചിടുന്നു. ‘യെല്ലൂരം’. വി.ആര്‍. സന്തോഷ്. മാതൃഭൂമി ബുക്‌സ്. വില 161 രൂപ.
ഏത് പ്രായക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് നടുവേദന. ശരിയായ പൊസിഷനില്‍ ഇരിക്കാത്തതുകൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ടോ ആവാം പൊതുവെ നടുവേദന വരുന്നത്. ശരീരത്തിനാവശ്യമായ വിശ്രമം ലഭിക്കുമ്പോള്‍ അല്ലെങ്കില്‍ ചൂട് വെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതിലൂടെ ഈ വേദന കുറയുന്നു. അതുകൊണ്ടുതന്നെ പലരും നടുവേദനയെ നിസാരമായി കാണുകയാണ്. എന്നാല്‍ ഇത് അത്ര നിസാരമായ പ്രശ്‌നമല്ല. നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഈ നിസാര വേദന ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം. അതിനാല്‍ ഇടയ്ക്കിടെ നടുവേദന വരുമ്പോള്‍ സ്വയം ചികിത്സിക്കാന്‍ നില്‍ക്കരുത്. നടുവേദന പ്രാഥമിക ലക്ഷണമായി കാണുന്ന കാന്‍സറുകള്‍ ഏതൊക്കെയെന്ന് നോക്കാം. ഇടയ്ക്കിടെ ഉണ്ടാകുന്ന അസഹനീയമായ നടുവേദന ചിലപ്പോള്‍ മൂത്രാശയ കാന്‍സറിന്റെ ലക്ഷണമാകാം. ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം നടുവേദനയും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടുക. സുഷുമ്‌നയിലെ കാന്‍സറും നടുവേദനയ്ക്ക് കാരണമാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാന്‍ സാദ്ധ്യതകുറവായ ഈ രോഗം അപൂര്‍വമായാണ് ഉണ്ടാകുന്നത്. സുഷുമ്‌നയില്‍ കാന്‍സര്‍ വരുന്നതിന്റെ ആദ്യ ലക്ഷണമാണ് നടുവേദന. കാലക്രമേണ ഈ വേദന തീവ്രമാവുകയും ഇടുപ്പ്, കാലുകള്‍ എന്നിവിടങ്ങളിലേയ്ക്ക് വേദന വ്യാപിക്കുകയും ചെയ്യാം. ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാണ് നടുവേദന. ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം നടുവേദനയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.78, പൗണ്ട് – 91.51, യൂറോ – 80.26, സ്വിസ് ഫ്രാങ്ക് – 82.86, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.73, ബഹറിന്‍ ദിനാര്‍ – 216.77, കുവൈത്ത് ദിനാര്‍ -263.03, ഒമാനി റിയാല്‍ – 212.44, സൗദി റിയാല്‍ – 21.77, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 59.48.